ലണ്ടൻ : ഇന്ത്യ- ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന് ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ സമയം വൈകീട്ട് 3.30 ന് തുടക്കമാകും. കഴിഞ്ഞ മൽസരത്തിലെ കനത്ത തോൽവിയുടെ ആഘാതം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. നോട്ടിങ്ഹാം ടെസ്റ്റ് മഴയെടുത്തപ്പോൾ ലോർഡ്സിൽ ഇന്ത്യയും ലീഡ്സിൽ ഇംഗ്ലണ്ടും ജയിച്ചു. അഞ്ചു മൽസര പരമ്പര ഇപ്പോൾ 1-1 എന്ന നിലയിൽ സമനിലയിലാണ്.

ആദ്യ ടെസ്റ്റ് മഴ മൂലം സമനിലയിലായപ്പോൾ, ലോഡ്സിലെ രണ്ടാം ടെസ്റ്റിൽ 151 റൺസിന്റെ തകർപ്പൻ വിജയം നേടി ഇന്ത്യ മുന്നിലെത്തി. എന്നാൽ ലീഡ്സിൽ ഇന്ത്യയെ തറപറ്റിച്ച് ഇംഗ്ലണ്ട് ഒപ്പമെത്തി. ഇന്നിങ്സിനും 76 റൺസിനുമാണ് മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ തോൽവി.

ബാറ്റ്‌സ്മാന്മാരുടെ സ്ഥിരതയില്ലായ്മ ഇന്ത്യയെ അലട്ടുന്നു. ക്യാപ്റ്റൻ വിരാട് കോലിയും ഇതിൽ ഉൾപ്പെടുന്നു. മൂന്നാം നമ്പറിൽ ചേതേശ്വർ പുജാര, അഞ്ചാമനായ അജിൻക്യ രഹാനെ എന്നിവരും കുറേക്കാലമായി അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ ടെസ്റ്റിൽ പുജാര 91 റൺസടിച്ചത് ചെറിയ ആശ്വാസമായി.

ഓസ്‌ട്രേലിയയ്ക്കെതിരായ ഒരു സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരേ ഒരു അർധസെഞ്ചുറിയും മാറ്റിനിർത്തിയാൽ സമീപകാലത്ത് രഹാനെയുടെ പ്രകടനം തീർത്തും നിരാശാജനകമാണ്. മികച്ച മധ്യനിര ബാറ്റ്‌സ്മാനെന്ന് പേരെടുത്ത സൂര്യകുമാർ യാദവ്, പാർട്ട് ടൈം ബൗളർകൂടിയായ ഹനുമ വിഹാരി എന്നിവർ അവസരത്തിനായി കാത്തിരിക്കുന്നത് രഹാനെക്ക് ഭീഷണിയാകുന്നുണ്ട്. രോഹിത് ശർമ, കെ.എൽ. രാഹുൽ എന്നിവർ ചേർന്ന ഓപ്പണിങ് വിഭാഗത്തെക്കുറിച്ച് വലിയ ആശങ്കയില്ല.

കഴിഞ്ഞ മൂന്ന് ടെസ്റ്റിലും പേസ് ബൗളർമാർ കഠിനമായി അധ്വാനിച്ചു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ ജോലിഭാരം കുറയ്ക്കാനും ടീം ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി പുതുമുഖ പേസർ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തി. സ്റ്റാൻഡ് ബൈ ആയാണ് പ്രസിദ്ധ് ഇംഗ്ലണ്ടിലെത്തിയത്. ഇഷാന്ത് ശർമയ്ക്ക് പകരം ശാർദൂൽ ഠാക്കൂറും പരിഗണനയിലുണ്ട്.

ലോകോത്തര സ്പിന്നർ ആർ. അശ്വിന് ആദ്യ മൂന്ന് ടെസ്റ്റിലും ഇടംകിട്ടിയില്ല. ബാറ്റിങ്ങിലുംകൂടി വിശ്വസിക്കാവുന്ന ഇടംകൈയൻ രവീന്ദ്ര ജഡേജയെ കളിപ്പിക്കുന്നതുകൊണ്ടാണിത്. ഓവൽ ഗ്രൗണ്ടിൽ സ്പിന്നിന് കുറച്ചുകൂടി ആനുകൂല്യമുള്ളതിനാൽ അശ്വിനെ ഇറക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പാർട്ട് ടൈം സ്പിന്നറായ ഹനുമ വിഹാരിക്കും സാധ്യതതെളിയും.

ആദ്യ മൂന്ന് ടെസ്റ്റിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഫോം ഇംഗ്ലണ്ടിന് വലിയ ആശ്വാസം നൽകുന്നു. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഡേവിഡ് മാലനും മൂന്നാം ടെസ്റ്റിൽ പ്രതീക്ഷയ്ക്കൊത്തുയർന്നു. പേസ് ബൗളിങ്ങിൽ ക്രിസ് വോക്‌സ്, മാർക് വുഡ് എന്നിവർ എത്തുന്നതോടെ മുതിർന്ന താരം ജെയിംസ് ആൻഡേഴ്‌സന് ജോലിഭാരം കുറയും. മോയിൻ അലിയെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിട്ടുണ്ട്. ജോസ് ബട്ലറിന് പകരം ജോണി ബെയ്‌ര്സ്റ്റോ വിക്കറ്റ് കീപ്പറാവും.