രാജ്‌കോട്ട്: ട്വന്റി 20 പരമ്പരയിലെ ജീവൻ മരണ പോരാട്ടത്തിൽ 82 റൺസിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യ. തകർപ്പൻ ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ഇന്ത്യ ഒപ്പമെത്തി(2 - 2). ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 16.5 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

ബാറ്റിംഗിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തിൽ 20 റൺസെടുത്ത റാസി വാൻഡർ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ആവേശ് ഖാൻ 18 റൺസിന് നാലു വിക്കറ്റെടുത്തു. സ്‌കോർ ഇന്ത്യ 20 ഓവറിൽ 169-6, ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87/9.


നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് ഇന്ത്യയ്ക്കായി ബൗളിങ്ങിൽ തിളങ്ങിയത്. ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവരും കണിശതയോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര പ്രതിരോധത്തിലായി. ചാഹൽ രണ്ടു വിക്കറ്റ് വീഴ്‌ത്തി.

170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. കളിക്കിടെ രണ്ടു തവണ പന്ത് ദേഹത്ത് തട്ടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമ നാലാം ഓവറിൽ റിട്ടയേർഡ് ഹർട്ടായി മടങ്ങി. ഭുവനേശ്വർ കുമാറിന്റെയും ആവേശ് ഖാന്റെയും പന്തുകൾ താരത്തിന്റെ ദേഹത്ത് തട്ടിയിരുന്നു. തൊട്ടടുത്ത ഓവറിൽ ഡ്വെയ്ൻ പ്രെറ്റോറിയസുമായുള്ള ആശയക്കുഴപ്പത്തെ തുടർന്ന് ക്വിന്റൺ ഡിക്കോക്ക് (14) റണ്ണൗട്ടായതോടെ പ്രോട്ടീസിന്റെ തകർച്ച തുടങ്ങി.

ഡിക്കോക്കിനു പിന്നാലെ പ്രെറ്റോറിയസിനെ (0) ആവേശ് ഖാൻ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു. ഹെന്റിച്ച് ക്ലാസനെ (8) നിലയുറപ്പിക്കും മുമ്പ് ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. അപകടകാരിയായ ഡേവിഡ് മില്ലറുടെ (9) കുറ്റിതെറിപ്പിച്ച് ഹർഷൽ പട്ടേൽ പ്രോട്ടീസിന് അടുത്ത തിരിച്ചടി സമ്മാനിച്ചു. 20 റൺസെടുത്ത റാസ്സി വാൻഡെർ ദസ്സനും മടങ്ങിയതോടെ പ്രോട്ടീസിന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. മാർക്കോ യാൻസൻ (12), കേശവ് മഹാരാജ് (0), ആന്റിച്ച് നോർക്യ (1), ലുങ്കി എൻഗിഡി (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുക്കേണ്ടി വന്ന ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തിരുന്നു. മുൻനിര പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഹാർദിക് പാണ്ഡ്യ - ദിനേഷ് കാർത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയ 65 റൺസാണ് ഇന്ത്യൻ സ്‌കോർ 150 കടത്തിയത്. 27 പന്തിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 55 റൺസെടുത്ത കാർത്തിക്ക് അവസാന ഓവറിലാണ് പുറത്തായത്. ഇന്ത്യയുടെ ടോപ് സ്‌കോററും കാർത്തിക്കാണ്. 31 പന്തുകൾ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്‌സും ഫോറുമടക്കം 46 റൺസെടുത്തു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ഏഴു പന്തിൽ നിന്ന് അഞ്ചു റൺസ് മാത്രമെടുത്ത ഓപ്പണർ ഋതുരാജ് ഗെയ്ക്വാദ്, ലുങ്കി എൻഗിഡിയുടെ പന്തിൽ പുറത്ത്. തൊട്ടടുത്ത ഓവറിൽ ശ്രേയസ് അയ്യരെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി മാർക്കോ യാൻസൻ ഇന്ത്യയെ ഞെട്ടിച്ചു. ഇതിനിടെ റൺസ് സ്‌കോർ ചെയ്യാനായത് ഇഷാൻ കിഷന് മാത്രമായിരുന്നു. പവർപ്ലേയിൽ കണിശതയോടെ പന്തെറിഞ്ഞ പ്രോട്ടീസ് ബൗളർമാർക്കെതികേ കിഷൻ ഒരു സിക്‌സും മൂന്ന് ഫോറും നേടി. ഒടുവിൽ 26 പന്തിൽ നിന്ന് 27 റൺസെടുത്ത കിഷനെ പവർപ്ലേ ഓവറുകൾ അവസാനിച്ച ശേഷമുള്ള ആദ്യ പന്തിൽ തന്നെ ആന്റിച്ച് നോർക്യ മടക്കി. ഇതോടെ ഇന്ത്യ മൂന്നിന് 40 റൺസെന്ന നിലയിലായി.

പിന്നാലെ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ഋഷഭ് പന്ത് - ഹാർദിക് പാണ്ഡ്യ സഖ്യം പ്രോട്ടീസ് ബൗളർമാർക്കെതിരേ സ്‌കോർ ചെയ്യാൻ നന്നേ ബുദ്ധിമുട്ടി. നാലാം വിക്കറ്റിൽ സാവധാനം 41 റൺസ് സ്‌കോർ ചെയ്ത ഈ സഖ്യം 13-ാം ഓവറിലാണ് പിരിഞ്ഞത്. 23 പന്തിൽ നിന്ന് 17 റൺസെടുത്ത പന്തിനെ ഇത്തവണയും പ്രോട്ടീസ് ഓഫ്‌സൈഡ് കെണിയിൽ വീഴ്‌ത്തി. ഓഫ് സ്റ്റമ്പിന് പുറത്ത് വന്ന കേശവ് മഹാരാജിന്റെ പന്ത് കളിക്കാനുള്ള പന്തിന്റെ ശ്രമം പ്രെറ്റോറിയസിന്റെ ക്യാച്ചിൽ അവസാനിച്ചു.

പിന്നാലെ ക്രീസിൽ ഒന്നിച്ച പാണ്ഡ്യ - ദിനേഷ് കാർത്തിക്ക് സഖ്യമാണ് ഇന്ത്യൻ കാണികൾക്ക് മത്സരത്തിൽ ആഹ്ലാദിക്കാനുള്ള വക നൽകിയത്. മൂന്നാം ട്വന്റി20 വിജയിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങിയത്.