- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അർധ സെഞ്ചുറിയുമായി നിക്കോളാസ് പുരൻ; അരങ്ങേറ്റം അവിസ്മരണീയമാക്കി രവി ബിഷ്ണോയ്; ആദ്യ ട്വന്റി 20 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് 158 റൺസ് വിജയലക്ഷ്യം; മികച്ച തുടക്കമിട്ട് രോഹിത് ശർമ്മ

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 158 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ നിക്കോളാസ് പുരനാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ. 43 പന്തുകൾ നേരിട്ട പുരൻ അഞ്ച് സിക്സും നാല് ഫോറുമടക്കം 61 റൺസെടുത്തു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയിയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി ബൗളിംഗിൽ തിളങ്ങി.
നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്ണോയ് അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി. വിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബ്രാൻഡൺ കിങ്ങിനെ (4) നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. തുടർന്ന് രണ്ടാം വിക്കറ്റിൽ കൈൽ മയേഴ്സും നിക്കോളാസ് പുരനും ചേർന്ന് ടീമിനെ 51 റൺസ് വരെയെത്തിച്ചു. 24 പന്തിൽ നിന്ന് ഏഴ് ഫോറുകളടക്കം 31 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മയേഴ്സിനെ ഏഴാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ മടക്കി.
11-ാം ഓവറിൽ റോസ്റ്റൺ ചേസ് (4), റോവ്മാൻ പവൽ (2) എന്നിവരെ മടക്കി രവി ബിഷ്ണോയ് വിൻഡീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ അകീൽ ഹുസൈനെ (10) 14ാം ഓവറിൽ ദീപക് ചാഹർ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി.
പിന്നാലെ ആറാം വിക്കറ്റിൽ ഒന്നിച്ച പുരൻ - കിറോൺ പൊള്ളാർഡ് സഖ്യം അതിവേഗം 45 റൺസ് കൂട്ടിച്ചേർത്തു. പുരാനും ക്യാപ്റ്റൻ കെയ്‌റോൺ പൊള്ളാർഡും ചേർന്ന് വിൻഡീസിനെ പതിനാറാം ഓവറിൽ 100 കടത്തി. പതിനാറാം ഓവറിൽ 108-5 എന്ന സ്‌കോറിലായിരുന്നു വിൻഡീസിനെ അവസാന നാലോവറിൽ 49 റൺസടിച്ച് പൊള്ളാർഡും പുരാനും ചേർന്ന് റൺസിൽ 157 എത്തിച്ചു. 45 പന്തിൽ അർധസെഞ്ചുറി തികച്ച പുരാൻ 61 റൺസുമായി ഹർഷൽ പട്ടേലിന്റെ പന്തിൽ പുറത്തായപ്പോൾ അവസാന രണ്ടോവറിൽ 22 റൺസടിച്ച പൊള്ളാർഡ് 19 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്ന് വിൻഡീസിന് മാന്യമായ സ്‌കോർ ഉറപ്പാക്കി.
ഇന്ത്യക്കായി രവി ബിഷ്‌ണോയി നാലോവറിൽ 17 റൺസിന് രണ്ട് വിക്കറ്റെടുത്ത് ടി20 അരങ്ങേറ്റത്തിലെ ഇന്ത്യൻ ബൗളറുടെ മൂന്നാമത്തെ മികച്ച ബൗളിങ് പ്രകടനത്തിന് ഉടമയായി.ഹർഷൽ പട്ടേൽ നാലോവറിൽ 37 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ യുസ്വേന്ദ്ര ചാഹൽ നാലോവറിൽ 34 റൺസിന് ഒരു വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ ദീപക് ചാഹർ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.ഇന്ത്യയുടെ ആറാം ബൗളിങ് ഓപ്ഷനായ വെങ്കടേഷ് അയ്യർ ഈ മത്സരത്തിൽ ഒരു ഓവർ എറിഞ്ഞു. നാലു റൺസ് മാത്രം വിട്ടുകൊടുത്ത വെങ്കടേഷിന് പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല.


