തിരുവനന്തപുരം: കേരളാ ക്രിക്കറ്റിനെ ദേശീയ സംഘാടന മികവിലേക്ക് എത്തിച്ചത് കേണൽ ഗോദവർമ്മ രാജയാണ്. അതിന് ശേഷം ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം എസ് കെ നായർ ഇന്ത്യൻ ക്രിക്കറ്റിലെ അതികായനായി. എസ് കെയെ ബൗൾഡാക്കി ടിസി മാത്യു പുതിയ യുഗത്തിന് തുടക്കമിട്ടു. എസ് കെയും ടിസിയുമായിരുന്നു കേരളാ ക്രിക്കറ്റിലെ പുതു തലമുറമാറ്റത്തിന് ചുക്കാൻ പിടിച്ചത്. ഇരുവരുടേയും നേതൃത്വത്തിൽ കേരളത്തിൽ നിരവധി അന്താരാഷ്ട്ര മത്സരമെത്തി. പിഴവുകൾ കൂടാതെ നടന്നു. അഴിമതി ആരോപണങ്ങൾ ഉയർന്നെങ്കിലും മറ്റ് പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇന്ന് ടിസിയും കേരളാ ക്രിക്കറ്റിന്റെ പടിക്ക് പുറത്താണ്. ചില ഇടപെടലുകളുടെ ഭാഗമായി ടിസി സ്വയം വിരമിച്ചു. തൊട്ടു പിറകേ തിരുവനന്തപുരത്ത് ട്വന്റി ട്വന്റിയും എത്തി.

29 വർഷങ്ങൾക്ക് ശേഷമാണ് തലസ്ഥാന നഗരം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത്. ഗ്രീൻൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിനുള്ള ഒരുക്കങ്ങളിൽ കല്ലുകടിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. സ്റ്റേഡിയത്തിൽ വിഐപികൾക്കുള്ള കോർപ്പറേറ്റ ബോക്സിൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നത് മുതൽ ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും ടിക്കറ്റ് കിട്ടുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഉയരുന്നതുൾപ്പടെ നിരവധി പ്രശ്നങ്ങളാണ് ഇപ്പോൾ കെസിഎ അധികൃതരെ വലയ്ക്കുന്നത്. സ്റ്റേഡിയം നവീകരണത്തിന്റെ ഫണ്ട് കിട്ടാത്തതും പ്രശ്‌നമാണ്. ഇതിനൊപ്പം അന്താരാഷ്ട്ര മത്സരത്തിന് ചുക്കാൻ പിടിച്ച് മുൻപരിചയമുള്ളവർ ആരും ഇപ്പോൾ നേതൃത്വത്തിലില്ല. ടിസിയുടെ ഒറ്റയാൻ ഇടപാടുകളായിരുന്നു കഴിഞ്ഞ പത്ത് വർഷവും നടന്നത്. ഇതിനിടെയിൽ പുതിയ നേതൃമികവുള്ളവർ ഉയർന്നു വന്നതുമില്ല. ഇതോടെ തിരുവനന്തപുരത്തെ മത്സരം കെസിഎയ്ക്ക് വലിയ വെല്ലുവിളിയാവുകയാണ്.

ഈ സാഹചര്യത്തിൽ മുന്നൊരുക്കങ്ങളിൽ തീരുമാനമെടുക്കാൻ പ്രത്യേക ഉന്നത സമിതി യോഗം വിളിച്ചിരിക്കുകയാണ് കെസിഎ സെക്രട്ടറി ജയേഷ് ജോർജ്. ആരോപണങ്ങളെ ഭയന്ന് കൂട്ടായ തീരുമാനം എടുക്കാനാണ് ജയേഷിന്റെ നീക്കം. ക്രിക്കറ്റിൽ ഇപ്പോൾ ഓംബുഡ്‌സ്മാനും ഉണ്ട്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയാണ് ഇതിന് നേതൃത്വം നൽുകന്നത്. അതുകൊണ്ട് തന്നെ അഴിമതിക്കറ വീഴാതിരിക്കാനാണ് ശ്രദ്ധ. അതിനാൽ തിരുവനന്തപുരം ട്വന്റി ട്വന്റിയിൽ തീരുമാനമൊന്നും സെക്രട്ടറി എടുക്കുന്നില്ല. അതിനിടെ തിരുവനന്തുപരം മത്സരത്തെ അട്ടിമറിക്കാൻ കൊച്ചി ലോബി ശ്രമിക്കുന്നതായും സൂചനയുണ്ട്. ഇനി തിരുവനന്തുപരത്ത് അന്താരാഷ്ട്ര മത്സരമെത്താതിരിക്കാനാണ് ഇതെന്നും ആക്ഷേപം ഉണ്ട്.

