- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് കോവിഡ് വാക്സിനേഷൻ അമ്പത് കോടി കടന്നു; വാക്സിനേഷൻ യജ്ഞത്തിലെ നിർണ്ണായക ഘട്ടമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ; ഈ വർഷം അവസാനത്തോടെ മുഴുവൻപേർക്കും വാക്സിനേഷൻ നൽകുമെന്നും അധ്യക്ഷൻ
ന്യൂഡൽഹി: കോവിഡ് വാക്സിനേഷൻ യജ്ഞത്തിൽ ഇന്ത്യ നിർണ്ണായക നേട്ടം കൈവരിച്ചതായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ.ഈ മാസം ഏഴിന് വാക്സിനേഷൻ 50 കോടി ഡോസ് കടന്നതു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ ആരോഗ്യപ്രവർത്തകരുടെയും ഗവേഷകരുടെയും ആത്മാർഥ സേവനവും കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ലോകം മുഴുവൻ പരിഭ്രാന്തിയിലായപ്പോൾ തദ്ദേശീയമായി വാക്സീൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ തുടക്കമിട്ടു. വെറും 9 മാസത്തിനുള്ളിൽ 2 വാക്സീനുകൾ വികസിപ്പിച്ചു. കോവിഡ് മഹാമാരിക്കെതിരെ നിശ്ചയദാർഢ്യത്തോടെ പൊരുതിയ ഇന്ത്യയെ വിസ്മയത്തോടെയാണു ലോകം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാക്സീൻ ഉൽപാദനം വർധിപ്പിച്ചതോടെ ഈ വർഷം അവസാനമാകുമ്പോൾ രാജ്യത്തെ 136 കോടി പേർക്കും വാക്സീൻ വിതരണം പൂർത്തിയാക്കും. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രിക്കൊപ്പം ബിജെപി നിലകൊള്ളുകയാണെന്നും 'രാഷ്ട്രീയ സ്വാസ്ഥ്യ സ്വയംസേവക് അഭിയാൻ' പദ്ധതിക്കു കീഴിൽ ഒന്നരലക്ഷം പേർക്കു പരിശീലനം നൽകി കോവിഡ് പ്രതിരോധ പോരാട്ടത്തിനു സജ്ജരാക്കിയെന്നും നഡ്ഡ പറഞ്ഞു.
മുഴുവൻ ജനങ്ങൾക്കും സൗജന്യ വാക്സീൻ നൽകാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം ചരിത്രപരമാണ്. ജനുവരി 21നു വാക്സിനേഷൻ ആരംഭിച്ച് 85 ദിവസത്തിനുള്ളിൽ 10 കോടി പേർക്കു നൽകി. അടുത്ത 45 ദിവസത്തിനുള്ളിൽ 20 കോടിയായി. അടുത്ത 29 ദിവസം കൊണ്ട് 30 കോടി കടന്നു. അടുത്ത 24 ദിവസം കൊണ്ട് 40 കോടിയും തുടർന്നു വെറും 20 ദിവസം കൊണ്ട് 50 കോടിയും പൂർത്തിയാക്കിയെന്നു നഡ്ഡ കൂട്ടിച്ചേർത്തു
മറുനാടന് മലയാളി ബ്യൂറോ