- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിദേശ മണ്ണിൽ കന്നി സെഞ്ചുറി സിക്സറിലൂടെ പൂർത്തിയാക്കി രോഹിത് ശർമ; പുജാരയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ട്; ഹിറ്റ്മാന്റെ കരുത്തിൽ ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ നിലയുറപ്പിച്ച് ഇന്ത്യ; നൂറ് റൺസിന്റെ ലീഡ്; മികച്ച വിജയലക്ഷ്യം കുറിക്കുമെന്ന പ്രതീക്ഷയിൽ ആരാധകർ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് കരുത്തേകി ഓപ്പണർ രോഹിത് ശർമയുടെ മിന്നും സെഞ്ചുറി. സ്പിന്നർ മോയിൻ അലിയെ സിക്സറിന് പറത്തിയാണ് രോഹിത് സെഞ്ചുറി തികച്ചത്. വിദേശത്ത് രോഹിത്തിന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയാണിത്. താരത്തിന്റെ കരിയറിലെ എട്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. 204 പന്തിൽ നിന്നുമാണ് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയത്.
ഓപ്പണിങ് വിക്കറ്റിൽ കെ എൽ രാഹുലിനൊപ്പം 83 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് ശർമ്മ രണ്ടാം വിക്കറ്റിൽ ചേതേശ്വർ പുജാരയ്ക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. മാത്രമല്ല മത്സരത്തിനിടെ ടെസ്റ്റ് കരിയറിൽ 3000 റൺസെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. ബൗളർമാരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചിൽ രോഹിത്തിന്റെ സെഞ്ചുറി ഇന്ത്യയ്ക്ക് നിർണായകമായി.
മൂന്നാം ദിനം ചായയ്ക്ക് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിലാണ് ഇന്ത്യ. 98 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ഇന്ത്യയ്ക്ക് നിലവിൽ 100 റൺസിന്റെ ലീഡ് ആയി. 103 റൺസുമായി രോഹിത്തും 48 റൺസുമായി പൂജാരയുമാണ് ക്രീസിൽ.
മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് സ്കോർ 83-ൽ എത്തിയപ്പോൾ ഓപ്പണർ കെ.എൽ രാഹുലിനെ നഷ്ടമായി. 101 പന്തുകൾ നേരിട്ട് ഒരു സിക്സും ആറു ഫോറുമടക്കം 46 റൺസെടുത്ത രാഹുലിനെ പുറത്താക്കി ജെയിംസ് ആൻഡേഴ്സനാണ് ഇംഗ്ലണ്ടിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നൽകിയത്. രോഹിത്തിനൊപ്പം ഓപ്പണിങ്ങിൽ മികച്ച തുടക്കമിട്ട ശേഷമാണ് രാഹുൽ പുറത്തായത്.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 99 റൺസിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 191 റൺസ് പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 290 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒലി പോപ്പും ക്രിസ് വോക്സും ഇംഗ്ലണ്ടിനായി അർധ സെഞ്ചുറി നേടി.
സ്പോർട്സ് ഡെസ്ക്