- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലീഡ്സിൽ 'റൂട്ട്' തെറ്റാതെ ഇംഗ്ലണ്ട് ബാറ്റിങ് നിര; രണ്ടാം ദിനം ആതിഥേയർ എട്ട് വിക്കറ്റിന് 423 റൺസ്; മൂന്നാം ടെസ്റ്റിലും ജോ റൂട്ടിന് സെഞ്ചുറി; നിലവിൽ 345 റൺസിന്റെ കൂറ്റൻ ലീഡ്; മൂന്ന് ദിവസം ശേഷിക്കെ സമനില പോലും ഇന്ത്യക്ക് കടുപ്പമേറും
ലീഡ്സ്: ഇംഗ്ലീഷ് പേസർമാരുടെ ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർക്ക് ലീഡ്‌സിലെ പിച്ചിൽ ബാറ്റ് ചെയ്യേണ്ടത് എങ്ങനെയെന്ന് ബോധ്യപ്പെടുത്തി ഇംഗ്ലീഷ് ബാറ്റിങ് നിര. അർദ്ധ സെഞ്ചുറിയും സെഞ്ചുറിയുമായി ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റ്‌സ്മാന്മാർ രണ്ടാം ദിനം കളം നിറഞ്ഞതോടെ 345 റൺസിന്റെ കൂറ്റൻ ലീഡിലേക്ക് ആതിഥേയർ മുന്നേറി. സെഞ്ചുറിയുമായി മുന്നിൽ നിന്നും പട നയിച്ച നായകൻ ജോ റൂട്ടിന്റെ ഇന്നിങ്‌സ് തന്നെയായിരുന്നു രണ്ടാം ദിനത്തിലെ ഹൈലറ്റ്‌സ്.
ണ്ടാം ദിനം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 423 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. നായകൻ ജോ റൂട്ടിന്റെ സെഞ്ചുറിയുടെയും ഹസീബ് ഹമീദ്, റോറി ബേൺസ്, ഡേവിഡ് മലൻ എന്നിവരുടെ അർധസെഞ്ചുറികളുടെയും കരുത്തിലാണ് രണ്ടാം ദിനം കൂറ്റൻ സ്‌കോറിലെത്തിയത്. ആദ്യ രണ്ട് ടെസ്റ്റിലേതുപോലെ ഓപ്പണർമാർ മടങ്ങിയശേഷം കളിയുടെ കടിഞ്ഞാണേറ്റെടുത്ത റൂട്ട് ഇംഗ്ലണ്ട് ഈ ടെസ്റ്റിൽ ഇനി തോൽക്കില്ലെന്ന് ഉറപ്പാക്കി.
24 റൺസോടെ ക്രെയ്ഗ് ഓവർടണും റണ്ണൊന്നുമെടുക്കാതെ ഓലി റോബിൻസണും ക്രീസിൽ. മൂന്ന് ദിവസം ബാക്കിയിരിക്കെ ഇംഗ്ലണ്ടിന്റെ ലീഡ് മറികടക്കാൻ തന്നെ കഠിനപ്രയത്നം വേണമെന്നതിനാൽ സമനിലയെക്കുറിച്ചു ചിന്തിക്കാതെ ഇന്നിങ്സ് തോൽവി ഒഴിവാക്കാനായി ഇന്ത്യക്ക് ഇനിയുള്ള ദിവസങ്ങളിൽ പൊരുതാം.
വിക്കറ്റ് നഷ്ടമില്ലാതെ 120 റൺസെന്ന നിലയിൽ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ റോറി ബേൺസും ഹസീബ് ദമീദും കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് ഇംഗ്ലണ്ടിനെ 135 റൺസിലെത്തിച്ചു. റോറി ബേൺസിനെ(61) ക്ലീൻ ബൗൾഡാക്കിയ മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 153 പന്തിൽ ആറ് ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് ബേൺസ് 61 റൺസെടുത്തത്.
രണ്ടാം ദിനം തുടക്കത്തിൽ ഇഷാന്ത് ശർമ നിറം മങ്ങിയപ്പോൾ ജസ്പ്രീത് ബുമ്രയും മുഹ്ഹമദ് ഷമിയും മുഹമ്മദ് സിറാജും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തി ഇംഗ്ലണ്ടിനെ വിറപ്പിച്ചു.പേസർമാർക്കെതിരെ മികച്ച പ്രതിരോധവുമായി ബാറ്റ് ചെയ്ത ഹസീബ് ഹമീദിന് ഒടുവിൽ രവീന്ദ്ര ജഡേജക്ക് മുമ്പിൽ പിഴച്ചു. 68 റൺസെടുത്ത ഹമീദിനെ ജഡേജ ക്ലീൻ ബൗൾഡാക്കി. രണ്ടാം വിക്കറ്റ് വീഴുമ്പോൾ ഇംഗ്ലണ്ട് സ്‌കോർ 159 റൺസിലെത്തിയിരുന്നു.
രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ആവേശത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാരുടെ ആവേശം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. തല്ലിക്കെടുത്തി. ഏകദിനശൈലിയിൽ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്ത റൂട്ടിന് മലൻ മികച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് കൂറ്റൻ ലീഡുറപ്പിച്ചു.ചായക്ക് തൊട്ടു മുമ്പുള്ള ഓവറിൽ സിറാജിന്റെ പന്തിൽ മലൻ പുറത്തായി.
ലെഗ് സ്റ്റംപിൽ പോയ പന്ത് റിഷഭ് പന്ത് കൈയിലൊതുക്കിയെങ്കിലും പന്തോ ഇന്ത്യൻ ഫീൽഡർമാരോ ക്യാച്ചിനായി അപ്പീൽ ചെയ്തില്ല. ക്യാച്ചിനായി റിവ്യു എടുക്കാൻ മുഹമ്മദ് സിറാജ് നിർബന്ധിച്ചതോടെ കോല റിവ്യു എടുത്തപ്പോഴാണ് തീരുമാനം ഇന്ത്യക്ക് അനുകൂലമായത്. ചായക്കുശേഷം പരമ്പരയിലെ മൂന്നാമത്തെയും കരിയറിലെ 23-ാമത്തെയും സെഞ്ചുറി കണ്ടെത്തിയ നായകൻ ജോ റൂട്ട് ഇംഗ്ലണ്ടിനെ മുന്നിൽ നിന്ന് നയിച്ചു. ഏകദിനശൈലിയിൽ ബാറ്റ് വീശി 165 പന്തിൽ 121 റൺസെടുത്ത റൂട്ടിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്.
ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ നേടിയ സെഞ്ചുറിയോടെ ജോ റൂട്ട് പുതിയ റെക്കോർഡും സ്വന്തമാക്കി. ടെസ്റ്റിൽ ഇന്ത്യക്കെതിരെ എട്ടാം സെഞ്ചുറി നേടിയ റൂട്ട് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോർഡാണ് സ്വന്തമാക്കിയത്.
ഇന്ത്യക്കെതിരായ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണ് ലീഡ്‌സിൽ റൂട്ട് അടിച്ചെടുത്തത്. ഏഴ് വീതം സെഞ്ചുറി നേടി സച്ചിൻ ടെൻഡുൽക്കറെയും രാഹുൽ ദ്രാവിഡിനെയും അലിസ്റ്റർ കുക്കിനെയുമാമാണ് റൂട്ട് ഇന്ന് മറികടന്നത്. ഈ പരമ്പരയിൽ റൂട്ട് നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. ആദ്യ ടെസ്റ്റിൽ 64, 109, രണ്ടാം ടെസ്റ്റിൽ 180, 33, ലീഡ്സിൽ 121 എന്നിങ്ങനെയാണ് റൂട്ടിന്റെ സ്‌കോർ.
ഇന്ത്യക്കെതിരെ കളിച്ച 41 ഇന്നിങ്സുകളിൽ നിന്നാണ് റൂട്ട് എട്ട് സെഞ്ചുറി സ്വന്തമാക്കിയത്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡും റൂട്ട് സ്വന്തമാക്കിയിരുന്നു. ആറ് അർധസെഞ്ചുറികൾ നേടിയിട്ടുള്ള എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമാണ് റൂട്ട് ഇപ്പോൾ.
മലനുശേഷം വന്ന ജോണി ബെയർസ്റ്റോ(28), ജോസ് ബട്ലർ(7), മൊയീൻ അലി(8), സാം കറൻ(15) എന്നിവർ കാര്യമായി സ്‌കോർ ചെയ്തില്ലെങ്കിലും അപ്പോഴേക്കും ഇംഗ്ലണ്ടിന്റെ ലീഡ് 300 കടന്നിരുന്നു. വാലറ്റത്ത് ക്രെയ്ഗ് ഓവർടണിന്റെ വമ്പനടികൾ ഇംഗ്ലണ്ടിന്റെ ലീഡ് 350ന് അടുത്തെത്തിച്ചു.മൂന്നാം വിക്കറ്റിൽ മലൻ-റൂട്ട് സഖ്യം 139 റൺസടിച്ചു. ഇന്ത്യക്കായി ഷമി മൂന്നും ജഡേജ രണ്ടും സിറാജും ബുമ്രയും ഒരോ വിക്കറ്റുമെടുത്തു.
സ്പോർട്സ് ഡെസ്ക്