- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മികച്ച തുടക്കമിട്ട് രോഹിത്; ഫിനിഷർമാരായി സൂര്യകുമാറും വെങ്കിടേഷും; അരങ്ങേറ്റത്തിൽ മിന്നി ബിഷ്ണോയ്: ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം; വിൻഡീസിനെ കീഴടക്കിയത് ആറ് വിക്കറ്റിന്

കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ മൂന്ന് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. 19 പന്തിൽ 40 റൺസുമായി ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്ന് നയിച്ചപ്പോൾ 34 റൺസുമായി സൂര്യകുമാർ യാദവും 24 റൺസെടുത്ത വെങ്കടേഷ് അയ്യരും ഫിനിഷിംഗിൽ തിളങ്ങി. സ്‌കോർ: വിൻഡീസ് 20 ഓവറിൽ 157 - 7; ഇന്ത്യ 18.5 ഓവറിൽ 162 - 4.
ട്വന്റി 20 നായകനായി അരങ്ങേറിയ രോഹിത് ശർമക്കും ടീം ഇന്ത്യക്കും മികച്ച വിജയത്തുടക്കമാണ് കൊൽക്കത്ത ഇന്നു കാത്തുവച്ചിരുന്നത്. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ബൗളർമാർ കാഴ്ചവച്ചത്. ട്വന്റി 20 സ്‌പെഷ്യലിസ്റ്റുകൾ ഉൾപ്പെട്ട കരുത്തുറ്റ വിൻഡീസ് ബാറ്റിങ് നിരയെ 157 റൺസിൽ ചുരുക്കിയ ഇന്ത്യൻ ബൗളർമാർ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.
വിൻഡീസ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.5 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. കെ എൽ രാഹുലിന്റെ അഭാവത്തിൽ ഇന്നിങ്‌സ് ഓപ്പൺ ചെയ്ത രോഹിത്തും ഇഷാനും ചേർന്ന് ഇന്ത്യക്ക് വെടിക്കെട്ട് തുടക്കമാണ് നൽകിയത്. പവർപ്ലേയിലെ ആദ്യ അഞ്ചോവറിൽ 57 റൺസിലെത്തിയ ഇന്ത്യ പവർ പ്ലേ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസടിച്ചു. 7.3 ഓവറിൽ ഇരുവരും ചേർന്ന് 64 റൺസെടുത്തു. 19 പന്തിൽ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 40 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
രോഹിത് പുറത്തായതോടെ ഇന്ത്യയുടെ റൺറേറ്റ് താഴ്ന്നു. വൈകാതെ 42 പന്തിൽ നിന്ന് 35 റൺസെടുത്ത ഇഷാൻ കിഷനെയും മടക്കി റോസ്റ്റൺ ചേസ് ഇന്ത്യയെ ഞെട്ടിച്ചു. വിരാട് കോലിക്കും കാര്യമായ സംഭാവന നൽകാനായില്ല. 13 പന്തിൽ നിന്ന് 17 റൺസ് മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം. 13-ാം ഓവറിൽ ഫാബിയാൻ അലനാണ് കോലിയെ മടക്കിയത്. ഋഷഭ് പന്ത് വെറും എട്ട് റൺസ് മാത്രമെടുത്ത് മോശം ഷോട്ടിലൂടെ പുറത്തായി.
പിന്നാലെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സൂര്യകുമാർ യാദവ് - വെങ്കടേഷ് അയ്യർ സഖ്യമാണ് ഇന്ത്യയെ കൂടുതൽ നഷ്ടങ്ങളില്ലാതെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേർന്നെടുത്ത 48 റൺസ് വിജയത്തിൽ നിർണായകമായി.
സൂര്യകുമാർ വെറും 18 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 34 റൺസോടെ പുറത്താകാതെ നിന്നു. വെങ്കടേഷ് അയ്യർ 13 പന്തിൽ നിന്ന് ഒരു സിക്സും രണ്ട് ഫോറുമടക്കം 24 റൺസെടുത്തു. ഫാബിയാൻ അലനെ സിക്സർ പറത്തി വിജയറൺ കുറിച്ചതും വെങ്കടേഷായിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസെടുത്തു. റൺസെടുത്ത നിക്കോളാസ് പുരാനാണ് വിൻഡീസീന്റെ ടോപ് സ്‌കോറർ.43 പന്തുകൾ നേരിട്ട പുരൻ അഞ്ച് സിക്സും നാല് ഫോറുമടക്കം 61 റൺസെടുത്തു. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച രവി ബിഷ്‌ണോയ് നാല് ഓവറിൽ വെറും 17 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീഴ്‌ത്തി.
ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബ്രാൻഡൺ കിങ്ങിനെ (4) നഷ്ടമായിരുന്നു. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. തുടർന്ന് രണ്ടാം വിക്കറ്റിൽ കൈൽ മയേഴ്സും നിക്കോളാസ് പുരനും ചേർന്ന് ടീമിനെ 51 റൺസ് വരെയെത്തിച്ചു. 24 പന്തിൽ നിന്ന് ഏഴ് ഫോറുകളടക്കം 31 റൺസെടുത്ത് മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന മയേഴ്സിനെ ഏഴാം ഓവറിൽ യുസ്വേന്ദ്ര ചാഹൽ മടക്കി.
11-ാം ഓവറിൽ റോസ്റ്റൺ ചേസ് (4), റോവ്മാൻ പവൽ (2) എന്നിവരെ മടക്കി രവി ബിഷ്ണോയ് വിൻഡീസിനെ പ്രതിരോധത്തിലാക്കി. പിന്നാലെ അകീൽ ഹുസൈനെ (10) 14ാം ഓവറിൽ ദീപക് ചാഹർ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്ത് പുറത്താക്കി.
പിന്നാലെ ആറാം വിക്കറ്റിൽ ഒന്നിച്ച പുരൻ - കിറോൺ പൊള്ളാർഡ് സഖ്യം അതിവേഗം 45 റൺസ് കൂട്ടിച്ചേർത്തു. 18-ാം ഓവറിൽ പുരനെ മടക്കി ഹർഷൽ പട്ടേലാണ് ഈ കൂട്ടുകെട്ട് തകർത്തത്. പൊള്ളാർഡ് 19 പന്തിൽ നിന്ന് 24 റൺസോടെ പുറത്താകാതെ നിന്നു. ഇന്ത്യയുടെ ആറാം ബൗളിങ് ഓപ്ഷനായ വെങ്കടേഷ് അയ്യർ ഈ മത്സരത്തിൽ ഒരു ഓവർ എറിഞ്ഞു. നാലു റൺസ് മാത്രം വിട്ടുകൊടുത്ത വെങ്കടേഷിന് പക്ഷേ വിക്കറ്റൊന്നും ലഭിച്ചില്ല.


