- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് അമേരിക്ക; മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ നടപടികൾ എടുത്തെന്ന് ജോ ബൈഡൻ ഭരണകൂടം പുറത്തിറക്കിയ മനുഷ്യാവകാശ റിപ്പോർട്ട്; ചൈനയിൽ ഉയ്ഗർ മുസ്ളീങ്ങളുടെ വംശഹത്യയും സിറിയയിലെ ഭരണകൂട ഭീകരതയും റിപ്പോർട്ടിൽ; യുഎസിലെ അസമത്വവും വർണവിവേചനവും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും പരാമർശം
വാഷിങ്ടൺ ഡിസി: കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന റിപ്പോർട്ടുമായി ജോ ബൈഡൻ ഭരണകൂടം. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോർട്ടിലാണ് ജമ്മു കാശ്മീർ മേഖലയിൽ സാധാരണ നില പുനഃസ്ഥാപിക്കാൻ ഇന്ത്യൻ സർക്കാർ മികച്ച നടപടികളെടുത്തതായി പറയുന്നത്.
അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷ- ആശയവിനിമയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ഇന്റർനെറ്റ് സംവിധാനങ്ങൾ ജനുവരിയിൽ ഭാഗികമായി പുനഃസ്ഥാപിച്ചു. 'എങ്കിലും അതിവേഗ 4ജി ഇന്റർനെറ്റ് ഇപ്പോഴും ജമ്മു കാശ്മീരിൽ പലയിടത്തും ലഭ്യമായിട്ടില്ല.' റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഇന്ത്യയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. ഉയ്ഗർ മുസ്ളീങ്ങൾക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാർക്കും രാഷ്ട്രീയ എതിരാളികൾക്കും എതിരെ റഷ്യൻ സർക്കാർ സ്വീകരിക്കുന്ന കടുത്ത നടപടികൾ, സിറിയയിൽ ബാഷർ അൽ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കൻ മനുഷ്യാവകാശ റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഉയ്ഗർ വംശജർക്ക് നേരെ ചൈന വംശഹത്യയും, വിസ നിയന്ത്രണങ്ങളും, കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നതായി റിപ്പോർട്ടിലുണ്ട്. പൊലീസ് കസ്റ്റഡിയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ പ്രശ്നങ്ങൾ, മാധ്യമ സ്വാതന്ത്ര്യത്തിനും സർക്കാർ തലത്തിലെ നിയന്ത്രണങ്ങൾക്കും വനിതകൾക്ക് നേരിടുന്ന പ്രശ്നങ്ങളും റിപ്പോർട്ടിലുണ്ട്. എന്നാൽ അമേരിക്കയിൽ നടക്കുന്ന പ്രശ്നങ്ങളും റിപ്പോർട്ടിൽ കുറിക്കുന്നുണ്ട്.
രാജ്യത്തെ അസമത്വത്തിനും വർണവിവേചനത്തിനെതിരെയും പൊരുതേണ്ടതുണ്ടെന്നും ഈ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും റിപ്പോർട്ട് പുറത്തുവിട്ട സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കെൻ അഭിപ്രായപ്പെട്ടു.
നേരത്തെ ഇന്ത്യയുടെ പുതിയ കാർഷിക നിയമങ്ങളെ പിന്തുണച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. നിയമങ്ങൾ ഇന്ത്യൻ വിപണികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സ്വകാര്യമേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും സഹായകമാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധത്തെക്കുറിച്ച് പ്രതികരിക്കവെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ഇക്കാര്യം തുറന്നു പറഞ്ഞത്.
''സമാധാനപരമായ പ്രതിഷേധം അഭിവൃദ്ധി പ്രാപിക്കുന്ന ഏതൊരു ജനാധിപത്യത്തിന്റെയും മുഖമുദ്രയാണെന്ന്'' വാഷിങ്ടൺ അംഗീകരിക്കുന്നതായും പാർട്ടികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടുമെന്നും വക്താവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ സുപ്രീം കോടതിയും ഇത് പറഞ്ഞിട്ടുണ്ടെന്ന് വക്താവ് ചൂണ്ടിക്കാട്ടി. പൊതുവേ, ഇന്ത്യയിലെ വിപണികളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ സ്വകാര്യമേഖലയിലെ നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള നടപടികളെ അമേരിക്ക സ്വാഗതം ചെയ്യുന്നു- വക്താവ് പറഞ്ഞു.
കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020 എന്നിവയാണ് കേന്ദ്രം ലോക്സഭയിൽ പാസാക്കിയത്.
ന്യൂസ് ഡെസ്ക്