ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശ് സന്ദർശനത്തെ വിമർശിച്ച് ചൈന. ലഡാക്കിൽ ഇന്ത്യൻ സൈന്യവും ചൈനയും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നതിനിടെ വെങ്കയ്യ നായിഡുവിന്റെ അരുണാചൽ സന്ദർശനം ശരിയായില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ.

കഴിഞ്ഞ ആഴ്‌ച്ച വെങ്കയ്യനായിഡു അരുണാചൽ പ്രദേശിൽ സന്ദർശനം നടത്തിയതിനെയാണ് ചൈന വിമർശിച്ചത്. വിഷയത്തിൽ ശക്തമായി ഇന്ത്യ പ്രതികരിച്ചു. അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

അതിർത്തി പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ പറഞ്ഞത്. അരുണാചൽ പ്രദേശിലുള്ള ഇന്ത്യയുടെ അവകാശവാദം ഒരിക്കലും അംഗീകരിക്കാനാകില്ല. ഇത് നിയമവിരുദ്ധമാണ്. ചൈനയുടെ ഭാഗമായ ഷാൻഹ്നാൻ പ്രദേശമാണെന്നും അദ്ദേഹം പറഞ്ഞു.



ചൈനയുടെ അവകാശവാദത്തെ ഇന്ത്യ ശക്തമായി എതിർത്തു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ ഇവിടെയും നേതാക്കൾ സന്ദർശനം നടത്താറുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ നേതാവിന്റെ സന്ദർശനത്തെ ചൈന എതിർക്കുന്നതിന്റെ കാരണം ജനങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

 

ഇന്ത്യയ്‌ക്കെതിരെ ചൈനയുടെ ഔദ്യോഗിക വക്താവിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള പരാമർശങ്ങളെ രാജ്യം ശക്തമായി എതിർക്കുന്നു. അരുണാചൽപ്രദേശ് മുഴുവനും ഇന്ത്യയുടെ ഭാഗമാണ്. അത് അന്യരുടെ അധീനതയിൽ പെടുത്താൻ സാധിക്കില്ല. രാജ്യത്തിനകത്തുള്ള മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലേക്കും പോകുന്നത് പോലെയാണ് അരുണാചൽപ്രദേശിലേക്കും ഉപരാഷ്ട്രപതി പോകുന്നത്. ഇതിനെ ചൈന എതിർക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ബാഗ്ചി പറഞ്ഞു.

കിഴക്കൻ മേഖലയിലെ 90,000 ചതുരശ്ര കിലോമീറ്റർ ചൈനയുടേതാണെന്നാണ് അവർ ഉന്നയിക്കുന്ന അവകാശവാദം. ഇതുകൂടാതെ പടിഞ്ഞാറൻ മേഖലയിലെ അക്സായി ചിന്നിൽ ചൈന അനധികൃതമായി ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്ററിലുള്ള ഭൂമി കയ്യേറിയിട്ടുമുണ്ട്.

അതിനിടെ അരുണാചൽ പ്രദേശിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ചൈനീസ് പ്രകോപനം ഇന്ത്യ തകർത്തിരുന്നു. 200 ഓളം ചൈനീസ് സൈനികരാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. അരുണാചലിലെ തവാങ് മേഖലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം.