- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുലിനും ഇന്ത്യക്കും ഇന്ന് നിർണ്ണായകം; ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനം ഇന്ന്; തലവേദനയാകുന്നത് ക്യാപ്റ്റൻസിയിലെ പിഴവുകളും മധ്യനിരയുടെ ഫോമില്ലായ്മയും

പാൾ: ഇന്ത്യക്ക് പരമ്പരയിൽ നിലനിൽക്കണമെങ്കിൽ, ദീർഘകാല ക്യാപ്റ്റൻസി എന്ന കെ.എൽ. രാഹുലിന്റെ ലക്ഷ്യം സാർഥകമാകണമെങ്കിൽ ഇക്കളി ജയിച്ചേതീരൂ. ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാൾ സ്റ്റേഡിയത്തിൽ.
ആദ്യ ഏകദിനം 31 റൺസിന് ജയിച്ച ദക്ഷിണാഫ്രിക്ക മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലാണ്. വിരാട് കോലിക്ക് പരിക്കേറ്റതിനാൽ ഒരു ടെസ്റ്റിലും രോഹിത് ശർമയ്ക്ക് പരിക്കേറ്റതിനാൽ ഏകദിനത്തിലും ഇന്ത്യയെ നയിച്ച രാഹുൽ നിരാശപ്പെടുത്തി. രാഹുലിന്റെ ക്യാപ്റ്റൻസിക്കെതിരേ വിമർശനവുമായി മുൻതാരങ്ങളടക്കം രംഗത്തുണ്ട്.
മധ്യനിരയുടെ പരാജയം എങ്ങനെ മറികടക്കുമെന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. ഓപ്പണർ ശിഖർ ധവാനും വൺഡൗണായെത്തിയ വിരാട് കോലിയും ആദ്യ ഏകദിനത്തിൽ വിജയത്തിന് അടിത്തറയിട്ടതാണ്. എന്നാൽ, യുവതാരങ്ങൾ നിറഞ്ഞ മധ്യനിര അവിശ്വസനീയമായി തകർന്നു.
ആറാം ബൗളറായി ഉപയോഗിക്കുന്നില്ലെങ്കിൽ വെങ്കടേഷ് അയ്യരെ എന്തിന് ഉൾപ്പെടുത്തി എന്ന ചോദ്യമുയരുന്നു. യുസ്വേന്ദ്ര ചാഹലിനും ശാർദൂൽ ഠാക്കൂറിനും നല്ല അടി കിട്ടിയിട്ടും അയ്യരെ പരീക്ഷിക്കാൻ രാഹുൽ മുതിർന്നില്ല.
ആറാം നമ്പറിൽ സ്പെഷലിസ്റ്റ് ബാറ്ററായി അയ്യർക്ക് പകരം സൂര്യകുമാർ യാദവിന് അവസരം നൽകണമായിരുന്നു എന്ന അഭിപ്രായമുണ്ട്. ഋഷഭ് പന്തും ശ്രേയസ് അയ്യരും പതറിപ്പോയതാണ് ഇന്ത്യക്ക് കടുത്ത നിരാശനൽകിയത്. ശാർദൂൽ ഠാക്കൂർ വേഗത്തിൽ ഫിഫ്റ്റി നേടിയെങ്കിലും അതിന് എത്രയോമുമ്പേ ഇന്ത്യ കളി കൈവിട്ടിരുന്നു. ജയം മുന്നിലില്ലാത്തപ്പോൾ ശാർദൂൽ സമ്മർദങ്ങളില്ലാതെ കളിച്ചു എന്നുമാത്രം.


