തിരുവനന്തപുരം:രാജ്യത്ത് വൈവിധ്യത്തിനും സമത്വത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലർ ഫ്രണ്ട് മതം മാറ്റം, ഹവാല ഫണ്ടിങ്, തീവ്രവാദ ബന്ധം തുടങ്ങിയ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സംഘടനയാണ്.എന്നാൽ ഓപ്പറേഷൻ കൺവേർഷൻ ഫാക്ടറി എന്ന സ്റ്റിങ് ഓപ്പറേഷനിലൂടെ ഇന്ത്യ ടുഡേ ചാനൽ മറനീക്കുന്നത് സംഘടനയുടെ മറ്റൊരുമുഖമാണ്.

സംഘടിതമായി മതപരിവർത്തനം നടത്താറുണ്ടെന്നും, വിദേശത്ത് നിന്ന് ഹവാല വഴി പണം സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള നേതാക്കളുടെ വെളിപ്പെടുത്തൽ പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള ശക്തമായ തെളിവായി മാറും.തങ്ങളുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുകയാണെന്ന് തുറന്ന് സമ്മതിക്കുന്നതോടെ സംഘടനയ്ക്ക് വിലക്ക് വരാനും സാധ്യതയുണ്ട്.

ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിർണ്ണായകമായ തീരുമാനമെടുത്തതിന് പിന്നാലെയാണ് നേതാക്കളുടെ സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് ഇന്ത്യ റ്റുഡേ ചാനൽ ചൊവ്വാഴ്ച രാത്രി പുറത്തുവിട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ വനിതാ വിഭാഗമായ വിമൺസ് ഫ്രണ്ടിന്റെ അധ്യക്ഷ എ.എസ് സൈനബ, പോപ്പുലർ ഫ്രണ്ട് സ്ഥാപക നേതാവും തേജസ് അസോസിയേറ്റ് എഡിറ്ററുമായ പി അഹമ്മദ് ഷരീഫ് എന്നിവരുടെ വാക്കുകളാണ് ചാനൽ പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

ഹാദിയുടെ വിവാഹം ലൗജിഹാദല്ല, നിശ്ചയിച്ചുറപ്പിച്ച ബന്ധമെന്നാണ് സൈനബ വിശേഷിപ്പിക്കുന്നത്.സത്യസരണിയിൽ പ്രവേശനത്തിയപ്പോഴാണ് ഹാദിയയുമായി ബന്ധപ്പെടുന്നത്. അതിന് രണ്ടുവർഷം മുമ്പ് 2013 ലാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നത്.എന്നാൽ, ഇന്ത്യടുഡേയുടെ സ്റ്റിങ് ഓപ്പറേഷനിൽ സൈനബ വെളിപ്പെടുത്തിയതനുസരിച്ച് കഴിഞ്ഞ 10 വർഷത്തിനിടെ, 5000 ത്തോളം പേരെ സത്യസരണിയിൽ ഇസ്ലാം മതത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ടെന്നും സൈനബ വെളിപ്പെടുത്തി.എംഎസ്സി ഗണിണത്തിൽ ബിദുദധാരിയായിരുന്ന സ്‌കൂൾ ്അദ്ധ്യാപിക നാലുവർഷം മുമ്പ് സത്യസരണിയിൽ വച്ച് മതം മാറിയിട്ടുണ്ട്.ശുഭ എന്ന പേരുള്ള യുവതിയാണ് ഫാത്തിമയായി മാറിയത്.നിരവധി അന്യമതസ്ഥരെ തങ്ങൾ ഇസ്ലാമിലേക്ക് മതംമാറ്റിയിട്ടുണ്ടെന്നും സൈനബ വെളിപ്പെടുത്തി.

മതപരിവർത്തനത്തിന്റെ നടപടിക്രമങ്ങൾ എങ്ങനെയാണെന്ന് ചോദിക്കുന്ന റിപ്പോർട്ടറോട് മതപരിവർത്തനമെന്ന പേര് തങ്ങൾ ഉപയോഗിക്കാറില്ലെന്നാണ് മറുപടിയ ആർ.എസ്.എസുകാർ പ്രശ്‌നമുണ്ടാക്കുന്നതുകൊണ്ടാണ് ആ പ്രയോഗം തങ്ങൾ ഉപയോഗിക്കാത്തതെന്നാണ് സൈനബ പറയുന്നത്. മറ്റേതെങ്കിലും പേരിലൊരു കേന്ദ്രം തുടങ്ങണം. എന്നാൽ, മഞ്ചേരിയിലെ സത്യസരണി മതം മാറ്റ കേന്ദ്രമല്ല. അതൊരു ചാരിറ്റബിൾ സ്ഥാപനമാണ്. അത്തരമൊരു പേരിലാണ് സ്ഥാപനം തുടങ്ങുന്നത്. മതം മാറുന്നവർ അവിടെ തന്നെ താമസിക്കുകയും മതം മാറുകയുമല്ലേ ചെയ്യുന്നതെന്ന ചോദ്യത്തിന് അതേയെന്നാണ് മറുപടി. അവർ അക്കാര്യം പുറത്തുപറയില്ലേ എന്ന് ചോദിക്കുമ്പോൾ അതിന് സാധ്യത കുറവാണെന്നും മതം മാറിയ ശേഷമായിരിക്കുമല്ലോ അവർ പുറത്തുപോവുകയെന്ന് സൈനബ പറയുന്നു.


