പാൾ: ഇന്ത്യയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. സ്‌കോർ ഇന്ത്യ 50 ഓവറിൽ ആറിന് 287. ദക്ഷിണാഫ്രിക്ക 48.1 ഓവറിൽ മൂന്നിന് 288

91 റൺസെടുത്ത ജാനേമാൻ മലാന്റെയും 78 റൺസെടുത്ത ക്വിന്റൺ ഡി കോക്കിന്റെയും തകർപ്പൻ ബാറ്റിങ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ അനായാസ വിജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ ക്വിന്റൺ ഡി കോക്കും ജാനേമാൻ മലാനും ചേർന്ന് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 132 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യൻ ബൗളരർമാരെ അനായാസം നേരിട്ട ഡി കോക്ക് ട്വന്റി 20 ശൈലിയിലാണ് ബാറ്റ് വീശിയത്. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. പിന്നാലെ മലാനും അർധശതകം നേടി.

ഡി കോക്കിനെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി. 66 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 78 റൺസെടുത്ത ശേഷമാണ് ഡി കോക്ക് ക്രീസ് വിട്ടത്. ഡി കോക്കിന് പകരം നായകൻ തെംബ ബാവുമ ക്രീസിലെത്തി.

ബാവുമയും നന്നായി കളിക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. മലാനും ബാവുമയും ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ടു. ഇരുവരും ചേർന്ന് ടീം സ്‌കോർ 200 കടത്തി. എന്നാൽ സ്‌കോർ 212-ൽ നിൽക്കേ മലാനെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ആശ്വാസം പകർന്നു.

108 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 91 റൺസെടുത്ത മലാനെ ബുംറ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചാണ് താരം ക്രീസ് വിട്ടത്. ബാവുമയ്ക്കൊപ്പം 80 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മലാൻ ഡി കോക്കിനൊപ്പം 132 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി.

മലാന് പകരം എയ്ഡൻ മാർക്രം ബാവുമയ്ക്ക് കൂട്ടായി ക്രീസിലെത്തി. എന്നാൽ മലാന് പിന്നാലെ ബാവുമയുടെയും വിക്കറ്റെടുത്ത് ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 36 പന്തുകളിൽ നിന്ന് 35 റൺസെടുത്ത ബാവുമയെ ചാഹൽ സ്വന്തം പന്തിൽ പിടിച്ച് പുറത്താക്കി. ഇതോടെ ദക്ഷിണാഫ്രിക്ക 212 ന് ഒന്ന് എന്ന നിലയിൽ നിന്ന് 214 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ബാവുമയ്ക്ക് പകരം റാസി വാൻ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഡ്യൂസനും മാർക്രവും ചേർന്ന് 41.1 ഓവറിൽ ടീം സ്‌കോർ 250 കടത്തി. വൈകാതെ ഇരുവരും ചേർന്ന് ആതിഥേയരെ വിജയത്തിലെത്തിച്ചു. ഡ്യൂസനും മാർക്രവും 37 റൺസ് വീതമെടുത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, ശാർദൂൽ ഠാക്കൂർ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു.ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാർ ഇന്ത്യക്ക് നൽകിയത്. സ്‌കോർബോർഡിൽ 63 റൺസുള്ളപ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 29 റൺസെടുത്ത ശിഖർ ധവാനെ എയ്ഡൻ മാർക്രം പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ വിരാട് കോലിക്ക് (0) റൺസൊന്നും സാധിച്ചില്ല. കേശവ് മഹാരാജിന്റെ പന്തിൽ കവറിൽ തെംബ ബവൂമയ്ക്ക് ക്യാച്ച്. പിന്നാലെ ക്രീസിൽ ഒത്തുചേർന്ന രാഹുൽ- പന്ത് സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

ഇരുവരും 115 റൺസ് കൂട്ടിച്ചേർത്തു. കൂട്ടത്തിൽ പന്തായിരുന്നു ആക്രമണകാരി. രാഹുലാവട്ടെ രണ്ട് വിക്കറ്റ് വീണതോടെ സൂക്ഷമതയോടെയാണ് കളിച്ചിരുന്നത്. രാഹുലിനെ പുറത്താക്കി സിസാൻഡ മഗാല ആതിഥേയർക്ക് ബ്രേക്ക് ത്രൂ നൽകി. ക്യാപ്റ്റൻ പോയതോടെ പന്തിനും അധികനേരം ക്രീസിൽ നിൽക്കാനായില്ല. ഷംസിയുടെ പന്തിൽ മാർക്രത്തിന് ക്യാച്ച് നൽകി മടങ്ങി. രണ്ട് സിക്സും പത്ത് ഫോറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്.

അഞ്ചാമനായി ക്രീസിലെത്തിയ ശ്രേയസ് അയ്യർ (11) തുടർച്ചയായ രണ്ടാം തവണയും പരാജയപ്പെട്ടു. ഷംസിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. വെങ്കടേഷ് അയ്യർക്ക് (22) ഇത്തവണയും കാര്യമായോന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടർന്ന് ഠാക്കൂർ- ആർ അശ്വിൻ (24 പന്തിൽ പുറത്താവാതെ 25) സഖ്യം ഇന്ത്യയെ സുരക്ഷിതമായ തീരങ്ങളിലെത്തിച്ചു. ഇരുവരും 48 റൺസ് കൂട്ടിച്ചേർത്തു. മൂന്ന് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഠാക്കൂറിന്റെ ഇന്നിങ്സ്. തബ്രൈസ് ഷംസി ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് നേടി.

കഴിഞ്ഞ തവണ ഇന്ത്യ പര്യടനം നടത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര കൈവിട്ടിരുന്നു. അതിനുള്ള മധുരപ്രതികാരമായി ഈ വിജയം. നേരത്തേ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ആതിഥേയർ സ്വന്തമാക്കിയിരുന്നു.