- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാം കറന്റെ ഒറ്റയാൾ പോരാട്ടം വിഫലം; അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച് ഇംഗ്ലണ്ട്; നിർണായക മത്സരത്തിൽ ലോകചാമ്പ്യന്മാരെ കോലിയും സംഘവും കീഴടക്കിയത് ഏഴ് റൺസിന്; ടെസ്റ്റ് - ട്വന്റി20 പരമ്പരകൾക്ക് പിന്നാലെ ഏകദിന ക്രിക്കറ്റിലും ഇന്ത്യൻ വിജയഗാഥ; പരമ്പര നേട്ടം 2 - 1ന്; ഇനി ക്രിക്കറ്റ് ലോകം ഐപിഎല്ലിലേക്ക്
പുണെ: അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന നിർണായക മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ. വാലറ്റത്തെ കൂട്ടുപിടിച്ച് മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വീറോടെ പൊരുതിയ സാം കറന്റെ പോരാട്ടവീര്യത്തെ ഭാഗ്യത്തിന്റെ പിന്തുണയോടെ ചെറുത്താണ് ഇന്ത്യ ഐതിഹാസിക ജയം നേടിയത്.
മുൻനിര പരാജയപ്പെട്ട ഇംഗ്ലണ്ട് നിരയെ വാലറ്റത്തിന്റെ പിന്തുണയോടെ പൊരുതിയ സാം കറനാണ് ജയത്തിന്റെ പടിവാതിൽ വരെ എത്തിച്ചത്. അവസാന ഓവർ വരെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയെങ്കിലും, ടി.നടരാജൻ എറിഞ്ഞ അമ്പതാം ഓവറിൽ പിടിമുറുക്കിയാണ് ഇന്ത്യ മത്സരവും പരമ്പരയും സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന്, നിശ്ചിത 50 ഓവറിൽ നേടാനായത് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 322 റൺസ് മാത്രം. ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച കറൻ 83 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്‌സും സഹിതം 95 റൺസുമായി പുറത്താകാതെ നിന്നു. സാം കറനാണ് കളിയിലെ താരം
ടെസ്റ്റ്, ട്വന്റി20 പരമ്പരകൾക്കു പിന്നാലെയാണ് ഏകദിനത്തിലും ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇന്ത്യ തകർത്തുവിട്ടത്. സ്‌പെഷലിസ്റ്റ് സ്പിന്നർമാരില്ലാതെ ഇറങ്ങിയാണ് ഇന്ത്യ വിജയം നേടിയതെന്നതും ശ്രദ്ധേയം. കുൽദീപ് യാദവിനു പകരം ടി.നടരാജന് അവസരം നൽകിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്.
ആദ്യ രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ നട്ടെല്ലായിരുന്നു ഓപ്പണർമാരെ വെറും 28 റൺസിനിടെ പുറത്താക്കി ഭുവനേശ്വർ കുമാർ നൽകിയ മിന്നുന്ന തുടക്കമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഭുവി 10 ഓവറിൽ 42 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. കൃത്യസമയത്ത് വിക്കറ്റുകൾ വീഴ്‌ത്തുന്നതിലുള്ള വിരുത് ഒരിക്കൽക്കൂടി പുറത്തെടുത്ത് നാലു വിക്കറ്റ് പിഴുത ഷാർദുൽ താക്കൂറിന്റെ പ്രകടനവും ഇന്ത്യൻ ജയത്തിന് നിർണായകമായി. 10 ഓവറിൽ 67 റൺസ് വഴങ്ങിയാണ് താക്കൂർ നാലു വിക്കറ്റ് പിഴുതത്. പരമ്പരയിലാദ്യമായി അവസരം ലഭിച്ച നടരാജൻ സ്റ്റോക്‌സിന്റെ നിർണായക വിക്കറ്റും സ്വന്തമാക്കി.
മുൻനിരയും മധ്യനിരയും തകർന്നെങ്കിലും, വാലറ്റത്തെ കൂട്ടുപിടിച്ച് മികച്ച കൂട്ടുകെട്ടുകൾ തീർത്താണ് കറൻ ടീമിനെ താങ്ങിനിർത്തിയത്. ഏഴാം വിക്കറ്റിൽ മോയിൻ അലിക്കൊപ്പം 31 പന്തിൽ 32, എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പം 53 പന്തിൽ 57 റൺസ്, ഒൻപതാം വിക്കറ്റിൽ മാർക്ക് വുഡിനൊപ്പം 61 പന്തിൽ 60 റൺസ് എന്നിങ്ങനെ കൂട്ടിച്ചേർത്താണ് കറൻ ഇന്ത്യയെ ഞെട്ടിച്ചത്.
ഇന്ത്യൻ നായകൻ വിരാട് കോലി ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും കറന്റെ പ്രതിരോധം തകർക്കാനായില്ല. വ്യക്തിഗത സ്‌കോർ 22ൽ നിൽക്കെ കറന്റെ ക്യാച്ച് കൈവിട്ട ഹാർദിക് പാണ്ഡ്യയുടെ പിഴവും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഒടുവിൽ മറുവശത്തുനിന്ന മാർക്ക് വുഡ് അവസാന ഓവറിൽ റണ്ണൗട്ടായതോടെയാണ് ഇന്ത്യ മത്സരത്തിൽ പിടിമുറുക്കിയത്.
