എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം. ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച സീനിയർ താരങ്ങൾ ഇന്ന് കളത്തിലിറങ്ങും. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിലെ നിരാശ മറക്കാൻ അതേമണ്ണിൽ വീണ്ടും ഇറങ്ങുകയാണ് ഇന്ത്യ. ആദ്യ മത്സരത്തിൽ യുവതാരങ്ങൾ നൽകിയ മിന്നും ജയത്തിന്റെ കരുത്തിനൊപ്പം സീനിയർ താരങ്ങൾ കൂടി തിരിച്ചെത്തുന്നതോടെ ഇന്ത്യക്ക് ആത്മവിശ്വാസം കൂടും.

എന്നാൽ എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിന് ടി20യിൽ നൂറ് ശതമാനം വിജയമെന്ന റെക്കോർഡുണ്ട്. 2014ൽ ഇംഗ്ലണ്ടിനോട് ഇതേവേദിയിൽ മത്സരിച്ചപ്പോൾ ഇന്ത്യയും തോൽവിയറിഞ്ഞിട്ടുണ്ട്. വിരാട് കോലി , റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവർ തിരിച്ചെത്തുമ്പോൾ വിജയിച്ച ടീമിലെ ആരെ പുറത്തിരുത്തുമെന്നതാണ് രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമയുടെയും ആശങ്ക.

അർഷ്ദീപ് സിങ് ടീമിലില്ലാത്തതിനാൽ ബൗളിംഗിൽ മാറ്റമുറപ്പ്. ഉംറാൻ മാലിക്കും അവസരം കാത്തിരിക്കുന്നു. മോശം ഫോമിലുള്ള മുൻ നായകൻ വിരാട് കോലിക്ക് ലോകകപ്പിന് മുൻപ് ആത്മവിശ്വാസം വീണ്ടെടുക്കാൻ മികച്ച ഇന്നിങ്സിലെത്തേണ്ടതുണ്ട്. വിരാട് കോലിയുടെ 66 റൺസാണ് എഡ്ജ്ബാസ്റ്റണിൽ ടി20യിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്‌കോർ.

പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിച്ചെങ്കിലും ഇംഗ്ലണ്ടിനെ എഴുതിത്ത്തള്ളാനാവില്ല. ചെറിയ ഗ്രൗണ്ടായതിനാൽ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റർമാരെ സൂക്ഷിക്കണം. ജോസ് ബട്ലർ, ലിയാം ലിവിങ്സ്റ്റൺ, ഡേവിഡ് മലാൻ, ജേസൺ റോയ്, മൊയീൻ അലി എന്നിവരെല്ലാം മത്സരം ജയിപ്പിക്കാൻ കരുത്തുള്ളവർ.

ടെസ്റ്റ് മത്സരത്തിനിടെ എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ആരാധകർക്കെതിരെ വംശീയാധിക്ഷേപം നടന്നതിനാൽ പരിശോധന സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. വംശീയവിധ്വേഷം നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക ഉദ്യോഗസ്ഥരും കാണികൾക്കിടയിലുണ്ടാകും. ടെസ്റ്റ് മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും നിലവിൽ ഇന്നത്തെ മത്സരത്തിന് മഴഭീഷണിയില്ല.

സാധ്യതാ ഇലവൻ: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്/ ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രിത് ബുമ്ര, ഹർഷൽ പട്ടേൽ, യൂസ്വേന്ദ്ര ചാഹൽ.