രാജ്കോട്ട്: ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 170 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. 27 പന്തിൽ 56 റൺസെടുത്ത ദിനേശ് കാർത്തിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഹാർദ്ദിക് പാണ്ഡ്യ 31 പന്തിൽ 46 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കുവേണ്ടി ലുങ്കി എങ്കിഡി രണ്ട് വിക്കറ്റെടുത്തു.

ടോസിലെ നിർഭാഗ്യം ബാറ്റിംഗിലും ഇന്ത്യയെ പിടികൂടി. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് ഓപ്പണർ റുതുരാജ് ഗെയ്ക്വാദിനെ(5) നഷ്ടമായി. ലുങ്കി എങ്കിഡിക്കായിരുന്നു വിക്കറ്റ്. വൺ ഡൗണായി എത്തിയ ശ്രേയസ് അയ്യർക്ക് രണ്ട് പന്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളു. മാർക്കോ ജാൻസന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി ശ്രേയസ് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 24 റൺസെ ഉണ്ടായിരുന്നുള്ളു.

നാലാം നമ്പറിൽ ഒരിക്കൽ കൂടി ക്യാപ്റ്റൻ റിഷഭ് പന്താണ് എത്തിയത്. എന്നാൽ രണ്ട് വിക്കറ്റ് വീണതോടെ സ്‌കോറിങ് മന്ദഗതിയിലായപ്പോൾ ഇഷാൻ കിഷൻ തകർത്തടിച്ചത് ഇന്ത്യയെ പവർപ്ലേയിലെ ഭേദപ്പെട്ട നിലയിൽ എത്തിച്ചു. പവർപ്ലേയിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസടിച്ചു. പവർപ്ലേക്ക് തൊട്ടുപിന്നാലെ ഇഷാൻ കിഷനെ26 പന്തിൽ 27) മടക്കി ആന്റിച്ച് നോർക്യ ഇന്ത്യയെ പ്രതിരോധത്തിലാക്കി. ഹാർദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ഇന്ത്യയെ 50 കടത്തിയെങ്കിലും സ്‌കോറിങ് വേഗം കുറഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി. പത്തോവർ കഴിഞ്ഞപ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 56 റൺസിലെത്തിയതേയുണ്ടായിരുന്നുള്ളു.

ഷംസിയുടെ പന്തിൽ ഒരുതവണ ക്യാച്ചിൽ നിന്ന് രക്ഷപ്പെട്ട പന്ത് തൊട്ടടുത്ത ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ പുറത്തായി. 23 പന്തിൽ 17 റൺസ് മാത്രമായിരുന്നു പന്തിന്റെ സമ്പാദ്യം. പന്തിന് പകരം ക്രീസിലെത്തിയ ദിനേശ് കാർത്തിക്കും ഹാർദ്ദിക് പാണ്ഡ്യയും അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ ഇന്ത്യ ഭേദപ്പെട്ട സ്‌കോർ ഉറപ്പാക്കി. 15 ഓവർ കഴിഞ്ഞപ്പോൾ 96-4 എന്ന സ്‌കോറിൽ പതറിയ ഇന്ത്യയെ അവസാന അഞ്ചോവറിൽ 73 റൺസടിച്ചാണ് ഇരുവരും ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പതിനാറാം ഓവറിൽ 15ഉം പതിനേഴാ ഓവറിൽ 13ഉം റൺസടിച്ച ഇരുവരും പതിനെട്ടാം ഓവറിൽ 16 റൺസടിച്ചു.

പത്തൊമ്പതാം ഓവറിൽ ഹാർദ്ദിക് പാണ്ഡ്യ(31 പന്തിൽ 46) പുറത്തായത് അവസാന ഓവറുകളിലെ സ്‌കോറിംഗിനെ ബാധിച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്‌സടിച്ച് ടി20യിൽ ഇന്ത്യക്കായി ആദ്യ ഫിഫ്റ്റി അടിച്ച കാർത്തിക് തൊട്ടടുത്ത പന്തിൽ പുറത്തായി 26 പന്തിലാണ് കാർത്തിക് അർധസെഞ്ചുറി തികച്ചത്. ഒമ്പത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് കാർത്തിക്കിന്റെ ഇന്നിങ്‌സ്.