മത്സരത്തിന്റെ തീയതിയും സമയവുമെല്ലാം മൂന്ന് മാസം മുമ്പ് പ്രഖ്യാപിച്ചതാണ്. നവംബറിൽ കാര്യവട്ടത്ത് ഇന്ത്യൻ ടീം കളിക്കുമെന്ന് ഓഗസ്റ്റ് 1ന് തന്നെ തീരുമാനിച്ചതുമാണ്. മൂന്ന് മാസം സമയമുണ്ടായിട്ടും വേണ്ടപോലെ ഒരുക്കങ്ങൾ പൂർത്തിയാക്കാനായില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വിഐപി ബോക്സിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാനും മറ്റുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും. കെസിഎയെ സംബന്ധിച്ചിടത്തോളം നിസാരമായ തുകയാണ്. എന്നിട്ടും ഒരുക്കങ്ങൾ വൈകുന്നതിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.ഇനി മൂന്നാഴ്ച സമയം തികച്ച് ഇല്ല മത്സരത്തിന്. മത്സരം നടക്കുന്ന നവംബർ 7 ചൊവ്വാഴ്ചയാണ്. ബുധനാഴ്ച ദിവസം മന്ത്രിസഭാ യോഗം ഉള്ളതു കൊണ്ട് തന്നെ എല്ലാ മന്ത്രിമാരും തലസ്ഥാനത്തുണ്ടാകും.

മന്ത്രിമാരിൽ ഭൂരിഭാഗംപേരും കായിക പ്രേമികളാണെന്നിരിക്കെ വിഐപി ബോക്സിൽ ആളുകൾ കൂടുതലുണ്ടാകും. വേണ്ട സൗകര്യങ്ങൾ ഒരുക്കിയില്ലെങ്കിൽ കൂടുതൽ മത്സരങ്ങൾക്ക് വേദിയാകാനുള്ള സാധ്യതയും മങ്ങും. കൊച്ചി സ്റ്റേഡിയത്തിലാണ് മുൻപ് കെസിഎക്ക് അനുവദിച്ച മത്സരങ്ങൾ നടത്തിയിരുന്നത്. ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾ മാത്രമെ ഇനി നടത്താനാവുകയുള്ളു. ഈ സാഹചര്യത്തിലാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം ഉടമകളുമായി കെസിഎ 10 വർഷത്തെ കരാറിലെത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് തലസ്ഥാനത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം. മത്സരത്തിന് മുന്നോടിയായി ഒരുക്കങ്ങൾ നടത്താൻ വലിയ ബുദ്ധിമുട്ടുകളുമില്ലെന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ആദ്യത്തെ രാജ്യാന്തര മത്സരമായതുകൊണ്ട് തന്നെ പിച്ച് ഉൾപ്പടെയുള്ള കാര്യങ്ങളിലും ആശങ്കയുണ്ടെന്നാണ് സൂചന. രഞ്ജി ട്രോഫി മത്സരങ്ങളിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ ഹോംഗ്രൗണ്ടായിരുന്നു ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഈ സീസണിൽ മൂന്ന് മത്സരങ്ങൾ ഇവിടെ നടത്താനാണ് തീരുമാനിച്ചതെങ്കിലും ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിന്റെ ഒരുക്കങ്ങൾക്കായി കേരളത്തിന്റെ മത്സരങ്ങൾ തുമ്പ സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.

