- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോൾഡൻ ഡക്കിന് പിന്നാലെ തകർപ്പൻ അർധസെഞ്ചുറി; ഡെത്ത് ഓവറുകളിൽ ഷാനകയ്ക്കൊപ്പം വെടിക്കെട്ട്; നിസ്സങ്കയുടെ ബാറ്റിങ് മികവിൽ റൺമല തീർത്ത് ശ്രീലങ്ക; രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 184 റൺസ്

ധരംശാല: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരേ 184 റൺസ് വിജയലക്ഷ്യമുയർത്തി ശ്രീലങ്ക. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 183 റൺസെടുത്തത്.
ആദ്യ മത്സരത്തിലെ ഗോൾഡൻ ഡക്കിന്റെ നാണക്കേട് ധരംശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പാത്തും നിസ്സങ്ക മിന്നുന്ന അർധ സെഞ്ചുറിയിലൂടെ മറികടന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച് ക്യാപ്റ്റൻ ദസൂൺ ഷാനക നൽകിയ പിന്തുണ കൂടി ചേർന്നതോടെയാണ് ശ്രീലങ്ക മികച്ച സ്‌കോറിലേക്കെത്തിയത്. അർധ സെഞ്ചുറി നേടിയ പഥും നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. 53 പന്തുകൾ നേരിട്ട താരം 11 ഫോറടക്കം 75 റൺസെടുത്തു.
ഓപ്പണറായി എത്തിയ നിസ്സങ്ക 75 റൺസുമായി ഒരു ഓവർ ബാക്കിനിൽക്കെ പുറത്തായി. ഷാനക 47 റൺസുമായി പുറത്താകാതെ നിന്നു. ഹർഷൽ പട്ടേൽ എറിഞ്ഞ അവസാന ഓവറിൽ രണ്ടു വീതം സിക്‌സും ഫോറും സഹിതം ഷാനക അടിച്ചുകൂട്ടിയത് 23 റൺസ്! ഓപ്പണിങ് വിക്കറ്റിൽ പാത്തും നിസ്സങ്ക ധനുഷ്‌ക ഗുണതിലക സഖ്യവും അഞ്ചാം വിക്കറ്റിൽ പാത്തും നിസ്സങ്ക ദസൂൺ ഷാനക സഖ്യവും പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടുകളാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.
ഓപ്പണിങ് വിക്കറ്റിൽ 52 പന്തിൽ നിസ്സങ്ക ഗുണതിലക സഖ്യം കൂട്ടിച്ചേർത്തത് 67 റൺസ്. അഞ്ചാം വിക്കറ്റിൽ വെറും 26 പന്തിൽനിന്ന് നിസ്സങ്ക ഷാനക സഖ്യം 58 റൺസും അടിച്ചുകൂട്ടി. ഷാനക 19 പന്തിൽ രണ്ടു ഫോറും അഞ്ച് സിക്‌സും സഹിതമാണ് 47 റൺസെടുത്തത്. ഇവർക്കു പുറമേ ശ്രീലങ്കൻ നിരയിൽ തിളങ്ങിയത് പകരക്കാരനായി എത്തിയ ഓപ്പണർ ധനുഷ്‌ക ഗുണതിലക. 29 പന്തുകൾ നേരിട്ട ഗുണതിലക നാലു ഫോറും രണ്ടു സിക്‌സും സഹിതം നേടിയത് 38 റൺസ്.
നിസ്സങ്ക പുറത്തായെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിച്ച ഷാനക വെറും 19 പന്തിൽ നിന്ന് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 47 റൺസോടെ പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറിൽ 80 റൺസാണ് ലങ്ക അടിച്ചെടുത്തത്. അതേസമയം ശ്രീലങ്കൻ നിരയിൽ ചാരിത് അസാലങ്ക (അഞ്ച് പന്തിൽ രണ്ട്), കാമിൽ മിഷാര (നാലു പന്തിൽ ഒന്ന്), ദിനേഷ് ചണ്ഡിമൽ (10 പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുമ്ര നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. യുസ്വേന്ദ്ര ചെഹൽ നാല് ഓവറിൽ 27 റൺസ് വഴങ്ങിയും രവീന്ദ്ര ജഡേജ നാല് ഓവറിൽ 37 റൺസ് വഴങ്ങിയും ഭുവനേശ്വർ കുമാർ നാല് ഓവറിൽ 34 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. 'അർധസെഞ്ചുറി' പിന്നിട്ട ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറിൽ വഴങ്ങിയത് 52 റൺസ്!