സത്യസരണിയെ ഔദ്യോഗികമായി മതംമാറ്റ കേന്ദ്രമെന്ന് വിളിക്കാറില്ലെന്നും പകരം വിദ്യാഭ്യാസ സ്ഥാപനമെന്നാണ് പറയുന്നതെന്ന് വ്യക്തമാക്കിയ സൈനബ ഇത്തരം സ്ഥാപനങ്ങൾ എങ്ങനെയാണ് നടക്കുന്നതെന്നും വിവരിക്കുന്നുണ്ട്. 15 ഓളം പേരെ ഉൾപ്പെടുത്തി ഒരു ട്രസ്റ്റ് ഉണ്ടാക്കിയ ശേഷം സെന്ററിന് പറ്റിയ സ്ഥലം കണ്ടെത്തുകയും അവിടെ പള്ളി, ഭക്ഷണം, താമസ സൗകര്യം എന്നിവയെല്ലാം തയ്യാറാക്കുകയും വേണം. ഇതിന് ശേഷം, സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം സർക്കാറിൽ രജിസ്റ്റർ ചെയ്താണ് പ്രവർത്തനം തുടങ്ങുന്നത്. മതംമാറ്റ കേന്ദ്രം എന്ന നിലയിൽ ആയിരിക്കില്ല രജിസ്റ്റർ ചെയ്യുന്നത്. ഇസ്ലാമിനെ കുറിച്ചും നമസ്‌കാരം പോലുള്ള കാര്യങ്ങളെക്കുറിച്ചും മതം മാറുന്നവരെ പഠിപ്പിക്കും. മതം മാറുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകാൻ മറ്റ് സ്ഥാപനങ്ങളെ ബന്ധപ്പെടും. സത്യസരണിയിൽ നിന്ന് മതം മാറിയെന്ന സർട്ടിഫിക്കറ്റ് നൽകിയാൽ അതൊരു മതം മാറ്റ കേന്ദ്രമാണെന്ന് മറ്റുള്ളവർ അറിയില്ലേ എന്ന ചോദ്യത്തിന്, മറ്റ് സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് നൽകുകയോ അതല്ലെങ്കിൽ നോട്ടറിയുടെ സാന്നിദ്ധ്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തുകയോ ചെയ്യുമെന്നാണ് മറുപടി. സർക്കാർ അനുമതിയോടെ മതം മാറ്റാൻ അനുവാദമുള്ള പൊന്നാനിയിലെ മഊനത്തുൽ ഇസ്ലാം, കോഴിക്കോട്ടെ തർബിയ്യത്തുൽ ഇസ്ലാം എന്നീ സ്ഥാപനങ്ങളുമായി ബന്ധപ്പെടാറുണ്ടെന്നും സൈനബ പറയുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഡൽഹിയിൽ വച്ചാണ് സ്ഥാപക നേതാവായ അഹമ്മദ് ഷരീഫുമായി സംസാരിച്ചതെന്നാണ് ചാനൽ അവകാശപ്പെടുന്നത്. സംഘടനയുടെയും സത്യസരണയിടെയും അന്തിമ ലക്ഷ്യം രാജ്യത്തും ലോകത്ത് എല്ലായിടത്തും ഇസ്ലാമിക രാജ്യം സ്ഥാപിക്കുകയാണെന്ന് അഹമ്മദ് ഷരീഫ് പറയുന്നു. എല്ലാ മുസ്ലീങ്ങളുടെയും ലക്ഷ്യം അത് തന്നെയാണ്.ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്ന് 10 ലക്ഷത്തോളം രൂപ ശേഖരിച്ചെന്നും അത് ഹവാല വഴിയാണ് ഇന്ത്യയിൽ എത്തിച്ചതെന്നും ഷരീഫ് പറയുന്നുണ്ട്. നേരിട്ടും ഹവാല വഴിയുമൊക്കെ പണം ലഭിക്കാറുണ്ടെന്നും ഷരീഫ് സമ്മതിക്കുന്നുണ്ട്.

ഒളി ക്യാമറാ ഓപ്പറേഷന്റെ പൂർണമായ വീഡിയോ എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യാ റ്റുഡേ അവകാശപ്പെട്ടു.സറ്റിങ് ഓപ്പറേഷന് പിന്നാലെ, പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യം ബിജെപിയും ആർഎസ്എസും ശക്തമാക്കിയിട്ടുണ്ട്