മൊഹാലി: മൊഹാലി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്കയെ ഇന്നിങ്സിനും 222 റൺസിനും തകർത്ത് ഇന്ത്യ. മത്സരത്തിൽ സെഞ്ചുറിയും ഒമ്പത് വിക്കറ്റുമായി തിളങ്ങിയ രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവിലാണ് ഇന്ത്യ ലങ്കയെ തകർത്തത്. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി.

വിരാട് കോലിയുടെ കരിയറിലെ 100ാം ടെസ്റ്റിനു വേദിയായ മൊഹാലിയിൽ, മോഹിപ്പിക്കുന്ന ഓൾറൗണ്ട് പ്രകടനവുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ തകർപ്പൻ ജയത്തിലെത്തിച്ചത്. പുറത്താകാതെ 175 റൺസെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായ ജഡേജ, രണ്ട് ഇന്നിങ്‌സിലുമായി ഒൻപത് വിക്കറ്റും വീഴ്‌ത്തി അസാമാന്യ ഓൾറൗണ്ട് പ്രകടനം കാഴ്ചവച്ചു. സ്‌കോർ: ശ്രീലങ്ക 174 & 178, ഇന്ത്യ 574/8 ഡിക്ലയേർഡ്

രണ്ടു ദിവസത്തെ കളി പൂർണമായും ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ അനായാസ വിജയം. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് രണ്ട് ഇന്നിങ്‌സിലുമായി ശ്രീലങ്കയുടെ 16 വിക്കറ്റുകളാണ് ഇന്ത്യൻ ബോളർമാർ എറിഞ്ഞിട്ടത്.

രണ്ടാം ഇന്നിങ്സിൽ 400 റൺസിന്റെ ലീഡ് വഴങ്ങി ഫോളോ ഓണിനിറങ്ങിയ ലങ്കയെ 178 റൺസിന് എറിഞ്ഞിട്ടാണ് ഇന്ത്യ ഇന്നിങ്സ് ജയം സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ ജഡേജ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് വീഴ്‌ത്തി. അശ്വിനും നാല് വിക്കറ്റുമായി തിളങ്ങി.

81 പന്തിൽ ഒൻപതു ഫോറുകൾ 51 റൺസെടുത്ത് പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റർ നിരോഷൻ ഡിക്വല്ലയാണ് രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ദിമുത് കരുണരത്നെ (46 പന്തിൽ 27), എയ്ഞ്ചലോ മാത്യൂസ് (75 പന്തിൽ 28), ധനഞ്ജയ ഡിസിൽവ (58 പന്തിൽ 30), ചാരിത് അസലങ്ക (ഒൻപത് പന്തിൽ 20) എന്നിവരാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റുള്ളവർ. അതേസമയം, ഓപ്പണർ ലഹിരു തിരിമാന്നെ (0), ഒന്നാം ഇന്നിങ്‌സിലെ ടോപ് സ്‌കോറർ പാത്തും നിസ്സങ്ക (19 പന്തിൽ ആറ്), സുരംഗ ലക്മൽ (0), ലസിത് എംബുൽദെനിയ (42 പന്തിൽ രണ്ട്), വിശ്വ ഫെർണാണ്ടോ (0), ലഹിരു കുമാര (4) എന്നിവർ നിരാശപ്പെടുത്തി.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 16 ഓവറിൽ 46 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. ഒന്നാം ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ, മത്സരത്തിലാകെ 9 വിക്കറ്റ് വീഴ്‌ത്തി. കരിയറിലെ രണ്ടാമത്തെ മാത്രം 10 വിക്കറ്റ് നേട്ടം കൈവിട്ടത് നേരിയ വ്യത്യാസത്തിൽ. രവിചന്ദ്രൻ അശ്വിൻ 21 ഓവറിൽ 47 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമിക്കാണ് ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ.

മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്‌ത്തിയ രവിചന്ദ്രൻ അശ്വിൻ, ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി. 434 വിക്കറ്റ് വീഴ്‌ത്തിയ കപിൽ ദേവിനെ മറികടന്നാണ് അശ്വിൻ രണ്ടാമനായത്. ഇനി മുന്നിലുള്ളത് 619 വിക്കറ്റുകൾ വീഴ്‌ത്തിയ അനിൽ കുംബ്ലെ മാത്രം.

നേരത്തെ, എട്ടു വിക്കറ്റ് നഷ്ടത്തിൽ 574 റൺസെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഇന്ത്യയ്ക്കെതിരെ, ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് വെറും 174 റൺസിൽ അവസാനിച്ചിരുന്നു. 65 ഓവറിലാണ് ശ്രീലങ്ക 174 റൺസെടുത്തത്. ഒന്നാം ഇന്നിങ്‌സിൽ 175 റൺസുമായി പുറത്താകാതെ നിന്ന ജഡേജയുടെ സ്‌കോർ പോലും ശ്രീലങ്കയ്ക്ക് നേടാനായില്ല. 400 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യ ശ്രീലങ്കയെ ഫോളോ ഓൺ ചെയ്യിക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്‌സിലെ തകർപ്പൻ സെഞ്ചുറിക്ക് (175*) പിന്നാലെ അഞ്ച് വിക്കറ്റും വീഴ്‌ത്തിയ ജഡേജയാണ് ഒന്നാം ഇന്നിങ്‌സിൽ ലങ്കയെ തകർത്തത്. 13 ഓവറിൽ 41 റൺസ് വഴങ്ങിയാണ് ജഡേജ അഞ്ച് വിക്കറ്റ് പിഴുതത്. ജഡ്ഡുവിന്റെ കന്നി ഇരട്ടസെഞ്ചുറി കാത്തിരുന്ന ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 228 പന്തിൽ 17 ഫോറും മൂന്നു സിക്സും സഹിതമാണ് ജഡേജ 175 റൺസെടുത്തത്. ഇതോടെ ഏഴാമനായിറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുത്ത താരമായി ജഡേജ മാറി. ഇതിഹാസതാരം കപിൽദേവിന്റെ റെക്കോഡാണ് മറികടന്നത്.