മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റിൽ 8000 റൺസ് പൂർത്തിയാക്കി എലൈറ്റ് ക്ലബ്ബിൽ ഇടംപിടിച്ചെങ്കിലും വിരാട് കോലിയുടെ സെഞ്ചുറി കാത്തിരുന്ന ആരാധകർക്ക് ഒന്നാം ഇന്നിങ്‌സിൽ നിരാശ. മികച്ച തുടക്കത്തിന് ശേഷം കോലി, അർധസെഞ്ചുറിക്ക് അരികെ പുറത്തായി. 76 പന്തിൽ അഞ്ച് ഫോറുകളോടെ 45 റൺസെടുത്ത കോലിയെ എംബുൽദേനിയയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ ഹനുമ വിഹാരിക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് കോലി മടങ്ങിയത്. ഇരുവരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ചേർത്തത് 90 റൺസ്.

ശ്രീലങ്കയ്ക്കെതിരെ 38 റൺസെടുത്തതോടെയാണ് 8000 റൺസ് ക്ലബ്ബിൽ കോലി ഇടംപിടിച്ചത്. എന്നാൽ അർധ സെഞ്ചുറിക്ക് അഞ്ച് റൺസ് അകലെ വച്ച് കോലി പുറത്തായി. ലസിത് എംബുൽഡെനിയയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.

നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് കോലി. സച്ചിൻ ടെൻഡുൽക്കർ (154 ഇന്നിങ്സ്), രാഹുൽ ദ്രാവിഡ് (157 ഇന്നിങ്സ്), വിരേന്ദർ സെവാഗ് (160), സുനിൽ ഗവാസ്‌കർ (166), വിരാട് കോലി (169), വിവി എസ് ലക്ഷമൺ (201) എന്നിവരാണ് മുമ്പ് 8000 കടന്ന ഇന്ത്യൻ താരങ്ങൾ. 100-ാം ടെസ്റ്റ് കളിക്കുമ്പോൾ തന്നെ ഇത്രയും റൺസ് മറികടക്കുന്ന ലോകത്തെ രണ്ടാമത്തെ താരണ് കോലി. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗും 100ാം ടെസ്റ്റിലാണ് 8000 കടന്നത്. 2006ൽ സിഡ്നിയിലായിരുന്നു പോണ്ടിംഗിന്റെ നേട്ടം. പുറത്താവുമ്പോൾ അഞ്ച് ബൗണ്ടറികൾ കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നു.

കോലിക്കു പിന്നാലെ ഹനുമ വിഹാരി കൂടി പുറത്തായതോടെ, ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 54 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഋഷഭ് പന്തും ശ്രേയസ് അയ്യരുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ .... റൺസ് എന്ന നിലയിലാണ്.

വിരാട് കോലിക്കു പുറമേ ഓപ്പണർ കൂടിയായ ക്യാപ്റ്റൻ രോഹിത് ശർമ (29), സഹ ഓപ്പണർ മയാങ്ക് അഗർവാൾ (33), ഹനുമ വിഹാരി (58) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഏകദിന ശൈലിയിൽ തകർത്തടിച്ച രോഹിത് 28 പന്തിൽ ആറു ഫോറുകളോടെ 29 റൺസെടുത്തു. മയാങ്ക് അഗർവാൾ 49 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസെടുത്തു. ഹനുമ വിഹാരി 128 പന്തിൽ അഞ്ച് ഫോറുകളോടെ 58 റൺസെടുത്തും പുറത്തായി.

ഓപ്പണിങ് വിക്കറ്റിൽ രോഹിത് ശർമ മയാങ്ക് അഗർവാൾ സഖ്യവും മൂന്നാം വിക്കറ്റിൽ വിരാട് കോലി ഹനുമ വിഹാരി സഖ്യവും ഇന്ത്യയ്ക്കായി അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തു. രോഹിത് മയാങ്ക് സഖ്യം 59 പന്തിൽ 52 റൺസും, കോലി വിഹാരി സഖ്യം 150 പന്തിൽ 90 റൺസും കൂട്ടിച്ചേർത്തു. ശ്രീലങ്കയ്ക്കായി ലസിത് എംബുൽദേനിയ രണ്ടു വിക്കറ്റും വിശ്വ ഫെർണാണ്ടോ, ലഹിരു കുമാര എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.

8000 റൺസ് ക്ലബ്ബിൽ കോലി
നൂറാം ടെസ്റ്റിന്റെ തിളക്കത്തിനിടെ വിരാട് കോലി ടെസ്റ്റ് കരിയറിൽ 8000 റൺസ് പിന്നിട്ടു. 100ാം ടെസ്റ്റിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് കോലി. ഓസ്‌ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് ഒന്നാമൻ. 2006ൽ സിഡ്‌നിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് പോണ്ടിങ് 100ാം ടെസ്റ്റിൽ 8000 റൺസ് പിന്നിട്ടത്. ഏറ്റവും കുറച്ച് ഇന്നിങ്‌സുകളിൽനിന്ന് ഇന്ത്യയ്ക്കായി 8000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ താരം കൂടിയാണ് കോലി.

ഇന്ത്യയ്ക്കായി വേഗത്തിൽ 8000 ടെസ്റ്റ് റൺസ് പൂർത്തിയാക്കിയവർ
154 സച്ചിൻ തെൻഡുൽക്കർ
157 രാഹുൽ ദ്രാവിഡ്
160 വീരേന്ദർ സേവാഗ്
166 സുനിൽ ഗാവസ്‌കർ
169 വിരാട് കോലി
201 വി.വി എസ്. ലക്ഷ്മൺ

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് ടീം നായകനെന്ന നിലയിൽ രോഹിത് ശർമയുടെ ആദ്യ ടെസ്റ്റ് കൂടിയാണിത്. മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്ന് പുറത്തായ പൂജാരയ്ക്ക് പകരം മൂന്നാം നമ്പറിൽ ഹനുമ വിഹാരിയെത്തി. അജിൻക്യ രഹാനെയുടെ സ്ഥാത്ത് ശ്രേയസ് അയ്യർ തിരിച്ചെത്തി. രോഹിത്, കോലി എന്നിവരെ കൂടാതെ മായങ്ക് അഗർവാൾ, റിഷഭ് പന്ത് എന്നിവരാണ് ടീമിലെ ബാറ്റർമാർ.

സ്പിന്നിന് അനുകൂലമാകുമെന്ന് കരുതുന്ന പിച്ചിൽ മൂന്നു സ്പിന്നർമാരെയും രണ്ടു പേസർമാരെയും ഉൾപ്പെടുത്തിയാണ് ഇന്ത്യയുടെ പടയൊരുക്കം. രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ജയന്ത് യാദവ് എന്നിവരാണ് ഇന്ത്യൻ നിരയിലെ സ്പിന്നർമാർ. മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവർ പേസ് വിഭാഗം കൈകാര്യം ചെയ്യും.

ടീം ഇന്ത്യ: രോഹിത് ശർമ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, ജയന്ത് യാദവ്.

ശ്രീലങ്ക: ദിമുത് കരുണാരത്നെ, ലാഹിരു തിരിമാനെ, പതും നിസ്സംഗ, ചരിത് അസലങ്ക, എയഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസിൽവ, നിരോഷൻ ഡിക്ക്വെല്ല, സുരംഗ ലക്മൽ, വിശ്വ ഫെർണാണ്ടോ, ലസിത് എംബുൽഡെനിയ, ലാഹിരു കുമാര.