ന്യൂഡൽഹി: പ്രവാചക നിന്ദ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (ഒഐസി)യുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. രാജ്യത്ത് മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷ പ്രചാരണവും വിവേചനവും നടക്കുന്നതായും അതിന്റെ ബാക്കിപത്രമാണ് ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയെന്നുമുള്ള തരത്തിൽ ഒഐസി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ പരത്താനാണെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. ഒഐസി സെക്രട്ടേറിയറ്റിന്റെ വിഭജന അജൻഡ ഇതിലൂടെ തുറന്നു കാട്ടപ്പെടുന്നതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഒഐസി സെക്രട്ടേറിയറ്റിന്റെ അനുചിതവും സങ്കുചിത ചിന്താഗതിയോടെയുമുള്ള പ്രസ്താവന ഇന്ത്യ തള്ളിക്കളയുന്നു. ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. വർഗീയ സമീപനത്തോടെയുള്ള നീക്കം അവസാനിപ്പിക്കണം. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കണമെന്നും ഒഐസിയോട് ആവശ്യപ്പെടുന്നതായും ഇന്ത്യ വ്യക്തമാക്കി.

ചില വ്യക്തികൾ നടത്തിയ കുറ്റകരമായ പ്രസ്താവനകൾ ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ കാഴ്ചപ്പാടിനെ പ്രതിനിധീകരിക്കുന്നതല്ല. ബന്ധപ്പെട്ട സംഘടന അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. - വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.



ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അവിടെയുള്ള സ്ഥാനപതിമാരുമായി സംസാരിക്കുകയും ഇക്കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്ന് അവർ വ്യക്തമാക്കുകയും ചെയ്തതാണ്. ഇത് ഇന്ത്യ പറഞ്ഞ കാര്യമല്ലെന്നും ഒരു രാഷ്ട്രീയ പാർട്ടി നേതാവ് പറഞ്ഞ കാര്യമാണെന്നും അതിന് ആ പാർട്ടി നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയിലെ മുസ്ലിം സമൂഹത്തിന്റെ മതപരവും സാംസ്‌കാരികവുമായ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായും ഇന്ത്യയിലെ മുസ്ലിം സമൂഹം നേരിടുന്ന അതിക്രമങ്ങൾക്കെതിരെ ഐക്യരാഷ്ട്ര സംഘടന കർശന നടപടി കൈക്കൊള്ളണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു. മുസ്ലിം സമൂഹത്തിന്റെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണമെന്നും മതപരവും സാംസ്‌കാരികവുമായ അവകാശങ്ങളും വ്യക്തിത്വം, അന്തസ്, ആരാധനാലയങ്ങൾ എന്നിവ സംരക്ഷിക്കാനും ഇന്ത്യൻ ഭരണാധികാരികൾ തയാറാകണമെന്നും ഒഐസി ആവശ്യപ്പെട്ടിരുന്നു.

ടിവി ചാനൽ ചർച്ചയ്ക്കിടെ ബിജെപി വക്താവ് പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ചു യുപിയിലെ കാൻപുരിലുണ്ടായ സംഘർഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളർന്നതോടെ പ്രശ്നപരിഹാരത്തിനു കേന്ദ്ര സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ടുവന്നിരുന്നു.

വിവാദ പരാമർശം നടത്തിയ വക്താവ് നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. പരാമർശം നടത്തിയവർക്കെതിരെയുള്ള അച്ചടക്കനടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്നാണ് ഖത്തർ ആവശ്യപ്പെട്ടത്.

ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാകുമെന്ന തരത്തിൽ കാര്യങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ സെക്രട്ടേറിയറ്റിന് എതിരെ ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയുടെ ഭാഗത്ത് നിന്നല്ല മറിച്ച് ഒരു രാഷ്ട്രീയ പാർട്ടി നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവനയാണെന്നും അതിൽ ആ പാർട്ടി നടപടിയെടുത്തു എന്നുമുള്ള ഇന്ത്യയുടെ വിശദീകരണം ഗൾഫ് രാജ്യങ്ങൾക്ക് സ്വീകാര്യമായിരുന്നു. എന്നാൽ ഇതിന് ശേഷം അത് ഒരു കൂട്ടായ്മയുടെ ചർച്ചയായി മാറിയപ്പോഴാണ് ഇന്ത്യ വിമർശനവുമായി രംഗത്ത് വന്നത്.

