കൊളംബോ: മലയാളി താരം സഞ്ജു സാംസൺ അടക്കം അഞ്ച് താരങ്ങൾ ഏകദിന അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ആശ്വാസ ജയം. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ശ്രീലങ്ക ജയിച്ചു കയറിയത്.

226 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 48 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. 76 റൺസെടുത്ത അവിശ്ക ഫെർണാണ്ടോയും 65 റൺസ് അടിച്ച ഭാനുക രാജപക്സയുമാണ് ലങ്കയുടെ വിജയശിൽപികൾ. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. 2017നുശേഷം ഏകദിനത്തിൽ ശ്രീലങ്ക ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്.

ഇടക്ക് പെയ്ത മഴമൂലം 47 ഓവറാക്കി കുറച്ച മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43.1 ഓവറിൽ 225ന് ഓൾ ഔട്ടായപ്പോൾ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലങ്ക ലക്ഷ്യത്തിലെത്തി. ഇന്ത്യക്കായി മൂന്ന് വിക്കറ്റെടുത്ത രാഹുല് ചാഹറും രണ്ട് വിക്കറ്റെടുത്ത ചേതര് സക്കറിയയും ബൗളിംഗിൽ തിളങ്ങി.

രണ്ടാം വിക്കറ്റിൽ ഭാനുകയും അവിശ്കയും ചേർന്ന് 109 റൺസ് കൂട്ടുകെട്ടുണ്ടാക്കി. അവിശ്ക 98 പന്തിൽ നാല് ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെയാണ് 76 റൺസ് നേടിയത്. 56 പന്തിൽ നിന്നായിരുന്നു ഭാനുകയുടെ 65 റൺസ്. 12 ഫോറുകളാണ് താരം നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 28 റൺസിലെത്തിയപ്പോഴേക്കും ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടു. ദുഷ്മന്ത ചമീരയ്്ക്കാണ് വിക്കറ്റ്. പിന്നാലെ പൃഥ്വി ഷായും ക്രീസ് വിട്ടു. 49 പന്തിൽ 49 റൺസെടുത്ത് മികച്ച പ്രകടനം പുറത്തെടുത്ത, അർധസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന താരത്തെ ശ്രീലങ്കൻ നായകൻ ശനക വിക്കറ്റിന് മുന്നിൽ കുരുക്കി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ പ്രവീൺ ജയവിക്രമ പുറത്താക്കി. 46 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 46 റൺസെടുത്ത സഞ്ജുവിന് അർധ സെഞ്ചുറിയിൽ എത്താനായില്ല. ബൗണ്ടറിയിലൂടെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പന്ത് ആവിഷ്‌ക ഫെർണാണ്ടോ കൈയിലൊതുക്കി.

പിന്നാലെ മഴ കളി തടസ്സപ്പെടുത്തി. 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. മത്സരം പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് മനീഷ് പാണ്ഡെയുടെ വിക്കറ്റാണ്. 19 പന്തിൽ 11 റൺസായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. പിന്നാലെ ഹാർദിക് പാണ്ഡ്യയും ക്രീസ് വിട്ടു. 17 പന്തിൽ 19 റൺസാണ് ഹാർദിക് നേടിയത്. ഇരുവരേയും പ്രവീൺ ജയവിക്രമ പുറത്താക്കുകയായിരുന്നു. മികച്ച ഫോമിൽ കളിക്കുകയായിരുന്ന സൂര്യകുമാറിനെ അകില ധനഞ്ജയ കുരുക്കുകയായിരുന്നു. 37 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോടെ 40 റൺസാണ് സൂര്യകുമാർ നേടിയത്.

മൂന്നു പന്ത് മാത്രം നേരിട്ട കൃഷ്ണപ്പ ഗൗതമിനെ അകില ധവഞ്ജയ പുറത്താക്കി. നിധീഷ് റാണയ്ക്കും അധികം ആയുസുണ്ടായില്ല. ഏഴ് റൺസായിരുന്നു സമ്പാദ്യം. രാഹുൽ ചാഹർ 13 റൺസെടുത്ത് പുറത്തയാപ്പോൾ നവദീപ് സയ്‌നി 15 റൺസിന് ക്രീസ് വിട്ടു. ശ്രീലങ്കയ്ക്കായി അകില ധനഞ്ജയയും പ്രവീൺ ജയവിക്രമയും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി.

മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യൻ ജഴ്‌സിയിൽ ഇന്ന് അരങ്ങേറിയത്. ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നിതീഷ് റാണ എന്നിവർ സ്ഞ്ജുവിനൊപ്പം ഏകദിനത്തിൽ ആദ്യ മത്സരം കളിക്കാനിറങ്ങി.

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങൾ പരിക്കിനെ തുടർന്ന് സഞ്ജുവിന് നഷ്ടമാകുകയായിരുന്നു. ഇഷാൻ കിഷന് പകരമാണ് താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി മൂന്നാം ഏകദിനത്തിനുള്ള പ്ലെയിങ് ഇലവനിലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു നേരത്തേ ട്വന്റി 20 മത്സരം കളിച്ചിട്ടുണ്ട്്. ശ്രീശാന്തിനുശേഷം ഏകദിനത്തിൽ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.