മോയിൻ അലി (25 പന്തിൽ 29), ആദിൽ റഷീദ് (22 പന്തിൽ 19), മാർക്ക് വുഡ് (21 പന്തിൽ 14) എന്നിങ്ങനെയാണ് ഇംഗ്ലിഷ് വാലറ്റക്കാരുടെ സംഭാവന. ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച ഡേവിഡ് മലന്റെ ഇന്നിങ്‌സും കരുത്തായി. 50 പന്തുകൾ നേരിട്ട മലൻ ആറു ഫോറുകൾ സഹിതം 50 റൺസെടുത്തു. ബെൻ സ്റ്റോക്‌സ് (39 പന്തിൽ 35), ലിയാം ലിവിങ്സ്റ്റൺ (31 പന്തിൽ 36) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഓപ്പണർമാരായ ജേസൺ റോയി (ആറു പന്തിൽ 14), ജോണി ബെയർസ്റ്റോ (നാലു പന്തിൽ ഒന്ന്), ക്യാപ്റ്റൻ ജോസ് ബട്‌ലർ (18 പന്തിൽ 15) എന്നിവർ നിരാശപ്പെടുത്തി.
ഒന്നാം ഓവറിലെ ആദ്യ അഞ്ച് പന്തിൽ മൂന്നും ബൗണ്ടറി കടത്തിയ ജേസൺ റോയിയെ, ആറാം പന്തിൽ പുറത്താക്കി ഭുവനേശ്വർ കുമാർ തുടക്കമിട്ട തിരിച്ചടിയാണ് ഇന്ത്യൻ ബോളർമാർ ചേർന്ന് പൂർത്തിയാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് എല്ലാവരും പുറത്തായി. ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്‌കോർ 350 കടക്കുമായിരുന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച് 21 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 30 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെ ഇന്നിങ്‌സും നിർണായകമായി. അവസാന നാലു വിക്കറ്റുകൾ വെറും എട്ടു റൺസിനിടെ നഷ്ടമാക്കിയാണ് ഇന്ത്യ 329 റൺസിൽ ഒതുങ്ങിയത്.
പരമ്പരയിലാദ്യമായി തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി ഓപ്പണർമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച മത്സരത്തിൽ, അവസാന ഓവറുകളിൽ പ്രതീക്ഷിച്ച രീതിയിൽ റൺനിരക്ക് ഉയർത്താനാകാതെ പോയതോടെയാണ് ഇന്ത്യ 329 റൺസിൽ ഒതുങ്ങിയത്. സെഞ്ചുറികളൊന്നും പിറന്നില്ലെങ്കിലും സെഞ്ചുറി പിന്നിട്ട ഓപ്പണിങ് കൂട്ടുകെട്ടും സെഞ്ചുറിയുടെ തൊട്ടടുത്തെത്തിയ ഹാർദിക് പാണ്ഡ്യ ഋഷഭ് പന്ത് കൂട്ടുകെട്ടുമാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. ഓപ്പണിങ് വിക്കറ്റിൽ 91 പന്തിൽനിന്ന് 103 റൺസ് അടിച്ചുകൂട്ടിയ രോഹിത് ധവാൻ സഖ്യം, ഒരുപിടി നാഴികക്കല്ലുകളും പിന്നിട്ടു. പിന്നീട് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും അഞ്ചാം വിക്കറ്റിൽ വെറും 73 പന്തിൽനിന്ന് 99 റൺസടിച്ച ഹാർദിക് പാണ്ഡ്യ ഋഷഭ് പന്ത് സഖ്യമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ ഉറപ്പാക്കിയത്.
14.4 ഓവറിൽ 103 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തിൽ നാല് ഫോറുകളടക്കം 37 റൺസെടുത്ത രോഹിത്തിന് പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തിൽ 10 ഫോറുകൾ സഹിതം 67 റൺസെടുത്താണ് ധവാൻ മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ വിരാട് കോലിക്ക് ഏഴു റൺസെടുക്കാനേ സാധിച്ചുള്ളൂ. വൈകാതെ കെ.എൽ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് 157 എന്ന നിലയിലായി.
തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് - ഹാർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. അഞ്ചാം വിക്കറ്റിൽ 99 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. 62 പന്തിൽ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 78 റൺസെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഹാർദിക് 44 പന്തിൽ നിന്ന് നാലു സിക്‌സും അഞ്ചു ഫോറുമടക്കം 64 റൺസെടുത്ത് പുറത്തായി. ശാർദുൽ താക്കൂർ 21 പന്തിൽ നിന്ന് 30 റൺസെടുത്തു. ക്രുനാൽ പാണ്ഡ്യ 25 റൺസെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ആദിൽ റഷീദ് രണ്ടു വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്