കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയ്ക്ക് 226 റൺസ് വിജയലക്ഷ്യം. മഴമൂലം 47 ഓവറായി പുനർനിശ്ചയിച്ച മത്സരത്തിൽ ഇന്ത്യ 43.1 ഓവറിൽ ഓൾഔട്ടായി. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക നിലവിൽ പത്ത് ഓവറിൽ ഒരു വിക്കറ്റിന് 55 റൺസ് എന്ന നിലയിലാണ്.

49 റൺസെടുത്ത ഓപ്പണർ പൃഥ്വി ഷായാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഏകദിന അരങ്ങേറ്റംകുറിച്ച മലയാളി താരം സഞ്ജു സാംസൺ 46 റൺസെടുത്തപ്പോൾ 40 റൺസെടുത്ത് സൂര്യകുമാർ യാദവും തിളങ്ങി. ശ്രീലങ്കക്കായി പ്രവീൺ ജയവിക്രമയും അഖില ധനഞ്ജയയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്്യക്ക് 28 റൺസിലെത്തിയപ്പോഴേക്കും ഓപ്പണർ ശിഖർ ധവാനെ നഷ്ടപ്പെട്ടു. ദുഷ്മന്ത ചമീരയ്്ക്കാണ് വിക്കറ്റ്. ഏകദിന അരങ്ങേറ്റം കുറിച്ച മലയാളി താരം സഞ്ജു സാംസണും പൃഥ്വി ഷായും അടിച്ചു തകർത്തോടെ ഇന്ത്യൻ സ്‌കോർ ബോർഡ് അതിവേഗം കുതിച്ചു. 28 റൺസിൽ ധവാനെ നഷ്ടമായ ഇന്ത്യയെ ഇരുവരും ചേർന്ന് 100 കടത്തി. ഇന്ത്യൻ ടോട്ടൽ 100 കടന്നതിന് പിന്നാലെ 49 പന്തിൽ 49 റൺസെടുത്ത പൃഥ്വി ഷായെ ശ്രീലങ്കൻ നായകൻ ഷനക വിക്കറ്റിന് മുന്നിൽ കുടുക്കി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണെ പ്രവീൺ ജയവിക്രമ പുറത്താക്കി. 46 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 46 റൺസെടുത്ത സഞ്ജുവിന് അർധ സെഞ്ചുറിയിൽ എത്താനായില്ല. ബൗണ്ടറിയിലൂടെ ആദ്യ മത്സരത്തിൽ തന്നെ അർധസെഞ്ചുറി നേടാനുള്ള സഞ്ജുവിന്റെ ശ്രമം പാളി. പന്ത് ആവിഷ്‌ക ഫെർണാണ്ടോ കൈയിലൊതുക്കി.

പിന്നാലെ മഴ കളി തടസ്സപ്പെടുത്തി. 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലെത്തിയപ്പോഴാണ് മഴ പെയ്തത്. മത്സരം പുനരാരംഭിച്ച ശേഷം ഇന്ത്യക്ക് ആദ്യം നഷ്ടമായത് മനീഷ് പാണ്ഡെയുടെ വിക്കറ്റാണ്. 19 പന്തിൽ 11 റൺസായിരുന്നു മനീഷ് പാണ്ഡെയുടെ സമ്പാദ്യം. പിന്നാലെ ഹാർദിക് പാണ്ഡ്യയും ക്രീസ് വിട്ടു. 17 പന്തിൽ 19 റൺസാണ് ഹാർദിക് നേടിയത്. ഇരുവരേയും പ്രവീൺ ജയവിക്രമ പുറത്താക്കുകയായിരുന്നു.

ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും അടി തുടർന്ന സൂര്യകുമാർ യാദവിലായിരുന്നു ഇന്ത്യൻ പ്രതീക്ഷ. എന്നാൽ സൂര്യകുമാറിനെ അഖില ധനഞ്ജയ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ തകർന്നടിഞ്ഞു. നിതീഷ് റാണ(7) അരങ്ങേറ്റത്തിൽ നിരാശപ്പെടുത്തിയപ്പോൾ രാഹുൽ ചാഹറും നവദീപ് സെയ്‌നിയും ചേർന്ന് വാലറ്റത്ത് നടത്തിയ ചെറുത്തു നിൽപ്പാണ് ഇന്ത്യയെ 200 കടത്തിയത്.

മൂന്നു പന്ത് മാത്രം നേരിട്ട കൃഷ്ണപ്പ ഗൗതമിനെ അകില ധവഞ്ജയ പുറത്താക്കി. നിധീഷ് റാണയ്ക്കും അധികം ആയുസുണ്ടായില്ല. ഏഴ് റൺസായിരുന്നു സമ്പാദ്യം. രാഹുൽ ചാഹർ 13 റൺസെടുത്ത് പുറത്തയാപ്പോൾ നവദീപ് സയ്നി 15 റൺസിന് ക്രീസ് വിട്ടു. ശ്രീലങ്കയ്ക്കായി അകില ധനഞ്ജയയും പ്രവീൺ ജയവിക്രമയും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി.

മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ അഞ്ചു താരങ്ങളാണ് ഇന്ത്യൻ ജഴ്സിയിൽ ഇന്ന് അരങ്ങേറിയത്. ചേതൻ സക്കറിയ, കൃഷ്ണപ്പ ഗൗതം, രാഹുൽ ചാഹർ, നിതീഷ് റാണ എന്നിവർ സ്ഞ്ജുവിനൊപ്പം ഏകദിനത്തിൽ ആദ്യ മത്സരം കളിക്കാനിറങ്ങി. ശ്രീശാന്തിനുശേഷം ഏകദിനത്തിൽ കളിക്കുന്ന മലയാളിതാരം എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി.