ഹിരാകാശ ഗവേഷണ രംഗത്ത് വൻശക്തികൾക്കൊപ്പം കിടപിടിക്കുന്ന വിജയങ്ങൾ കൈവരിച്ചിട്ടുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ മറ്റൊരു കാൽവെയ്‌പ്പാണ് ജിഎസ്എൽവി. മാർക്ക് 3 റോക്കറ്റെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ.

മംഗൾയാൻ അടക്കം ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ മിന്നുന്ന നേട്ടങ്ങളുടെ തുടർച്ചയായ മാർക്ക് 3 റോക്കറ്റ് വിക്ഷേപണം വിജയമായതോടെ, വീണ്ടും ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞർ ലോകത്തിന്റെ മുഴുവൻ കൈയടി നേടുകയാണ്.

നാസയുടെ മുൻ സ്‌പെയ്‌സ് ഷട്ടിൽ, യൂറോപ്യൻ സ്‌പെയ്‌സ് ഏജൻസിയുടെ ഏരിയൻ എന്നിവ കഴിഞ്ഞാൽ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് മാർക്ക് 3. ലോകത്തെ ഏറ്റവും ശക്തിയേറിയ ഖര എൻജിനാണ് ഇന്നലെ പരീക്ഷിച്ച എസ് 200. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിലാണ് ഇത് വികസിപ്പിച്ചത്.

പി.എസ്.എൽ വിയിലെ ദ്രവ എൻജിന്റെ മൂന്ന് മടങ്ങ് ശേഷിയുണ്ട്. രണ്ട് വർഷത്തിനുള്ളിൽ ക്രയോജനിക് എൻജിന്റെ പരീക്ഷണം പൂർത്തിയാകുന്നതോടെ അയ്യായിരം കിലോ ഭാരമുള്ള ഉപഗ്രഹങ്ങൾസ്വന്തമായി വിക്ഷേപിക്കാനും ചെലവ് മൂന്നിലൊന്നായി കുറക്കാനും ഈ റോക്കറ്റിന് കഴിയും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽനിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.

ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാർക്ക് 3 റോക്കറ്റ് ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ വിക്ഷേപിച്ചത്. നാലായിരം കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങൾ സ്വന്തമായി വിക്ഷേപിക്കാൻ ശേഷിയുള്ള റോക്കറ്റും മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള പേടകവും ഒറ്റയടിക്ക് ആദ്യ പരീക്ഷണത്തിൽ തന്നെ വിജയിപ്പിച്ചുവെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് ഇതോടെ സ്വന്തമായി. ലോകം ആദരവോടെ കാണുന്ന ഈ നേട്ടത്തിന് പിന്നിൽ അഞ്ച് മലയാളി ശാസ്ത്രജ്ഞരുടെ കഠിനാധ്വാനവും ധിഷണയുമുണ്ട്.

തിരുവനന്തപുരം വി എസ്. എസ്.സി ഡയറക്ടറും സീനിയർ ശാസ്ത്രജ്ഞനുമായ എം. ചന്ദ്രദത്തൻ. നാല് ടൺ ഭാരമുള്ള ക്രൂ മൊഡ്യൂളുമായി കുതിച്ച എൽ.വി എം ത്രീ റോക്കറ്റിന്റെ പ്രൊജക്ട് ഡയറക്ടറും വി. എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടറുമായ എസ്.സോമനാഥ്, അസോസിയേറ്റ് പ്രൊജക്ട് ഡറക്ടർ ജി. അയ്യപ്പൻ, അസോസിയേറ്റ് ഡയറക്ടർ വി. ജയപ്രകാശ്, ക്രൂ മൊഡ്യൂൾ വികസിപ്പിച്ച മിഷൻ ഡയറക്ടർ എസ്. ഉണ്ണിക്കൃഷ്ണൻനായർ എന്നിവരാണ് ഇതിന്റെ അണിയറ ശിൽപികൾ. എല്ലാത്തിനും ചുക്കാൻ പിടിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണനുമുണ്ട്.

നാലു ടൺ ഭാരം വഹിക്കാൻ ശേഷിയുള്ള മാർക്ക് 3 റോക്കറ്റ് പരീക്ഷിക്കാനിരിക്കെയാണ് അതിൽ മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് അയക്കാൻ ശേഷിയുള്ള പേടകം കൂടി പരീക്ഷിക്കുന്ന ആശയം വി. എസ്.എസ്. സി ഡയറക്ടർ ചന്ദ്രദത്തൻ മുന്നോട്ട് വച്ചത്. കേന്ദ്രസർക്കാരിൽ നിന്ന് തത്വത്തിൽ പരീക്ഷണാനുമതി വാങ്ങാൻ ഐ.എസ്.ആർ.ഒ ചെയർമാൻ രാധാകൃഷ്ണന്റെ ഇടപെടൽ സഹായകമാവുകയും ചെയ്തു.  

ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ അയക്കുകയെന്ന ലക്ഷ്യത്തോട് ഇന്നലത്തെ പരീക്ഷണത്തോടെ ഇന്ത്യ വളരെയേറെ അടുത്തു. അതിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള പരീക്ഷണങ്ങളും ഇന്നലത്തെ വിക്ഷേപണത്തോടൊപ്പം നടന്നു. പുറത്ത് ആയിരം ഡിഗ്രിവരെ ചൂട് ഉണ്ടായാലും അൻപത് ഡിഗ്രിയിൽ താഴെ മാത്രം അകത്ത് ബാധിക്കുന്ന പേടകം സുരക്ഷിതമായി വിക്ഷേപിക്കാനും തിരിച്ച് ഭൂമിയിൽ എത്തിക്കാനും കഴിഞ്ഞുവെന്നതും മറ്റൊരു നേട്ടമാണ്.