- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടർച്ചയായ അർധ സെഞ്ചുറിയുമായി ശ്രേയസ്; തകർത്തടിച്ച് സഞ്ജുവും ജഡേജയും; തുടക്കം പതറിയിട്ടും അനായാസം 184 റൺസ് വിജയലക്ഷ്യം മറികടന്ന് ഇന്ത്യ; ലങ്കയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; പരമ്പര സ്വന്തമാക്കി രോഹിതും സംഘവും

ധരംശാല: വെസ്റ്റ് ഇൻഡീസിന് പിന്നാലെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയും സ്വന്തമാക്കി രോഹിത് ശർമയും സംഘവും. രണ്ടാം മത്സരത്തിൽ ലങ്കയെ ഏഴ് വിക്കറ്റിന് തകർത്താണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കിയത്. ലങ്ക ഉയർത്തിയ 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ട്വന്റി 20യിൽ തുടർച്ചയായ പതിനൊന്നാം വിജയമാണ് ഇന്ത്യ നേടിയത്.
അർധ സെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യർ, വെടിക്കെട്ട് ബാറ്റിംഗുമായി രവീന്ദ്ര ജഡേജ, സഞ്ജു സാംസൺ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. പരമ്പരയിൽ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറി നേടിയ ശ്രേയസ് 44 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 74 റൺസോടെ മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപിയായി മാറി. ജഡേജ വെറും 18 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 45 റൺസോടെ പുറത്താകാതെ നിന്നു.
184 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ ചമീര എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ബൗൾഡായി. ഇഷാൻ കിഷനും ശ്രേയസ് അയ്യരും ചേർന്ന് അഞ്ചോവറിൽ ഇന്ത്യയെ 44 റൺസിലെത്തിച്ചു. കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച ഇഷാന് അതേട പ്രകടനം ആവർത്തിക്കാനായില്ല. 15 പന്തിൽ 16 റൺസെടുത്ത ഇഷാൻ പവർ പ്ലേയിലെ അവസാന ഓവറിൽ പുറത്താവുമ്പോൾ ഇന്ത്യൻ സ്‌കോർ 44 റൺസിലെത്തിയതേ ഉണ്ടായിരുന്നുള്ളു.
കിഷൻ പുറത്തായെങ്കിലും ഒരറ്റത്ത് ശ്രേയസ് അയ്യർ അടിച്ചുതകർത്തതോടെ ഇന്ത്യ അതിവേഗം കുതിച്ചു. തുടക്കത്തിൽ പതറിയ സഞ്ജു നേരിട്ട രണ്ടാം പന്തിൽ തന്നെ ശക്തമായ എൽബിഡബ്ല്യു അപ്പീൽ അതിജീവിച്ചു. സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ശ്രേയസിന് സ്‌ട്രൈക്ക് കൈമാറി സഞ്ജു വിക്കറ്റ് കളയാതെ പിടിച്ചു നിന്നു. ആദ്യ12 പന്തിൽ ആറ് റൺസ് മാത്രമായിരുന്നു സഞ്ജു നേടിയത്. മറുവശത്ത് ശ്രേയസ് അടി തുടർന്നു. 30 പന്തിൽ ശ്രേയസ് അർധസെഞ്ചുറിയിലെത്തി. ഇതിനിടെ ഷനകയുടെ പന്തിൽ സഞ്ജു നൽകിയ ക്യാച്ച് ലോംഗ് ഓണിൽ നിലത്തിട്ടു. പന്ത് ബൗണ്ടറി കടക്കുകയും ചെയ്തു. 12-ാം ഓവറിൽ ഇന്ത്യ 100 കടന്നു.
ശ്രേയസ് - സഞ്ജു സാംസൺ സഖ്യം കൂട്ടിച്ചേർത്ത 84 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. ലഹിരു കുമാര പതിമൂന്നാം ഓവർ എറിയാനെത്തുമ്പോൾ സഞ്ജു 21 പന്തിൽ 19 റൺസായിരുന്നു. എന്നാൽ കുമാരയെ മൂന്ന് സിക്‌സിന് പറത്തി സഞ്ജു അതിവേഗം സ്‌കോർ ചെയ്തതോടെ ഇന്ത്യ അനായാസം ലക്ഷ്യത്തിലേക്ക് കുതിച്ചു. ആ ഓവറിലെ അവസാന പന്തിൽ സ്ലിപ്പിൽ ബിനുര ഫെർണാണ്ടോയുടെ അത്ഭുത ക്യാച്ചിൽ സഞ്ജു മടങ്ങുമ്പോൾ 25 പന്തിൽ 39 റൺസിലെത്തിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. നാലാം വിക്കറ്റിൽ ശ്രേയസിനൊപ്പം 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ജഡേജയ്ക്കായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ പഥും നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറർ. 53 പന്തുകൾ നേരിട്ട താരം 11 ഫോറടക്കം 75 റൺസെടുത്തു.
ഡെത്ത് ഓവറുകളിൽ തകർത്തടിച്ച നിസ്സങ്ക - ക്യാപ്റ്റൻ ദസുൻ ഷാനക സഖ്യമാണ് ലങ്കയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഈ സഖ്യം വെറും 26 പന്തിൽ നിന്ന് 58 റൺസാണ് ലങ്കൻ സ്‌കോറിലേക്ക് ചേർത്തത്. നിസ്സങ്ക പുറത്തായെങ്കിലും ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിച്ച ഷാനക വെറും 19 പന്തിൽ നിന്ന് അഞ്ച് സിക്സും രണ്ട് ഫോറുമടക്കം 47 റൺസോടെ പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറിൽ 80 റൺസാണ് ലങ്ക അടിച്ചെടുത്തത്.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് നിസ്സങ്ക - ധനുഷ്‌ക ഗുണതിലക സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 8.4 ഓവറിൽ 67 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 29 പന്തിൽ നിന്ന് രണ്ട് സിക്സും നാല് ഫോറുമടക്കം 38 റൺസെടുത്ത ഗുണതിലകയെ പുറത്താക്കി രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ നിലയുറപ്പിക്കും മുമ്പ് ചരിത് അസലങ്കയെ (2) യുസ്വേന്ദ്ര ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കി. തുടർന്നെത്തിയ കാമിൽ മിഷാരയ്ക്കും (1) കാര്യമായൊന്നും ചെയ്യാനായില്ല. സ്‌കോർ 100 കടന്നതിനു പിന്നാലെ ഒമ്പത് റൺസുമായി ദിനേഷ് ചണ്ഡിമലും മടങ്ങി.
14.4 ഓവർ പിന്നിടുമ്പോൾ നാലിന് 102 റൺസെന്ന നിലയിലായിരുന്ന ലങ്ക പിന്നീട് ക്രീസിൽ ഒന്നിച്ച നിസ്സങ്ക - ദസുൻ ഷാനക സഖ്യത്തിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഗിയർ മാറ്റി കുതിക്കുകയായിരുന്നു.ഇന്ത്യയ്ക്കായി ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർഷൽ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമത്സരം ജയിച്ച ടീമിൽ നിന്ന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്.


