ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് നായകൻ വിരാട് കോലി. വിജയിച്ച ടീമിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നില്ല. മൂന്നാം ടെസ്റ്റിനുള്ള ലീഡ്സിലെ പിച്ച് കണ്ട് അത്ഭുതപ്പെട്ടുവെന്നും മത്സരത്തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ കോലി പറഞ്ഞു.

ലോർഡ്സിൽ ജയിച്ച ടീമിൽ മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ല. ടീം കോംബിനേഷൻ ശരിയാക്കാനായി നിർബന്ധിത മാറ്റങ്ങളുണ്ടാകില്ല. ആർക്കെങ്കിലും പരിക്കുണ്ടെങ്കിൽ മാത്രമെ ലോർഡ്സിൽ ജയിച്ച ടീമിൽ മാറ്റം വരുത്തു. നിലവിൽ ടീമിലെ ആർക്കും പരിക്കില്ലെന്നും കോലി പറഞ്ഞു.

 

ലീഡ്സിൽ കുറച്ചുകൂടി പുല്ലുള്ള പിച്ചാണ് പ്രതീക്ഷിച്ചതെന്ന് കോലി വ്യക്തമാക്കി. ജോഫ്ര ആർച്ചറും ക്രിസ് വോക്സും സ്റ്റുവർട്ട് ബ്രോഡും ബെൻ സ്റ്റോക്സുമൊന്നും ഇല്ലാതെ ദുർബലരായ ഇംഗ്ലണ്ട് ടീമിനെ തോൽപ്പിച്ച് ഇന്ത്യക്ക് ഇംഗ്ലണ്ടിൽ പരമ്പര നേടാനുള്ള സുവർണാവസരമാണോ ഇതെന്ന ചോദ്യത്തിന് എതിരാളി ദുർബലനാവുമ്പോൾ മാത്രമല്ല കരുത്തരായിക്കുമ്പോഴും അവരെ തോൽപ്പിക്കാൻ ഇന്ത്യക്കാവുമെന്ന് കോലി പ്രതികരിച്ചു.

എതിരാളികൾ ദുർബലരാവുമ്പോൾ മാത്രം അവരെ തോൽപ്പിക്കാനിരിക്കുന്നവരല്ല ഈ ഇന്ത്യൻ ടീം. ഇത്രയും മികച്ച പ്രകടനം നടത്തുന്ന ഒരു ടീമിനോട് എങ്ങനെയാണ് ഇത്തരത്തിലൊരു തെറ്റായ ചോദ്യം ചോദിക്കുകയെന്നും കോലി ചോദിച്ചു. ആദ്യ ടെസ്റ്റിൽ ജയത്തിനടുത്താണ് മഴ മൂലം നമ്മൾ സമനില വഴങ്ങിയത്. രണ്ടാം ടെസ്റ്റിലും അതേ വിജയതൃഷ്ണയോടെയാണ് നമ്മൾ കളിച്ചത്.

എതിരാളികൾ പ്രകോപിപ്പിച്ചാൽ അതിന് അതേനാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യൻ ടീമിനാവും. മുഹമ്മദ് സിറാജിന്റെ ബൗളിംഗിനെ കോലി പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചു.

ആദ്യ രണ്ട് ടെസ്റ്റിലും രോഹിത് ശർമയും കെ എൽ രാഹുലും നൽകിയ മികച്ച തുടക്കങ്ങൾ ഇന്ത്യയുടെ പ്രകടനത്തിൽ നിർണായകമായെന്നും കോലി പറഞ്ഞു. വിദേശ പരമ്പരകളിൽ മികച്ച തുടക്കങ്ങൾ അനിവാര്യമാണ്. ആദ്യ രണ്ട് ടെസ്റ്റിലും അത് നൽകുന്നതിൽ രോഹിത്തും രാഹുലും വിജയിച്ചു. വരും ടെസ്റ്റിലും അവർ അതേ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോലി പറഞ്ഞു.