റാഞ്ചി: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ മുഹമ്മദ് സിറാജിന് പകരം ഹർഷൽ പട്ടേൽ ടീമിലിടം നേടി. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഹർഷലിന് ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരമാണിത്.

 

കഴിഞ്ഞ മത്സരത്തിൽ ഫിനിഷറുടെ റോളിലെത്തി തിളങ്ങാനായില്ലെങ്കിലും വെങ്കടേഷ് അയ്യർ സ്ഥാനം നിലനിർത്തി. അതേസമയം കഴിഞ്ഞ സമത്സരം കളിച്ച ടീമിൽ മൂന്ന മാറ്റങ്ങളുമായാണ് ന്യൂസിലൻഡ് ഇന്നിറങ്ങുന്നത്. ലോക്കി ഫെർഗൂസനും, രചിൻ രവീന്ദ്രയും ടോഡ് ആസിലും പുറത്തുപോയപ്പോൾ ജെയിംസ് നീഷാമും ഇഷ് സോധിയും ആദം മിൽനെയും കിവീസ് നിരയിൽ തിരിച്ചെത്തി.

മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ 1-0ന് പരമ്പരയിൽ മുന്നിലാണ്. റാഞ്ചിയിൽ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെയും ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ രോഹിത് ശർമയുടെയും ആദ്യ പരമ്പരയാണിത്. ട്വന്റി 20 ലോകകപ്പിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് കണക്കു തീർക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. വെള്ളിയാഴ്ച ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പരനേടാം.

റാഞ്ചി സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റുകളിലും കാണികളെ അനുവദിക്കും. ഏറെക്കാലത്തിനു ശേഷമാണ് ഇന്ത്യയിൽ നൂറുശതമാനം സീറ്റുകളും കാണികൾക്കായി തുറന്നുകൊടുക്കുന്നത്. ആദ്യമത്സരത്തിൽ റൺ ചേസിങ്ങിന്റെ അവസാനഘട്ടത്തിൽ സമ്മർദത്തിൽപ്പെട്ടത് ഒഴിച്ചാൽ ബാക്കിയെല്ലാം ഇന്ത്യയുടെ പദ്ധതിക്കനുസരിച്ചുവന്നു. ഓപ്പണിങ്ങിൽ ക്യാപ്റ്റൻ രോഹിത് ശർമയും കെ.എൽ. രാഹുലും വൺഡൗണായി സൂര്യകുമാർ യാദവും വിശ്വാസംകാത്തു.ബൗളിങ്ങിൽ പേസർ ഭുവനേശ്വർ കുമാറും ആർ. അശ്വിനും മികവുകാട്ടിയിരുന്നു.