എന്നാൽ രാജ്യത്തെ ലക്ഷക്കണക്കിന് പൗരന്മാർ ഗൾഫിൽ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ഇന്ത്യയുടെ കയറ്റുമതിയിൽ നല്ലൊരു പങ്കും ഗൾഫ് മേഖലയിലേക്കാണ്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായിട്ട് പരസ്യമായ ഒരു വാക്കേറ്റത്തിനോ തർക്കത്തിനോ ഇന്ത്യ തയ്യാറെടുക്കില്ല. അനുയോജ്യമായ നിലപാട് മാത്രമായരിക്കും ഇന്ത്യ ഈ വിഷയത്തിൽ സ്വീകരിക്കുക. എന്നാൽ ഒഐസി രാജ്യങ്ങൾ മുന്നോട്ട് വെച്ച ചില പ്രസ്താവനകൾക്ക് മാത്രമാണ് ഇന്ത്യ മറുപടി നൽകിയത്.

അതേ സമയം നൂപുർ ശർമയുടെ പരാമർശം രാജ്യാന്തര രംഗത്തുണ്ടാക്കിയ തിരിച്ചടി മറികടക്കാൻ തിരക്കിട്ട നീക്കം തുടരുകയാണ്. അറബ് മേഖലയിലെ സുഹൃദ് രാജ്യങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന ഇക്കാര്യത്തിൽ നടത്തിയ അഭിപ്രായപ്രകടനം ചിലരുടെ പ്രേരണ കൊണ്ടെന്ന് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.

നുപുർ ശർമ്മ, നവീൻ കുമാർ ജിൻഡാൽ എന്നീ ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയിൽ ഖത്തർ, കുവൈറ്റ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ അംബാസഡർമാരെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചത്. ഇന്ന് പാക്കിസ്ഥാനും ഇക്കാര്യത്തിൽ പ്രതിഷേധം അറിയിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി.

യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെട്ട ഗൾഫ് സഹകരണ കൗൺസിലും പ്രസ്താവന പുറത്തിറക്കി. മാലിദ്വീപിൽ പ്രതിപക്ഷം ഇന്ത്യയ്‌ക്കെതിരെ പാർലമെന്റിൽ പ്രമേയം കൊണ്ടു വന്നു. 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ തുടരുന്ന നീക്കങ്ങളുടെ തുടർച്ചയാണ് പ്രസ്താവനയെന്ന് കുറപ്പെടുത്തി.

ഒഐസിയുടെ നിലപാട് തള്ളിയ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്ക് എല്ലാ മതങ്ങളോടും ഒരു പോലെ ബഹുമാനമാണെന്ന് വ്യക്തമാക്കി. രണ്ടു വ്യക്തികളുടെ നിലപാട് ഇന്ത്യയുടെ നിലപാടല്ല. ഇവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലരുടെ പ്രേരണ കൊണ്ടാണ് ഒഐസി പ്രസ്താവനയെന്നു വിദേശകാര്യമന്ത്രാലയം പറയുന്നു.

പാക്കിസ്ഥാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ പ്രേരണയിലാണ് ഒഐസിയുടെ ഇന്ത്യാവിരുദ്ധ നിലപാടെന്നാണ് വിദേശകാര്യമന്ത്രാലയം കരുതുന്നത്. അമേരിക്ക കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎഇ പോലുള്ള രാജ്യങ്ങൾ. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇവർ നിരോധിച്ചാൽ അത് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ സുഹൃദ് രാജ്യങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വിദേശകാര്യന്ത്രാലയം നയതന്ത്രപ്രതിനിധികൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.