- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിന്നസ്വാമിയിൽ കൊടുങ്കാറ്റായി ബും ബും ബുമ്ര; 24 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്; ശ്രീലങ്കയെ 109 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യ; 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; മികച്ച തുടക്കമിട്ട് രോഹിതും മായങ്കും

ബെംഗളൂരു: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ ശ്രീലങ്കയെ 109 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ. ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസുമായി രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക്, 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. വെറും 35.5 ഓവറിലാണ് ശ്രീലങ്ക 109 റൺസിന് പുറത്തായത്. ഇന്ത്യൻ മണ്ണിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടവുമായി ബൗളിങ് പടനയിച്ച വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയാണ് ശ്രീലങ്കയെ ചുരുട്ടിക്കെട്ടിയത്.
ചിന്നസ്വാമിയിൽ ബും ബും ബുമ്ര കൊടുങ്കാറ്റായി മാറിയപ്പോൾ പിങ്ക് ബോൾ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് നിലയുറപ്പിക്കാനായില്ല. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബുമ്രയ്ക്ക് രണ്ട് പേരെ വീതം പുറത്താക്കി രവിചന്ദ്ര അശ്വിനും മുഹമ്മദ് ഷമിയും ഒരാളെ പുറത്താക്കി അക്സർ പട്ടേലും മികച്ച പിന്തുണ നൽകി. ഏഞ്ചലോ മാത്യൂസ്(43), നിരോഷൻ ഡിക്വെല്ല(21), ധനഞ്ജയ ഡിസിൽവ (10) എന്നിവർക്ക് മാത്രമേ ലങ്കൻ നിരയിൽരണ്ടക്കം കാണാനായുള്ളൂ.
86-6 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ലങ്കയുടെ നാല് വിക്കറ്റുകൾ 23 റൺസിനിടെ നഷ്ടമാവുകയായിരുന്നു. വെറും 35 പന്തുകളെ ലങ്കൻ ബാറ്റർമാർ ഇന്ന് നേരിട്ടുള്ളൂ. ഇതോടെ ടീം ഇന്ത്യ 143 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടി. 10 ഓവറിൽ നാല് മെയ്ഡനടക്കം വെറും 24 റൺസ് വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ പിഴുതത്. ഒന്നാം ഇന്നിങ്സിൽ ആകെ 35.5 ഓവർ മാത്രമേ ലങ്കയുടെ പോരാട്ടം നീണ്ടുനിന്നുള്ളൂ.
ലസിത് എംബുൽദെനിയ (16 പന്തിൽ ഒന്ന്), സുരംഗ ലക്മൽ (ഒൻപത് പന്തിൽ അഞ്ച്), നിരോഷൻ ഡിക്വല്ല (38 പന്തിൽ 21), വിശ്വ ഫെർണാണ്ടോ (എട്ടു പന്തിൽ എട്ട്) എന്നിവരാണ് ഇന്ന് ശ്രീലങ്കൻ നിരയിൽ പുറത്തായത്.
ബുമ്ര 10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തി. ഇന്ത്യൻ മണ്ണിൽ ആദ്യത്തേതാണെങ്കിലും രാജ്യാന്തര ടെസ്റ്റ് കരിയറിൽ ബുമ്രയുടെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. വെറും 29 ടെസ്റ്റിനിടെയാണ് ബുമ്ര എട്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഇതിനു മുൻപ് 29 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ എട്ടു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുള്ള ഏക ഇന്ത്യൻ പേസ് ബോളർ കപിൽ ദേവ് മാത്രമാണ്. മുഹമ്മദ് ഷമി ആറ് ഓവറിൽ 18 റൺസ് വഴങ്ങിയും രവിചന്ദ്രൻ അശ്വിൻ 8.5 ഓവറിൽ 30 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
പകൽരാത്രി ടെസ്റ്റിന്റെ ആദ്യദിനം 16 വിക്കറ്റുകളാണു പിങ്ക് പന്തിന്റെ ആക്രമണത്തിൽ ഇരുപക്ഷത്തുമായി വീണത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ 252നു പുറത്താക്കിയതിന്റെ സന്തോഷത്തിൽ ഇറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്‌സിൽ 6ന് 86 റൺസുമായി വൻതകർച്ചയിലായിരുന്നു. ബുമ്രയും ഷമിയും തീതുപ്പിയപ്പോൾ മറുപടിക്കിറങ്ങിയ ലങ്ക ചാമ്പലായി. എയ്ഞ്ചലോ മാത്യൂസ് (43) ഒഴികെ മറ്റാർക്കും അധികസമയം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല. 3ാം ഓവറിൽ കുശാൻ മെൻഡിസിനെ (2) വീഴ്‌ത്തി ബുമ്ര ആദ്യ പ്രഹരമേൽപിച്ചു.
ടേണും ബൗൺസുമായി പിടികൊടുക്കാതെ പാഞ്ഞ പിങ്ക് പന്തിനു മുന്നിൽ ബാറ്റർമാർക്കു കാലിടറുന്ന കാഴ്ചയായിരുന്നു ഇന്നലെ മുഴുവൻ. ശ്രേയസ് അയ്യർക്കു (92) മാത്രമാണ് ഇന്ത്യൻ നിരയിൽ പിങ്ക് പന്തിനെ മെരുക്കാനായത്. 3 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും 2 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഒരു വിക്കറ്റെടുത്ത അക്ഷർ പട്ടേലുമാണു സന്ദർശകരുടെ ചിറകരിഞ്ഞത്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ അപ്രതീക്ഷിത ബാറ്റിങ് തകർച്ചയാണ് ഇന്ത്യ നേരിട്ടത്. 2ാം ഓവറിൽ മയാങ്ക് അഗർവാൾ (4) റണ്ണൗട്ടായതോടെ ഇന്ത്യൻ തകർച്ച തുടങ്ങി. 10ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയെ (15) മടക്കി സ്പിന്നർ ലസിത് എംബുൽദെനിയ ഇന്ത്യയെ പ്രതിരോധത്തിലാക്കി. 3ാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തെങ്കിലും വിരാട് കോലിക്കും (23) ഹനുമ വിഹാരിക്കും (31) അധികം മുന്നേറാനായില്ല. ഒരുതവണ ജീവൻ കിട്ടിയെങ്കിലും ഋഷഭ് പന്ത് (26 പന്തുകളിൽ 39) പതിവുപോലെ മടങ്ങി. രവീന്ദ്ര ജഡേജയും (4) വന്നപോലെ പോയി.
10 ഫോറും 4 സിക്‌സറും സഹിതം 92 റൺസെടുത്ത് ശ്രേയസ് ഇന്ത്യയെ കാത്തു. സെഞ്ചുറിക്ക് 8 റൺസകലെ പ്രവീൺ ജയവിക്രമയെ കയറി അടിക്കാനുള്ള ശ്രമത്തിനിടെ വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്വെല്ല ശ്രേയസിന്റെ സ്റ്റംപ് ചെയ്തു പുറത്താക്കി. സന്ദർശകർക്കായി സ്പിന്നർമാരായ എംബുൽദെനിയ, ജയവിക്രമ എന്നിവർ 3 വിക്കറ്റ് വീതവും ധനഞ്ജയ ഡിസിൽവ 2 വിക്കറ്റും വീഴ്‌ത്തി.


