- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാല് വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണ; ഓൾറൗണ്ട് മികവുമായി ക്രുണാൽ പാണ്ഡ്യ; അരങ്ങേറ്റക്കാരുടെ മികവിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ഒന്നാം ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്തത് 66 റൺസിന്; പരമ്പരയിൽ ഇന്ത്യ മുന്നിൽ
പുണെ: ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ഇന്ത്യ ഉയർത്തിയ 318 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് ഓൾ ഔട്ടായി. അരങ്ങേറ്റ മത്സരത്തിൽ തന്നെ നാലുവിക്കറ്റ് വീഴ്‌ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. മൂന്നു വിക്കറ്റ് വീഴ്‌ത്തിയ ഷാർദൂൽ ഠാക്കൂറും രണ്ട് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറും ഒരു വിക്കറ്റെടുത്ത ക്രുണാൽ പാണ്ഡ്യയും പ്രസിദ്ധിന് മികച്ച പിന്തുണ നൽകി. അർദ്ധ സെഞ്ചുറിക്ക് പുറമെ ഒരു വിക്കറ്റും വീഴ്‌ത്തിയ ക്രുണാൽ പാണ്ഡ്യയും അരങ്ങേറ്റം അവിസ്മരണീയമാക്കി. സ്‌കോർ: ഇന്ത്യ 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 317, ഇംഗ്ലണ്ട് 42.1 ഓവറിൽ 251 റൺസിന് പുറത്ത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി.
ഓപ്പൺ ശിഖർ ധവാൻ (98), ക്യപ്റ്റൻ വിരാട് കോലി (56), അവസാന ഓവറുകളിൽ തകർത്തടിച്ച കെ.എൽ.രാഹുൽ (43 പന്തിൽ 62*), അരങ്ങേറ്റക്കാരൻ ക്രുണാൽ പാണ്ഡ്യ (31 പന്തിൽ 58*) എന്നിവരുടെ തകർപ്പൻ പ്രകടനാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
ഇംഗ്ലണ്ടിന് സ്വപ്നതുല്യമായ തുടക്കമാണ് ഓപ്പണർമാരായ ജേസൺ റോയിയും ജോണി ബെയർസ്റ്റോയും ചേർന്ന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ നന്നായി പ്രഹരിച്ച ഇരുവരും വെറും 14.2 ഓവറിൽ 135 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് റെക്കോഡ് വിജയം സ്വന്തമാക്കുമെന്ന തോന്നലുളവാക്കി. ഇതിനിടെ ബെയർസ്റ്റോ അർധശതകം പൂർത്തിയാക്കി. എന്നാൽ ഈ കൂട്ടുകെട്ട് പൊളിച്ചുകൊണ്ട് അരങ്ങേറ്റതാരം പ്രസിദ്ധ് കൃഷ്ണ ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്‌ത്തി. ഈ വിക്കറ്റ് കളിയുടെ ഗതിമാറ്റി.
സ്‌കോർ 135ൽ നിൽക്കേ 35 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റൺസെടുത്ത റോയിയെ പ്രസിദ്ധ് കൃഷ്ണ സൂര്യകുമാർ യാദവിന്റെ കൈയിലെത്തിച്ചു. പ്രസിദ്ധിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ വന്ന ബെൻ സ്റ്റോക്സിനെ (1) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റെടുത്തു. ഇതോടെ 135 ന് പൂജ്യം എന്ന നിലയിൽ നിന്നും ഇംഗ്ലണ്ട് 137 ന് 2 എന്ന നിലയിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച നായകൻ ഒയിൻ മോർഗനും ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയി.
എന്നാൽ 66 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെയും ഏഴ് സിക്സുകളുടെയും സഹായത്തോടെ 94 റൺസെടുത്ത ബെയർസ്റ്റോയെ ശാർദുൽ ഠാക്കൂർ കുൽദീപ് യാദവിന്റെ കൈയിലെത്തിച്ചു. ബെയർസ്റ്റോ പുറത്താവുമ്പോൾ ഇംഗ്ലണ്ട് 22.1 ഓവറിൽ 169 റൺസിന് മൂന്ന് എന്ന നിലയിലായിരുന്നു. പിന്നീട് കളിയിലേക്ക് തിരിച്ചുവരാൻ ഇംഗ്ലണ്ടിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യ മത്സരത്തിൽ തിരിച്ചെത്തി.
