തിരുവനന്തപുരം: യുവാക്കളുടെ തൊഴിൽശേഷിയും നൈപുണ്യവും മൽസരാടിസ്ഥാന  ത്തിലുള്ള നിലവാരവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ നടക്കുന്ന വേൾഡ് സ്‌കിൽ ഇന്റർനാഷണലിനു മുന്നോടിയായി തൊഴിലും നൈപുണ്യവും വകുപ്പിന്റെ നേതൃത്വത്തിൽ 'ഇന്ത്യ സ്‌കിൽസ് കേരള 2018' നടത്തുന്നു. കേരള സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാഡമി ഫോർ എക്‌സലൻസും (KASE) സംയുക്തമായാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിലായി സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ മൽസരങ്ങൾ സംഘടിപ്പിക്കുന്നത്.

കാർപെന്ററി, പെയിന്റിങ് ആൻഡ് ഡെക്കറേഷൻ, പ്ലംബിങ് ആൻഡ് ഹീറ്റിങ്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, വാൾ ആൻഡ് ഫ്‌ളോർ ടൈലിങ്, ഫാഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എഞ്ചിനീയറിങ് കാഡ്, ഷീറ്റ് മെറ്റൽ ടെക്‌നോളജി, വെൽഡിങ്, സി.എൻ.സി മില്ലിങ്, സി.എൻ.സി ടർണിങ്, ബേക്കറി, റസ്റ്റോറന്റ് ആൻഡ് സർവ്വീസ്, ഓട്ടോമൊബൈൽ ടെക്‌നോളജി, ഫ്‌ളോറിസ്ട്രി, ഗ്രാഫിക് ഡിസൈൻ ടെക്‌നോളജി, ത്രീഡി ഡിജിറ്റൽ ഗെയിം ആർട്ട്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റ്, മൊബൈൽ റോബോട്ടിക്‌സ് എന്നീ സ്‌കിൽ സെക്ടറുകളിലാണ് മത്സരങ്ങൾ നടത്തുന്നത്. ഏതെങ്കിലും ടെക്‌നിക്കൽ യോഗ്യതയുള്ളവർക്കും ഐ.ടി.ഐ, പോളിടെക്‌നിക്ക്, വി.എച്ച്.എസ്.ഇ, എഞ്ചിനീയറിങ്, ടി.എച്ച്.എസ് തുടങ്ങിയവയോ സമാനമായ മറ്റുകോഴ്‌സുുകളോ പഠിച്ചവർക്കും ഈ മേഖലകളിൽ സ്വയം നൈപുണ്യം സ്വായത്തമാക്കിയവർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.

നൈപുണ്യ വികസനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലും വിദ്യാർത്ഥികളിലും എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. വേൾഡ് സ്‌കിൽസ് മത്സരത്തിന്റെ അതേ മാനദണ്ഡപ്രകാരം നടത്തുന്ന ഇന്ത്യാ സ്‌കിൽസ് കേരള 2018-ലെ വിജയികൾക്ക് 2018 ജൂലൈയിൽ നടത്തുന്ന അഖിലേന്ത്യാ സ്‌കിൽസ് കോംമ്പറ്റീഷനിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നതാണ്. അഖിലേന്ത്യാ സ്‌കിൽ കോംമ്പറ്റീഷനിലെ വിജയികളാണ് 2019-ൽ റഷ്യയിൽ നടക്കുന്ന വേൾഡ് സ്‌കിൽ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

1997 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ച ഏതൊരു ഇന്ത്യൻ പൗരനും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജില്ലാ, സോണൽ, സംസ്ഥാന തലങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തിൽ ഒന്നാമത് എത്തുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും രണ്ടാം സ്ഥാനക്കാർക്ക് 50,000/- രൂപ വീതവും നൽകും. സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്ന മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനമായി 10,000/- രൂപ വീതവും നൽകുന്നതാണ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.indiaskillskerala.com എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. അവസാന തീയതി 25.02.2018.