അഹമ്മദാബാദ്: ഇന്ത്യയ്ക്കെതിരായ നിർണായകമായ അഞ്ചാം ട്വന്റി20യിൽ ടോസിന്റെ ഭാഗ്യം ഇംഗ്ലണ്ടിനെ തുണച്ചെങ്കിലും തകർപ്പൻ ബാറ്റിംഗുമായി കളം നിറഞ്ഞ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യയ്ക്ക് നൽകിയത് മിന്നും തുടക്കം. എട്ട് ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 81 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 30 പന്തിൽ അർദ്ധ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് കരുത്തായത്. 18 പന്തിൽ 20 റൺസുമായി നായകൻ വിരാട് കോലി ഹിറ്റ്മാന് മികച്ച പിന്തുണയുമായി ഒപ്പമുണ്ട്.

ഇന്ത്യൻ നിരയിൽ കഴിഞ്ഞ നാലു മത്സരങ്ങളിലും പരാജയപ്പെട്ട ഓപ്പണർ കെ.എൽ. രാഹുൽ ഇല്ല. പേസ് ബോളർ ടി. നടരാജനാണ് അദ്ദേഹത്തിന്റെ പകരക്കാരൻ. പരമ്പരയിൽ നടരാജന്റെ ആദ്യ മത്സരമാണിത്. കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ഇഷൻ കിഷനും അവസരമില്ല.

പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ഇരു ടീമുകളും ജയിച്ചതോടെ ഫലത്തിൽ പരമ്പര വിജയികളെ നിർണയിക്കുന്ന 'ഫൈനലാണ്' ഇന്ന് നടക്കുന്നത്. ഇന്ത്യൻ നിരയിൽ സൂര്യകുമാർ യാദവ് ടീമിൽ സ്ഥാനം നിലനിർത്തി. കെ.എൽ. രാഹുൽ പുറത്തായതോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായെത്തിയത്. നാലാം ട്വന്റി20യിൽ തോറ്റെങ്കിലും ഇംഗ്ലണ്ട് നിരയിൽ മാറ്റങ്ങളില്ല.

നേരത്തെ, 4ാം ട്വന്റി20യിൽ വിജയത്തിലേക്കു കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ അവസാന ഓവറുകളിലെ ട്വിസ്റ്റുകളിലാണ് ഇന്ത്യ വീഴ്‌ത്തിയത്. പരുക്കേറ്റ് ക്യാപ്റ്റൻ വിരാട് കോലി മൈതാനത്തു നിന്നു കയറിയിട്ടും രോഹിത് ശർമയുടെ നായകത്വത്തിൽ ഇന്ത്യ 8 റൺസിനു ജയിച്ചു. ഇതോടെ പരമ്പര 2-2 എന്ന നിലയിലാണ്.