25ാം ഓവറിൽ നായകൻ ഒയിൻ മോർഗനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്ലറെയും പുറത്താക്കി ശാർദുൽ ഠാക്കൂർ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.30 പന്തുകളിൽ നിന്നും 22 റൺസെടുത്ത താരത്തെ ശാർദുൽ ഠാക്കൂർ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ചു. അതേ ഓവറിലെ നാലാം പന്തിൽ ബട്ലറെ വിക്കറ്റിന് മുന്നിൽ കുടുക്കി ശാർദുൽ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേകി. ഇതോടെ ഇംഗ്ലണ്ട് 24.4 ഓവറിൽ 176 ന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി. പിന്നീട് ക്രീസിലൊന്നിച്ച മോയിൻ അലിയും സാം ബില്ലിങ്സും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയതോടെ ഇംഗ്ലണ്ട് വിജയപ്രതീക്ഷ വീണ്ടെടുത്തു.
ഈ കൂട്ടുകെട്ട് പൊളിച്ച് പ്രസിദ്ധ് തന്റെ മൂന്നാം വിക്കറ്റ് സ്വന്തമാക്കി. സ്‌കോർ 217-ൽ നിൽക്കെ 18 റൺസെടുത്ത ബില്ലിങ്സിനെ പ്രസിദ്ധ്, കോലിയുടെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ സ്‌കോർ 237ൽ നിൽക്കേ അപകടകാരിയായ മോയിൻ അലിയുടെ വിക്കറ്റ് ഭുവനേശ്വർ കുമാർ നേടി. 37 പന്തുകളിൽ നിന്നും 30 റൺസെടുത്ത അലിയെ ഭുവനേശ്വർ രാഹുലിന്റെ കൈയിലെത്തിച്ചു. തൊട്ടുപിന്നാലെ 12 റൺസെടുത്ത സാം കറന്റെ വിക്കറ്റ് വീഴ്‌ത്തി ക്രുനാൽ പാണ്ഡ്യ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു.
സാം കറന് പകരം ക്രീസിലെത്തിയ ആദിൽ റഷീദിനും പിടിച്ചുനിൽക്കാനായില്ല. ഭുവനേശ്വറിന് വിക്കറ്റ് സമ്മാനിച്ച് പൂജ്യനായി റഷീദ് മടങ്ങി. അവസാന വിക്കറ്റിൽ ഒത്തുചേർന്ന ടോം കറനും മാർക്ക് വുഡും ചേർന്ന് ഇംഗ്ലണ്ട് സ്‌കോർ 250 കടത്തി. എന്നാൽ 11 റൺസെടുത്ത ടോം കറനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ മത്സരത്തിലെ നാലാം വിക്കറ്റ് നേടി. 8.1 ഓവറിൽ 54 റൺസ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് വീഴ്‌ത്തിയത്.
ഏകദിനത്തിൽ അരങ്ങേറ്റം കുറിക്കുന്ന ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് പ്രസിദ്ധ് സ്വന്തമാക്കി. ആദ്യമായാണ് ഒരു ഇന്ത്യൻ താരം അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്‌ത്തുന്നത്. ശാർദുൽ ഠാക്കൂർ മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഭുവനേശ്വർ രണ്ട് വിക്കറ്റെടുത്തു. ക്രുനാൽ ഒരു വിക്കറ്റ് സ്വന്തമാക്കി.
ഇന്ത്യയ്ക്കായി ധവാൻ 98 റൺസും കോലി 56 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച രാഹുൽ 62 റൺസെടുത്തും ക്രുനാൽ 57 റൺസ് നേടിയും പുറത്താവാതെ നിന്നു.
ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഒയിൻ മോർഗൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കരുതലോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പതിനഞ്ച് ഓവറിൽ 64 റൺസാണ് രോഹിതും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത്. എന്നാൽ ഇന്ത്യയ്ക്ക് പതിനാറാം ഓവറിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ നഷ്ടമായി. 42 പന്തിൽ നിന്ന് 28 റൺസെടുത്ത രോഹിത് സ്റ്റോക്സിന്റെ പന്തിൽ ബട്ലർ പിടിച്ചു പുറത്തായി. രോഹിത് മടങ്ങിയതിനുശേഷം വിരാട് കോലി ക്രീസിലെത്തി.
ധവാനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത കോലി ഇന്ത്യൻ സ്‌കോർ ചലിപ്പിച്ചു. അതിനിടെ ശിഖർ ധവാൻ അർധസെഞ്ചുറി കുറിച്ചു. റാഷിദിനെ ഒന്നാന്തരമൊരു സിക്സർ പായിച്ചാണ് ധവാൻ അർധസെഞ്ചുറി ആഘോഷിച്ചത്. ശിഖർ ധവാന് പിന്നാലെ കോലിയും അർധശതകം നേടിയിരുന്നു. 50 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് താരം അർധസെഞ്ചുറി പൂർത്തിയാക്കിയത്. കോലിയുടെ ഏകദിന കരിയറിലെ 61-ാം അർധശതകമാണിത്. ധവാനൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യൻ സ്‌കോർ 150 കടത്തി. ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടും താരം പടുത്തുയർത്തി.
