- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ സ്ട്രിപ്പുകളിലും പറന്നിറങ്ങാം; പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ; വ്യോമസേനയ്ക്ക് കൂടുതൽ കരുത്തേകാൻ ഇനി സി 295 എംഡബ്ല്യു വിമാനം; 56 വിമാനങ്ങൾക്കായി 22,000 കോടിയുടെ കരാർ ഒപ്പിട്ട് പ്രതിരോധ മന്ത്രാലയം; 40 വിമാനങ്ങൾ നിർമ്മിക്കുക ഇന്ത്യയിൽ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി 20,000 കോടി രൂപയോളം ചെലവിട്ട് സ്‌പെയിൻ എയർബസ് ഡിഫെൻസ് ആൻഡ് സ്‌പേസിൽനിന്ന് 56 വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യ. ഇതിനായി പ്രതിരോധ മന്ത്രാലയം കരാറൊപ്പിട്ടു. ഇന്ത്യൻ വ്യോമസേനയുടെ അവ്‌രോ 748 വിമാനങ്ങൾക്കു പകരമായി 56 സി 295 എംഡബ്ല്യു വിമാനങ്ങളാണ് ഇന്ത്യ സ്വന്തമാക്കുക. കരാർ പ്രകാരം 48 മാസത്തിനുള്ളിൽ 16 വിമാനങ്ങളാണ് ഇന്ത്യയ്ക്കു ലഭിക്കുക.
ഇന്ത്യൻ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവെപ്പായിരിക്കും സി 295 എംഡബ്ല്യു വിമാനങ്ങളുടെ വരവ്. ആധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന 5-10 ടൺ ശേഷിയുള്ള ഗതാഗത വിമാനമാണിത്. ഇന്ത്യൻ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന അവ്‌രോ ഗതാഗത വിമാനത്തിന് പകരമായാണ് ഇത് സേനയുടെ ഭാഗമാകുന്നത്.
A contract for acquisition of 56 C-295 MW transport ac for #IAF was signed today between the Ministry of Defence (MoD) & M/s Airbus Defence and Space, Spain. Induction of the aircraft will be another step towards modernisation of the tpt fleet of IAF. pic.twitter.com/uThF3bAI43
- Indian Air Force (@IAF_MCC) September 24, 2021
പൂർണ്ണ സജ്ജമായ റൺവേ ആവശ്യമില്ലാത്ത എയർ സ്ട്രിപ്പുകളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങൾക്കും പ്രയോജനപ്രദമാണ്. പാരാ ഡ്രോപ്പിംഗിനായി പിൻഭാഗത്ത് റാമ്പ് ഡോർ ഇതിലുണ്ട്. വ്യോമസേനയുടെ,പ്രത്യേകിച്ച് വടക്ക്, വടക്കുകിഴക്കൻ മേഖലയിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും തന്ത്രപരമായ എയർലിഫ്റ്റ് ശേഷി വർദ്ധിക്കാൻ ഈ വിമാനം പ്രയോജനപ്രദമാണ്.
സ്വകാര്യ കമ്പനി കൈമാറുന്ന സാങ്കേതിക വിദ്യ പ്രകാരം ഇന്ത്യയിൽ വിമാനങ്ങൾ നിർമ്മിക്കുകയും ചെയ്യും. 40 വിമാനങ്ങളാണ് അടുത്ത പത്ത് വർഷത്തിൽ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കുക. കരാറിന് സെപ്റ്റംബർ ആദ്യവാരം കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 1960 കളിലാണു ഇന്ത്യൻ വ്യോമസേന 56 അവ്‌രോ വിമാനങ്ങൾ സ്വന്തമാക്കിയത്. 2013 മേയിലാണു പുതിയ വിമാനങ്ങൾക്കായി കേന്ദ്രം നീക്കം നടത്തിയത്.
എയർബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് 2015 മേയിൽ ഡിഫെൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. എന്നാൽ അന്തിമ കരാർ പിന്നെയും വൈകുകയായിരുന്നു. അഞ്ച് മുതൽ 10 ടൺ ഭാരം ഭാരം വഹിക്കാൻ ശേഷിയുള്ള സി 295 എംഡബ്ല്യു വിമാനങ്ങളിൽനിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. എയർബസ് ഡിഫൻസിനെയും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയും പ്രതിരോധ മന്ത്രാലയത്തിനെയും ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻ ടാറ്റ അഭിനന്ദിച്ചു. ഇന്ത്യയിൽ വ്യോമയാന മേഖലയിലെ പദ്ധതികൾക്കു വാതിൽതുറക്കുന്നതാകും നീക്കമെന്നും രത്തൻ ടാറ്റ ട്വിറ്ററിൽ കുറിച്ചു.
Congratulations to Airbus Defence, Tata Advanced Systems Limited and the Indian Defence Ministry ???? @tataadvanced @indiandefence @AirbusDefence @TataCompanies pic.twitter.com/3pNvA4slMR
- Ratan N. Tata (@RNTata2000) September 24, 2021
56ൽ നാൽപ്പത് വിമാനങ്ങൾ ടാറ്റ കൺസോർഷ്യം ഇന്ത്യയിൽ നിർമ്മിക്കും. കരാർ ഒപ്പിട്ട് പത്ത് വർഷത്തിനുള്ളിൽ എല്ലാ വിമാനങ്ങളും കൈമാറും. 56 വിമാനങ്ങളിലും തദ്ദേശീയ ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട് സ്ഥാപിക്കും. ഡെലിവറി പൂർത്തിയായ ശേഷം, ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കഴിയും. ഈ പദ്ധതി രാജ്യത്തെ വ്യോമഗതാഗതത്തിന് ഊർജം പകരും. രാജ്യത്തെ ഒട്ടേറെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വിമാനഭാഗങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെടും. ഹാംഗറുകൾ, കെട്ടിടങ്ങൾ, ഏപ്രണുകൾ, ടാക്സി വേ എന്നീ അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിൽ ഉൾപ്പെടും.
സ്പെയ്നിൽ നിർമ്മിക്കുന്ന വിമാനങ്ങളുടെ നിർമ്മാണം 48 മാസങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് എയർ ബസ് കണക്കുകൂട്ടുന്നത്. അതിനുശേഷം ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്ന് എയർ ബസ് 10 വർഷത്തിനുള്ളിൽ 40 വിമാനങ്ങളുടെ നിർമ്മാണം പൂർത്തിയാക്കും. ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയിൽ സേനാ വിമാനങ്ങൾ നിർമ്മിക്കുന്നത്.
ന്യൂസ് ഡെസ്ക്