- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓർമ്മിക്കാൻ കരുണരത്നയുടെ സെഞ്ചുറി മാത്രം; ചിന്നസ്വാമിയിലും കരതൊടാതെ ശ്രീലങ്ക; രണ്ടാമിന്നിങ്സിൽ 208 റൺസിന് ചുരുട്ടിക്കെട്ടി ഇന്ത്യൻ ബൗളർമാർ; രോഹിതിനും സംഘത്തിനും 238 റൺസിന്റെ ആധികാരിക ജയം; പരമ്പര; വിക്കറ്റ് വേട്ടയിൽ സ്റ്റെയ്നെ മറികടന്ന് അശ്വിൻ

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലും ശ്രീലങ്കയ്ക്ക് ദയനീയ തോൽവി. രണ്ടാം ടെസ്റ്റിൽ സന്ദർശകരെ ഇന്ത്യൻ സംഘം 238 റൺസിന് തകർത്തു. 447 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കൻ ബാറ്റിങ്ങ് നിര 59.3 ഓവറിൽ 208 റൺസുമായി കൂടാരം കയറി. മത്സരത്തിലെ ആദ്യ സെഞ്ചുറി കുറിച്ച കരുണരത്നെ, 107 റൺസെടുത്ത് പുറത്തായി. രണ്ടര ദിവസത്തോളം കളി ബാക്കിനിൽക്കെയാണ് ഇന്ത്യയുടെ ആധികാരിക വിജയം. സ്‌കോർ: ഇന്ത്യ 252 & 303/9 ഡിക്ലയേർഡ്, ശ്രീലങ്ക 109 & 208
ഈ വിജയത്തോടെ, രണ്ടു ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ഇന്ത്യ തൂത്തുവാരി. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്‌സിനും 222 റൺസിനുമാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.
ലങ്കയ്ക്കായി ക്യാപ്റ്റൻ ദിമുത് കരുണരത്ന സെഞ്ചുറി നേടി. 174 പന്തിൽ 15 ഫോറിന്റെ സഹായത്തോടെ 107 റൺസാണ് കരുണരത്ന അടിച്ചെടുത്തത്. 54 റൺസോടെ കുശാൽ മെൻഡിസ് പിന്തുണ നൽകി. നാല് വിക്കറ്റെടുത്ത ആർ അശ്വിനും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ലങ്കയുടെ നട്ടെല്ലൊടിച്ചത്. ഇതോടെ രണ്ടിന്നിങ്സിലുമായി ബുംറ എട്ടു വിക്കറ്റ് സ്വന്തമാക്കി.
രണ്ട് ഇന്നിങ്‌സിലും അർദ്ധ സെഞ്ചുറി നേടി ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ലായ ശ്രേയസ് അയ്യരാണ് കളിയിലെ താരം. ഒന്നാം ഇന്നിങ്‌സിൽ 98 പന്തിൽ 92 റൺസും രണ്ടാം ഇന്നിങ്‌സിൽ 87 പന്തിൽ 67 റൺസുമെടുത്താണ് ഇന്ത്യൻ ഇന്നിങ്‌സിന് കരുത്ത് പകർന്നത്. ഇന്ത്യയ്ക്ക് വേണ്ടി അതിവേഗ അർദ്ധ സെഞ്ചുറി കുറിക്കുകയും പരമ്പരയിൽ ഉടനീളം നിർണായക പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത ഋഷഭ് പന്താണ് പരമ്പരയിലെ താരം.
കളിയുടെ മൂന്നാം ദിനമായ തിങ്കളാഴ്ച മികച്ച തുടക്കമിട്ട ശേഷമാണ് ലങ്ക തകർന്നത്. അർധ സെഞ്ചുറി നേടിയ കുശാൽ മെൻഡിസും ദിമുത് കരുണരത്‌നയും ചേർന്ന് രണ്ടാം വിക്കറ്റിൽ 97 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മെൻഡിസിനെ പുറത്താക്കി അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കാനുള്ള ശ്രമത്തിൽ പന്ത് സ്റ്റമ്പ് ചെയ്ത് പുറത്താക്കുകയായിരുന്നു. 60 പന്തിൽ എട്ടു ഫോറിന്റെ സഹാത്തോടെ 54 റൺസാണ് മെൻഡിസ് അടിച്ചെടുത്തത്.
പിന്നീട് ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസും ധനഞ്ജയ ഡിസിൽവയും വേഗത്തിൽ മടങ്ങി. ഇതോടെ എട്ടു റൺസിനിടെ സന്ദർശകർക്ക് മൂന്നു വിക്കറ്റാണ് നഷ്ടമായത്. രണ്ടു വിക്കറ്റിന് 97 റൺസ് എന്ന നിലയിൽ നിന്ന് നാല് വിക്കറ്റിന് 105 എന്ന നിലയിലേക്ക് അവർ തകർന്നു. മാത്യൂസ് ഒരു റണ്ണും ധനഞ്ജയ നാല് റൺസുമാണെടുത്തത്.
