- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.എഫ്.സി. എഷ്യൻ കപ്പ്: അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ് കോങ്ങിനെ ഗോൾ മഴയിൽ മുക്കി ഇന്ത്യ; ജയം എതിരില്ലാത്ത നാല് ഗോളുകൾക്ക്; ഗ്രൂപ്പ് ചാമ്പ്യന്മാരായി യോഗ്യത അധികാരികമാക്കി ഛേത്രിയും സംഘവും
കൊൽക്കത്ത: എ.എഫ്.സി. എഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ഗ്രൂപ്പ് ഡിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഹോങ് കോങ്ങിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തോൽപ്പിച്ചു.
29 വർഷത്തിനുശേഷമാണ് ഇന്ത്യ ഹോങ്കോംഗിനെതിരെ ജയം നേടുന്നത്. ആദ്യ പകുതിയിൽ അൻവർ അലിയും ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഇന്ത്യക്കായി സ്‌കോർ ചെയ്തപ്പോൾ രണ്ടാം പകുതിയിൽ പകരക്കാരായി എത്തിയ മൻവീർ സിംഗും ഇഷാൻ പണ്ഡിതയും ഇന്ത്യയുടെ ഗോൾ പട്ടിക തികച്ചു.
ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ 2023 എ.എഫ്.സി കപ്പിന് ആധികാരികമായി യോഗ്യത നേടി. മത്സരം തുടങ്ങുന്നതിന് മുൻപ് തന്നെ ഇന്ത്യ യോഗ്യത ഉറപ്പിച്ചിരുന്നു. എന്നിട്ടും ഹോങ് കോങ്ങിനെതിരേ തകർപ്പൻ പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്.
മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദിനെയും ആഷിഖ് കുരുണിയനെയും ആദ്യ ഇലവനിൽ കളിപ്പിച്ചാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ഹോങ്കോംഗിനെതിരെ ഇന്ത്യയെ ഇറക്കിയത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ അൻവർ അലിയുടെ ഗോളിൽ ഇന്ത്യ മുന്നിലെത്തി. ഏഷ്യ കപ്പിലെ ഏറ്റവും വേഗതയേറിയ ഗോളുകളിലൊന്നാണ് അൻവർ അലി നേടിയത്. ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബോൾ കണ്ടെത്തിയ അൻവർ അലി ലക്ഷ്യം കാണുകയായിരുന്നു. ആഷിഖ് കുരുണിയനാണ് ആദ്യം പന്ത് ലഭിച്ചത്. എന്നാൽ പോസ്റ്റിലേക്കുള്ള താരത്തിന്റെ ഷോട്ട് ഹോങ് കോങ് പ്രതിരോധം വിഫലമാക്കി. പക്ഷേ പന്ത് നേരെയെത്തിയത് അൻവർ അലിയുടെ കാലിലാണ്. കിട്ടിയ അവസരം അലി നന്നായി തന്നെ വിനിയോഗിച്ചു. ഹോങ് കോങ് ഗോൾവല കുലുങ്ങി..
ആദ്യ പകുതി തീരാൻ സെക്കൻഡുകൾ ബാക്കിയിരിക്കെ ക്യാപ്റ്റൻ സുനിൽ ഛേത്രിയിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി ഉയർത്തി. ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിയുടെ 84-ാം ഗോളായിരുന്നു ഇത്. ഇതോഗെ രാജ്യാന്തര ഗോളുകളുടെ എണ്ണത്തിൽ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോർഡിനൊപ്പമെത്താനും ഛേത്രിക്കായി.
രണ്ടാം ഗോൾ പിറന്നത് ആദ്യപകുതിയുടെ ഇൻജുറി ടൈമിലാണ്. ഇന്ത്യയ്ക്ക് ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് ഗോൾ വീണത്. കിക്കെടുത്ത ജീക്സൺ സിങ് മനോഹരമായ പാസ് ഛേത്രിക്ക് കണക്കായി നൽകി. വായുവിലൂടെ ഉയർന്നുവന്ന പന്ത് അതിമനോഹരമായി കാലിലൊതുക്കിയ ഛേത്രി ഗോൾകീപ്പറടക്കം നാല് പ്രതിരോധതാരങ്ങൾ അണിനിരന്ന ഗോൾപോസ്റ്റിലേക്ക് തന്ത്രപൂർവം അടിച്ചുകയറ്റി. ഛേത്രി ടൂർണമെന്റിൽ നേടുന്ന നാലാം ഗോളാണിത്. ഛേത്രിയുടെ ഗോളിന് പിന്നാലെ ആദ്യ പകുതി അവസാനിച്ചു. ആദ്യപകുതിയിലുടനീളം ഇന്ത്യ മത്സരത്തിൽ ആധിപത്യം പുലർത്തി.
രണ്ടാം പകുതിയിൽ ഇന്ത്യയ്ക്ക് വേണ്ടി പകരക്കാരനായി വന്ന മൻവീർ സിങ് വലചലിപ്പിച്ചു. മത്സരത്തിന്റെ 85-ാം മിനിറ്റിലാണ് ഗോൾ വീണത്. ബ്രാൻഡൺ ഫെർണാണ്ടസിന്റെ തകർപ്പൻ ക്രോസ് അനായാസം മൻവീർ വലയിലെത്തിച്ചു.
മത്സരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ ഇഷാൻ പണ്ഡിത ഇന്ത്യയ്ക്ക് വേണ്ടി നാലാം ഗോൾ നേടി. മൻവീർ സിങ്ങിന്റെ ക്രോസിൽ നിന്നാണ് ഇഷാൻ ഗോളടിച്ചത്. പിന്നാലെ റഫറി ഫൈനൽ വിസിൽ മുഴക്കി.
നേരത്തെ ഫലസ്തീൻ, ഫിലിപ്പീൻസിനെ തോൽപ്പിച്ചതോടെ ഹോങ്കോംഗിനെതിരായ അവസാന മത്സരത്തിന് മുമ്പെ ഏഷ്യൻ കപ്പിന് യോഗ്യത നേടിയിരുന്നെങ്കിലും ജയത്തോടെ അത് ഇന്ത്യ ആധികാരികമാക്കി. യോഗ്യതാ പോരാട്ടങ്ങളിൽ നേരത്തെ കംബോഡിയെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യ തുടർച്ചയായി രണ്ട് തവണ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നത് ഇതാദ്യമാണ്.
സ്പോർട്സ് ഡെസ്ക്