- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം ട്വന്റി 20യിൽ ഇന്ത്യൻ നിരയെ എറിഞ്ഞൊതുക്കി ശ്രീലങ്ക; രണ്ടക്കം കടന്നത് മൂന്നു ബാറ്റ്സ്മാന്മാർ; വാനിന്ദു ഹസരങ്കയ്ക്ക് നാല് വിക്കറ്റ്; വിജയലക്ഷ്യം 82 റൺസ്; 'പരമ്പര' പിടിക്കാൻ ലങ്കൻ നിര
കൊളംബോ: നിർണായകമായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ഇന്ത്യയെ 81 റൺസിൽ എറിഞ്ഞൊതുക്കി ശ്രീലങ്ക. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക്, 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. പുറത്താകാതെ 28 പന്തിൽ 23 റൺസെടുത്ത കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്്ടപ്പെട്ടു. കുൽദീപിനെ കൂടാതെ റുതുരാജ് ഗെയ്ക്കവാദും ഭുവനേശ്വർ കുമാറും മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒമ്പത് റൺസെടുത്തപ്പോൾ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി.
ശ്രീലങ്കയ്ക്കായി സ്പിന്നർ വാനിന്ദു ഹസരങ്ക നാല് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറിൽ വെറും ഒമ്പത് റൺസ് മാത്രം വിട്ടുകൊടുത്താണ് ട്വന്റി20യിൽ ലോക രണ്ടാം നമ്പർ ബോളറായ ഹസരങ്ക നാല് ഇന്ത്യൻ വിക്കറ്റുകൾ പിഴുതത്. ദസുൻ ശനക രണ്ട് വിക്കറ്റെടുത്തു.
ഇന്ത്യൻ ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽതന്നെ ശ്രീലങ്ക വിക്കറ്റുവേട്ട ആരംഭിച്ചു. നാലാം പന്തിൽ ക്യാപ്റ്റൻ ശിഖർ ധവാനെ പൂജ്യത്തിന് ദുഷ്മന്ത ചമീര ധനഞ്ജയ ഡീസിൽവയുടെ കൈകളിൽ എത്തിച്ചു. രണ്ടാം വിക്കറ്റിൽ, ഋതുരാജ് ഗെയ്ക്വാദും ദേവ്ദത്ത് പടിക്കലും ചേർന്ന് 22 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ രമേഷ് മെൻഡിസ് പടിക്കലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി.
9 റൺസ് മാത്രമാണ് പടിക്കലിന്റെ സംഭാവന. ക്രീസിലെത്തിയത് മറ്റൊരു മലയാളിയായ സഞ്ജു സാംസൺ. ധവാൻ കഴിഞ്ഞാൽ ടീമിലെ പരിചയസമ്പന്നനായ സഞ്ജു, രക്ഷകനാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അസ്ഥാനത്തായി. അഞ്ചാം ഓവറിൽ, വാനിന്ദു ഹസരങ്ക സഞ്ജുവിനെ സംപൂജ്യനായി മടക്കി. ആ ഓവറിൽതന്നെ ഋതുരാജ് ഗെയ്ക്വാദിനെയും പുറത്താക്കി. ഇന്ത്യൻ സ്‌കോർബോർഡിൽ അപ്പോൾ വെറും 25 റൺസ് മാത്രം. ആറ് റൺസ് എടുത്ത് നിധീഷ് റാണയും മടങ്ങി. ഭുവനേശ്വർ കുമാർ 16 റൺസ് എടുത്തു.
മലയാളി താരം സന്ദീപ് വാര്യർ ഇന്ത്യക്കായി അരങ്ങേറി. രണ്ടാം ട്വന്റി-20യിൽ ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ നവദീപ് സയ്നിക്ക് പകരമായാണ് സന്ദീപ് ടീമിൽ ഇടം നേടിയത്. ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലും ഉൾപ്പെടെ ടീമിൽ മൂന്നു മലയാളികളായി.
ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. എട്ടു താരങ്ങൾ ഐസൊലഷേനിൽ പോയതിനെ തുടർന്നാണ് ഇത്. രണ്ടാം ട്വന്റി-20യിൽ അഞ്ച് ബാറ്റ്സ്മാന്മാരും ആറു ബൗളർമാരുമായാണ് ഇന്ത്യ കളിച്ചത്. മത്സരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്തു. പരമ്പരയിൽ ഇരുടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്.