കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 276 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ ശ്രീലങ്ക ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 275 റൺസെടുത്തു. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയെ ചരിത് അസലങ്ക (65), ആവിഷ്‌ക ഫെർണാണ്ടോ (50), ചാമിക കരുണാരത്നെ (33 പന്തിൽ പുറത്താവാതെ 44) എന്നിവവരുടെ ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.യൂസ്വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ എന്നിവർ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫെർണാണ്ടോ- മിനോദ് ഭാനുക (36) സഖ്യം ലങ്കയ്ക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 77 റൺസ് കൂട്ടിച്ചേർത്തു. ശ്രീലങ്കൻ ഓപ്പണർമാരെ തുടക്കത്തിൽ തന്നെ പുറത്താക്കാൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചു. രണ്ടാം ഓവറിൽ ദീപക് ചഹാറിന്റെ പന്തിൽ ഓപ്പണർ മിനോദ് ഭനുകയുടെ ക്യാച്ച് സ്ലിപ്പിൽ മനീഷ് പാണ്ഡെ പാഴാക്കി. ചാഹർ എറിഞ്ഞ നാലാം ഓവറിൽ ആവിഷ്‌ക ഫെർണാണ്ടോയെ പുറത്താക്കാനുള്ള അവസരം ഭുവനേശ്വർ കുമാറും പാഴാക്കി.

ഇതോടെ കുടുതൽ ശ്രദ്ധിച്ചുകളിച്ച ഓപ്പണർമാർ മോശം പന്തുകൾ തിരഞ്ഞുപിടിച്ച് പ്രഹരിക്കാൻ തുടങ്ങി. പതിയേ കളി ശ്രീലങ്കയുടെ കൈയിലായി. മികച്ച തുടക്കമാണ് ഓപ്പണർമാർ ശ്രീലങ്കയ്ക്ക് നൽകിയത്. ഫെർണാണ്ടോയും മിനോദും ചേർന്ന് 7.4 ഓവറിൽ സ്‌കോർ 50 കടത്തി.

എന്നാൽ സ്‌കോർ 77-ൽ നിൽക്കെ ഓപ്പണർ മിനോദ് ഭനുകയെ പുറത്താക്കി യൂസ്വേന്ദ്ര ചാഹൽ ശ്രീലങ്കയുടെ കൂട്ടുകെട്ട് പൊളിച്ചു. 42 പന്തുകളിൽ നിന്നും ആറു ബൗണ്ടറികളുടെ സഹായത്തോടെ 36 റൺസെടുത്ത മിനോദിനെ ചാഹൽ മനീഷ് പാണ്ഡെയുടെ കൈയിലെത്തിച്ചു. പിന്നാലെ ഭാനുക രാജപക്സ (0) ചഹൽ പുറത്താക്കി. ചാഹലിന്റെ ഇരട്ട പ്രഹരം ലങ്കയെ ബാക്ക്ഫൂട്ടിലാക്കി. 14-ാം ഓവറിലെ അടുത്തടുത്ത പന്തുകളിലാണ് മിനോദ്, ഭാനുക രാജപക്സ എന്നിവരെയാണ് ചാഹൽ മടക്കിയത്.

ആദ്യ പന്തിൽ തന്നെ രജപക്സ വിക്കറ്റ് കീപ്പർ ഇഷാൻ കിഷന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ 77 ന് പൂജ്യം എന്ന സ്‌കോറിൽ നിന്നും 77 ന് രണ്ട് എന്ന നിലയിലേക്ക് ശ്രീലങ്ക കൂപ്പുകുത്തി. രണ്ട് വിക്കറ്റുകൾ പെട്ടെന്ന് വീണതോടെ ശ്രീലങ്കൻ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. 20.2 ഓവറിൽ ടീം സ്‌കോർ 100 കടന്നു.

നാലാമനായി ക്രീസിലെത്തിയത് ധനഞ്ജയ ഡിസിൽവ സിംഗിളുകളും ഡബിളുമായി താരം പതുക്കെ കളം പിടിച്ചു. ഇതിനിടെ ഫെർണാണ്ടോ അർധ സെഞ്ചുറി പൂർത്തിയാക്കി. 70 പന്തുകളിൽ നിന്നുമാണ് താരം ഫിഫ്റ്റിയടിച്ചത്. താരത്തിന്റെ കരിയറിലെ നാലാം അർധസെഞ്ചുറിയാണിത്. ഈ ടൂർണമെന്റിൽ ശ്രീലങ്കൻ താരം നേടുന്ന ആദ്യ അർധസെഞ്ചുറിയുമാണിത്.

ഭുവനേശ്വർ കുമാറിന്റെ പന്ത് ആക്രമിക്കാൻ ശ്രമിച്ച ഫെർണാണ്ടോയുടെ ശ്രമം പാളി. ഉയർന്നുപൊന്തിയ പന്ത് ക്രുനാൽ പാണ്ഡ്യ അനായാസം കൈയിലൊതുക്കി. വൈകാതെ ധനഞ്ജയയും മടങ്ങി. 45 പന്തുകളിൽ നിന്നും 32 റൺസെടുത്ത താരത്തെ ദീപക് ചാഹർ പുറത്താക്കി. അനാവശ്യ ഷോട്ടിന് ശ്രമിച്ച സിൽവയെ ശിഖർ ധവാൻ കൈയിലൊതുക്കി. ഇതോടെ ശ്രീലങ്ക 134 ന് നാല് എന്ന നിലയിലേക്ക് വീണു.

പിന്നീട് ഒത്തുചേർന്ന ചരിത് അസലങ്കയും നായകൻ ദാസൺ ശനകയും ചേർന്ന് ശ്രീലങ്കൻ സ്‌കോർ 150 കടത്തി. ഇരുവരും ശ്രദ്ധിച്ച് കളിച്ചാണ് സ്‌കോർബോർഡ് മുന്നോട്ടുചലിപ്പിച്ചത്. എന്നാൽ സ്‌കോർ 172-ൽ നിൽക്കേ 16 റൺസെടുത്ത നായകൻ ശനകയെ ക്ലീൻ ബൗൾഡാക്കി ചാഹൽ കൂട്ടുകെട്ട് പൊളിച്ചു.

പിന്നാലെ വന്ന വാനിധു സഹരംഗയ്ക്കും പിടിച്ചുനിൽക്കാനായില്ല. മികച്ച ഒരു സ്ലോ ബോളിലൂടെ താരത്തെ ദീപക് ചാഹാർ ക്ലീൻ ബൗൾഡാക്കി. ഇതോടെ 194 ന് ആറുവിക്കറ്റ് എന്ന നിലയിലായി ശ്രീലങ്ക. എന്നാൽ മറുവശത്ത് ആത്മവിശ്വാസത്തോടെ ബാറ്റേന്തിയ അസലങ്ക 41-ാം ഓവറിൽ ടീം സ്‌കോർ 200 കടത്തി. പിന്നാലെ താരം അർധശതകം കണ്ടെത്തി.

56 പന്തുകളിൽ നിന്നുമാണ് താരം അർധശതകം കുറിച്ചത്. താരത്തിന്റെ കരിയറിലെ ആദ്യ അർധസെഞ്ചുറിയാണിത്. എട്ടാമനായി ഇറങ്ങിയ കരുണരത്നെയെ കൂട്ടുപിടിച്ച് ടീം സ്‌കോർ 244-ൽ എത്തിച്ചു. എന്നാൽ 48-ാം ഓവറിൽ താരത്തെ പുറത്താക്കി ഭുവനേശ്വർ കുമാർ ശ്രീലങ്കൻ ഇന്നിങ്സിന് കടിഞ്ഞാണിട്ടു. 68 പന്തുകളിൽ നിന്നും ആറ് ബൗണ്ടറികളുടെ സഹായത്തോടെ 65 റൺസെടുത്ത താരം കൂറ്റനടിക്ക് ശ്രമിച്ചാണ് പുറത്തായത്.

അവസാന ഓവറുകളിൽ തകർപ്പൻ ഷോട്ടുകൾ കളിച്ച കരുണരത്നെ സ്‌കോർ 275-ൽ എത്തിച്ചു. താരം 33 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ പുറത്താവാതെ 44 റൺസെടുത്തു. ഒരു റൺസെടുത്ത രജിത മറുവശത്ത് പുറത്താവാതെ നിന്നു. ഇന്ത്യയ്ക്കായി യൂസ്വേന്ദ്ര ചാഹലും ഭുവനേശ്വർ കുമാറും മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ദീപക് ചാഹർ രണ്ട് വിക്കറ്റെടുത്തു.