ഓൺലൈൻ ടിക്കറ്റ് വിൽപ്പനയെക്കുറിച്ചാണ് വ്യാപകമായ പരാതികളുയരുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഓൺലൈൻ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. എന്നാൽ അന്ന് രാവിലെ മുതലുള്ള സൈറ്റ് പ്രശ്നം മൂന്നാം ദിവസവും പരിഹരിച്ചിട്ടില്ല. രാവിലെ മുതൽ പല തവണ ടിക്കറ്റിന് ശ്രമിച്ചിട്ടും പലർക്കും കിട്ടിയില്ല. ഉച്ചയോടെ സൈറ്റ് പൂർണമായും ലഭ്യമല്ലാതായി. വൈകുന്നേരത്തോടെ വീണ്ടും ടിക്കറ്റ് വിൽപ്പന ആരംഭിച്ചെങ്കിലും ഓൺലൈൻ വിൽപ്പന വീണ്ടും തടസ്സപ്പെട്ടു. പലർക്കും ടിക്കറ്റ് എടുക്കുന്നതിനായി പണം നഷ്ടപ്പെട്ടിട്ടും ടിക്കറ്റ് ലഭിച്ചില്ല. ഇങ്ങനെ നഷ്ടപെട്ട പണത്തിന് പകരം ടിക്കറ്റ് ലഭിക്കുമോ അതോ പണം തിരികെ ലഭിക്കുമോ എന്നറിയാത്തതുകൊണ്ട് തന്നെ പിന്നെയും പണം മുടക്കി ടിക്കറ്റ് എടുക്കണോ എന്നറിയാതെ വലഞ്ഞിരിക്കുകയാണ് പൊതുജനം.

നഗരത്തിൽ ആദ്യമായ് എത്തുന്ന ടി20 മത്സരത്തിനെ ഇരുകൈയും നീട്ടിയാണ് സോഷ്ൽ മീഡിയയിൽ തലസ്ഥാനത്തെ ക്രിക്കറ്റ് പ്രേമികൾ സ്വീകരിച്ചത്. മലബാർ മേഖലയിൽ ഫുട്ബോളിനുള്ള അതേ സ്വീകാര്യതയാണ് തലസ്ഥാനത്ത് ക്രിക്കറ്റിന്. ടിക്കറ്റിനായി പലരും മണിക്കൂറുകൾ ഓൺലൈനിൽ സമയം ചിലവഴിച്ചിട്ടും ടിക്കറ്റ് തീർന്നുവെന്ന വിവരമാണ് സൈറ്റിൽ നിന്നും ലഭിക്കുന്നതെന്നും പരാതിയുണ്ട്. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിന് ടിക്കറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുമോ എന്നാണ് ഇപ്പോൾ പലരും പങ്കുവെയ്ക്കുന്ന ആശങ്ക. ഓൺലൈൻ ബുക്കിങ്ങ് സംവിധാനം പാടെ നിരാശപ്പെടുത്തിയെന്ന് തന്നെയാണ് കെസിഎയിലെ ഒരു ഉന്നതനും മറുനാടൻ മലയാളിയോട് പറഞ്ഞത്.

2014 നവംബറിലാണ് കേരളം അവസാനമായി ഒരു രാജ്യാന്തര മത്സരത്തിന് വേദിയാകുന്നത്. ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ കൊച്ചിയിലായിരുന്നു മത്സരം.മുമ്പ് നടന്ന എല്ലാ മത്സരങ്ങൾക്കും ഫെഡറൽ ബാങ്ക് തന്നെയാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. കൊച്ചിയിൽ നടത്തിയ മത്സരങ്ങൾക്ക് ടിക്കറ്റ് വിൽപ്പന കുറ്റമറ്റതായിരുന്നുവെങ്കിലും ഇപ്പോൾ ഓൺലൈൻ വിൽപ്പന ഉൾപ്പടെ തടസ്സപ്പെട്ടത് ക്രിക്കറ്റ് പ്രേമികൾക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.