പിന്നീട് അഞ്ചാം വിക്കറ്റിൽ നിരോഷൻ ഡിക്ക്വെല്ലയെ കൂട്ടുപിടിച്ച് കരുണരത്ന 55 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 12 റൺസെടുത്ത ഡിക്ക്വെല്ലയെ അക്ഷർ പട്ടേൽ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ചരിത് അസലങ്ക (5)യും ലസിത് എംബുൽദേനിയ(2)യും സുരംഗ ലക്മലും (1) ക്രീസ് വിട്ടു. രണ്ടു റൺസെടുത്ത വിശ്വ ഫെർണാണ്ടോയെ ഷമിയുടെ കൈയിലെത്തിച്ച് അശ്വിൻ ലങ്കൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. പ്രവീൺ ജയവിക്രമ പുറത്താകാതെ നിന്നു.
പിങ്ക് ബോൾ ടെസ്റ്റുകളിൽ ശ്രീലങ്കൻ താരങ്ങളുടെ പേരിലുള്ള രണ്ടു സെഞ്ചുറികളും കരുണരത്നെ നേടിയതാണ്. ഇതിനു മുൻപ് 2017ൽ പാക്കിസ്ഥാനെതിരെ ദുബായിലും പിങ്ക് ബോൾ ടെസ്റ്റിൽ കരുണരത്നെ സെഞ്ചുറി നേടിയിരുന്നു. അന്ന് 196 റൺസെടുത്ത് പുറത്തായി.
നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ഋഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും അർധ സെഞ്ചുറിയും രോഹിത് ശർമയുടെ 46 റൺസുമാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്.
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ അർധ സെഞ്ചുറി പൂർത്തിയാക്കിയ ഇന്ത്യൻ താരത്തിന്റെ റെക്കോഡ് സ്വന്തമാക്കിയായിരുന്നു ഋഷഭ് പന്തിന്റെ ബാറ്റിങ്. വെറും 28 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം അർധ സെഞ്ചുറിയിലെത്തി. 1982-ൽ പാക്കിസ്ഥാനെതിരെ 30 പന്തിൽ അർധ സെഞ്ചുറി തികച്ച കപിൽ ദേവിന്റെ റെക്കോഡാണ് മറികടന്നത്. അർധ സെഞ്ചുറി പൂർത്തിയാക്കിയതിന് പിന്നാലെ 51 റൺസുമായി പന്ത് ക്രീസ് വിട്ടു. തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും ശ്രേയസ് അർധ സെഞ്ചുറി കണ്ടെത്തി. 87 പന്തിൽ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ 67 റൺസ് നേടി.
ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്കയെ 109 റൺസിന് പുറത്താക്കിയ ഇന്ത്യ ഒന്നാമിന്നിങ്‌സിൽ 143 റൺസിന്റെ നിർണായക ലീഡ് നേടിയിരുന്നു. ശ്രീലങ്ക 35.5 ഓവറിലാണ് പുറത്തായത്. ആറു വിക്കറ്റ് നഷ്ടത്തിൽ 86 റൺസുമായി രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ലങ്കയ്ക്ക് 23 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. ഇന്ത്യൻ മണ്ണിൽ ആദ്യ അഞ്ചു വിക്കറ്റ് നേട്ടവുമായി മുന്നിൽ നിന്ന് നയിച്ച പേസ് ബൗളർ ജസ്പ്രീത് ബുംറയാണ് ലങ്കൻ ബാറ്റിങ് നിരയെ തകർത്തത്.
ബുംറ 10 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്തു. രാജ്യാന്തര ടെസ്റ്റ് കരിയറിൽ ബുംറയുടെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. മുഹമ്മദ് ഷമിയും ആർ അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു. 85 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 43 റൺസെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 252 റൺസിൽ അവസാനിച്ചിരുന്നു. പിച്ചിൽ നിന്ന് ലഭിച്ച പിന്തുണ ലങ്കൻ സ്പിന്നർമാർ മുതലെടുത്തതോടെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ പതറിയപ്പോൾ ശ്രേയസ് അയ്യരുടെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 250 കടത്തിയത്.
98 പന്തുകൾ നേരിട്ട് 10 ഫോറും നാല് സിക്‌സും പറത്തിയ അയ്യർ 92 റൺസെടുത്ത് പത്താമനായാണ് പുറത്തായത്. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ ലസിത് എംബുൾദെനിയ, പ്രവീൺ ജയവിക്രമ എന്നിവർ ലങ്കയ്ക്കായി തിളങ്ങി. ധനഞ്ജയ ഡിസിൽവ രണ്ടു വിക്കറ്റെടുത്തു.
മത്സരത്തിലാകെ ആറു വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ, ടെസ്റ്റിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ദക്ഷിണാഫ്രിക്കൻ താരം ഡെയ്ൽ സ്റ്റെയ്‌നെയും മറികടന്നു. നിലവിൽ 442 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം. ഇതിഹാസങ്ങളായ റിച്ചാർഡ് ഹാഡ്ലി, കപിൽ ദേവ്, രംഗണ ഹെറാത്ത് തുടങ്ങിയവരെയും അശ്വിൻ മറികടന്നത് ഇതേ പരമ്പരയിലാണ്.


