കാറിൽ തായ്‌ലൻഡിലേക്കൊരു ഉല്ലാസ യാത്ര. അവിശ്വസനീയമെന്ന് കരുതുന്ന ഈ യാത്രയ്ക്ക ഇനി ഏറെ നാൾ കാത്തിരിക്കേണ്ടിവരില്ല. മ്യാന്മറിലൂടെ തായ്‌ലൻഡിലേക്കുള്ള 1400 കിലോമീറ്റർ റോഡ് നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇന്ത്യയും തായ്‌ലൻഡും മ്യാന്മറും ചേർന്നുള്ള സംരംഭമാണിത്.

മൂന്നു രാജ്യങ്ങൾക്കുമിടയിലുള്ള വ്യാപാരവും സാംസ്‌കാരിക വിനിമയവും വിപുലമാക്കുന്നതിൽ ഈ റോഡ് സഹായകമാകുമെന്നാണ് കരുതുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് നിർമ്മിച്ച 73 പാലങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ഈ പാലങ്ങൾ പുനർനിർമ്മിച്ച് ഗതാഗത യോഗ്യമാക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക സഹകരണത്തോടെയാണ്.

പാലങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഒന്നരവർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തായ്‌ലൻഡിലെ ഇന്ത്യൻ അംബാസഡർ ഭഗവന്ത് സിങ് ബിഷ്‌ണോയ് പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ മൂന്നുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ വാഹന ഗതാഗതം അനുവദിക്കും.

ഇന്ത്യയിലെ മോറേയിൽനിന്ന് മ്യാന്മറിലെ താമു നഗരത്തിലേക്കാണ് ഹൈവേ തുടങ്ങുന്നത്. തായ്‌ലൻഡിലെ മായേ സോട്ട് ജില്ലയിലുള്ള താക്കിലാണ് ഇതെത്തിച്ചേരുന്നത്. മൂന്ന് രാജ്യങ്ങളും ഉൾപ്പെടുന്ന മോട്ടോർ വെഹിക്കിൾ കരാറിനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. കരാർ നിലവിൽ വരുന്നതോടെ യാത്രക്കാർക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവും. 

മ്യാന്മറിലെ ദാവേയ് തുറമുഖവും ചെന്നൈ തുറമുഖവും തായ്‌ലൻഡിലെ ലായേം ചബാങ് തുറമുഖവും ഉൾപ്പെട്ട പുതിയ വ്യാപാര ശൃംഖലയ്ക്കും ഹൈവേ തുടക്കമിടും. പത്തുലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിഞ്ഞവർഷം തായ്‌ലൻഡിൽ സന്ദർശനം നടത്തിയെന്നാണ് കണക്കാക്കുന്നത്. ഹൈവേ വരുന്നതോടെ വിനോദ സഞ്ചാര മേഖലയിലും കാര്യമായ കുതിപ്പുണ്ടാകും.