- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ ലീഡ്സിൽ; ലോർഡ്സിലെ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസത്തിൽ കോലിയും സംഘവും; തിരിച്ചടിക്കാൻ ഇംഗ്ലണ്ട്; ഇന്ത്യൻ നിരയിൽ സൂര്യകുമാർ അരങ്ങേറിയേക്കും; പൂജാര പുറത്തേക്ക്
ലീഡ്സ്: ഇന്ത്യ - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് ബുധനാഴ്ച ലീഡ്സിൽ തുടക്കമാവും. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. ലോർഡ്സിൽ നേടിയ ഐതിഹാസിക ജയത്തിന്റെ ആത്മവിശ്വാസവുമായാണ് കോലിയും സംഘവും ഇറങ്ങുന്നത്. നായകൻ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ട് കൂടിയായ ലീഡ്‌സിൽ തിരിച്ചുവരവിനുള്ള മുന്നൊരുക്കത്തിലാണ് ഇംഗ്ലണ്ട്. പരുക്കേറ്റ് പ്രമുഖ താരങ്ങൾ പുറത്തായതാണ് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിക്കുന്നത്.
ലീഡ്‌സിലെ ഹെഡിങ്ലി സ്റ്റേഡിയം ഇംഗ്ലണ്ടിന്റെ ഉരുക്കു കോട്ടയാണെങ്കിലും, ആദ്യ രണ്ടു ടെസ്റ്റുകളിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനം ഒരിക്കൽക്കൂടി ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര കൈവിടില്ലെന്ന് ഉറപ്പിക്കാം.
പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം ടെസ്റ്റ് ഇന്ത്യ ജയിച്ചിരുന്നു. ഒന്നാം ടെസ്റ്റ് മഴയിൽ കുതിർന്നതോടെ സമനിലയിൽ കലാശിക്കുകയായിരുന്നു. ലോർഡ്സിൽ 151 റൺസിനായിരുന്നു കോലിപ്പടയുടെ വിജയം. ട്വന്റി20, ഏകദിന ഫോർമാറ്റുകളിലെ മിന്നുന്ന അരങ്ങേറ്റത്തിനു പിന്നാലെ സൂര്യകുമാർ യാദവ് ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചേക്കും. ചേതേശ്വർ പൂജാരയുടെ മോശം ഫോം പരിഗണിച്ച് സൂര്യകുമാറിന് അവസരം നൽകാൻ സാധ്യതയേറെയാണ്.
ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാരുടെ മിന്നും ബാറ്റിങ്ങും പേസ് ബോളർമാരുടെ തകർപ്പൻ ബോളിങ്ങുമാണ് ആദ്യ രണ്ടു ടെസ്റ്റുകളിൽ ഇന്ത്യയ്ക്ക് കരുത്തായത്. ആദ്യ രണ്ടു ടെസ്റ്റുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണർമാരുടെ കാര്യത്തിൽ സംശയങ്ങൾക്ക് ഇടമില്ല. രോഹിത്തും കെ.എൽ. രാഹുലും തന്നെ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവു വരുമോയെന്നാണ് ആകാംക്ഷ.
അതേസമയം, എക്കാലത്തും ഇന്ത്യയുടെ കരുത്തായിരുന്ന മധ്യനിരയുടെ ഫോമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ഘടകം. കോലി രഹാനെ പൂജാര ഋഷഭ് പന്ത് എന്നിവരുൾപ്പെട്ട മധ്യനിര ബാറ്റിങ് പ്രകടനം മുൻനിർത്തി ടീമിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് അഭ്യൂഹം.
ഇന്ത്യൻ ടീമിൽ നാല് പേസർമാർ തുടരും. രവീന്ദ്ര ജഡേജയ്ക്ക് പകരം ആർ അശ്വിനെ ടീമിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. രണ്ടാം ടെസ്റ്റിൽ കളിച്ച പേസ് ബോളർമാരിൽ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി എന്നിവർ തുടരുമെന്ന് ഉറപ്പാണ്. ഇഷാന്ത് ശർമയുടെ കാര്യത്തിലാണ് സംശയം. ഷാർദുൽ ഠാക്കൂർ ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് ഉറപ്പായതോടെ, താരത്തെ കളത്തിലിറക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇഷാന്താകും വഴിമാറുക.
ബാറ്റ്സ്മാന്മാർ കുറച്ചുകൂടി ഉത്തരവാദിത്തോടെ കളിച്ചാൽ പരന്പര ഇന്ത്യ സ്വന്തമാക്കുമെന്ന് മുൻതാരം ദിലീപ് വെംഗ്സാർക്കർ പറയുന്നു. ഇംഗ്ലീഷ് ടീമിൽ മാറ്റം ഉറപ്പ്. റോറി ബേൺസിനൊപ്പം ഹസീബ് ഹമീദ് ഇന്നിങ്സ് തുറക്കാനെത്തും. മൂന്നാം സ്ഥാനത്തിനായി ഒലി പോപ്പും ഡേവിഡ് മലനും മത്സരിക്കുന്നു.
പേസർ മാർക് വുഡ് പരിക്കേറ്റ് പിന്മാറിയത് തിരിച്ചടിയാവും. പകരം സാഖിബ് മഹ്‌മൂദോ ക്രെയ്ഗ് ഒവേർട്ടനോ ടീമിലെത്തിയേക്കും. ജോ റൂട്ടിന്റെ ബാറ്റിലേക്ക് തന്നെയാണ് ഇംഗ്ലണ്ട് ഉറ്റുനോക്കുന്നത്.
സ്പോർട്സ് ഡെസ്ക്