അർധസെഞ്ചുറി നേടിയതിനുപിന്നാലെ കോലി പുറത്തായി. 60 പന്തുകളിൽ നിന്നും 56 റൺസെടുത്ത താരത്തെ മാർക്ക് വുഡ് മോയിൻ അലിയുടെ കൈകളിലെത്തിച്ചു. 60 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെയാണ് കോലി അർധസെഞ്ചുറി നേടിയത്. കോലി പുറത്താവുമ്പോൾ 32.1 ഓവറിൽ 169 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. പക്ഷേ പിന്നീട് ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വേണ്ട വിധത്തിൽ തിളങ്ങാനായില്ല. ഒരറ്റത്ത് ധവാൻ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ മറുവശത്ത് ബാറ്റ്സ്മാന്മാർ പതറി. കോലിക്ക് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ ആറുറൺസ് മാത്രമെടുത്ത് പുറത്തായി. മാർക്ക് വുഡാണ് താരത്തെ പുറത്താക്കിയത്.
95 റൺസിലെത്തിയ ധവാൻ പിന്നീട് പതറുന്ന കാഴ്ചയാണ് കണ്ടത്. റൺസ് കണ്ടെത്താൻ താരം ഏറെ വിഷമിച്ചു. ഒടുവിൽ 98 റൺസെടുത്ത ധവാൻ പുറത്തായി. 106 പന്തുകളിൽ നിന്നും 11 ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് താരം 98 റൺസ് നേടിയത്. പക്ഷേ അർഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. ബെൻസ്റ്റോക്സിന്റെ പന്ത് ആക്രമിക്കാൻ ശ്രമിച്ച ധവാന്റെ ഷോട്ട് മോർഗൻ കൈയിലൊതുക്കി. ധവാൻ പുറത്താകുമ്പോൾ 38.1 ഓവറിൽ 197 ന് നാല് എന്ന നിലയായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കും കാര്യമായൊന്നും ചെയ്യാനായില്ല. ഒരു റൺസ് മാത്രമെടുത്ത പാണ്ഡ്യയെ സ്റ്റോക്സ് ജോണി ബെയർസ്റ്റോയുടെ കൈയിലെത്തിച്ചു.
പിന്നീട് ഒത്തുചേർന്ന അരങ്ങേറ്റതാരം ക്രുനാൽ പാണ്ഡ്യയും കെ.എൽ രാഹുലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് ഇന്ത്യൻ സ്‌കോർ 45 ഓവറിൽ 250 കടത്തി. അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനമാണ് രാഹുലും ക്രുനാലും കാഴ്ചവെച്ചത്. അരങ്ങേറ്റ മത്സരം തന്നെ ക്രുനാൽ ഗംഭീരമാക്കി. തകർപ്പൻ ഷോട്ടുകൾ പുറത്തെടുത്ത് ക്രുനാൽ ഇംഗ്ലണ്ട് ബൗളർമാരെ കണക്കിന് പ്രഹരിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടാനും താരത്തിന് സാധിച്ചു. വെറും 26 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെയും രണ്ട് സിക്സുകളുടെയും സഹായത്തോടെയാണ് ക്രുനാൽ കന്നി അർധശതകം പൂർത്തിയാക്കിയത്. ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിൽ അതിവേഗം അർധശതകം പൂർത്തിയാക്കുന്ന താരം എന്ന റെക്കോഡ് ക്രുനാൽ ഇന്ന് സ്വന്തമാക്കി.
ക്രുനാലിന് പിന്നാലെ രാഹുലും അർധശതകം കുറിച്ചു. ട്വന്റി 20 പരമ്പരയിൽ നിറം മങ്ങിയ രാഹുൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 39 പന്തുകളിൽ നിന്നും മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും സഹായത്തോടെയാണ് താരം അർധസെഞ്ചുറി നേടിയത്. കരിയറിലെ ഒൻപതാം അർധസെഞ്ചുറിയാണ് രാഹുൽ ഇന്ന് നേടിയത്. ക്രുനാലിനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി ടീം സ്‌കോർ 300 കടത്താനും രാഹുലിന് സാധിച്ചു.
43 പന്തുകളിൽ നിന്നും നാല് വീതം ബൗണ്ടറികളും സിക്സുകളും പായിച്ച് 62 റൺസെടുത്ത് രാഹുലും 31 പന്തുകളിൽ നിന്നും ഏഴ് ബൗണ്ടറികളും രണ്ട് സിക്സുകളും പറത്തി 58 റൺസെടുത്ത് ക്രുനാലും പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് മൂന്നുവിക്കറ്റ് വീഴ്‌ത്തിയപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റുകൾ നേടി.
സ്പോർട്സ് ഡെസ്ക്