കൊൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. രോഹിത് ശർമ ട്വന്റി 20 നായകനായി അരങ്ങേറുന്ന ആദ്യ മത്സരത്തിൽ കെ എൽ രാഹുലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത്.

വിരാട് കോലി മൂന്നാം സ്ഥാനത്ത് ഇറങ്ങുമ്പോൾ സൂര്യകുമാർ യാദവ്, റിഷഭ് പന്ത് വെങ്കടേഷ് അയ്യർ എന്നിവരാണ് ഇന്ത്യയുടെ ബാറ്റിങ് നിരയിലുള്ളത്. ബൗളിങ് നിരയിൽ രവി ബിഷ്‌ണോയി ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമ്പോൾ യുസ്വേന്ദ്ര ചാഹലും ഹർഷൽ പട്ടേലും ഭുവനേശ്വർ കുമാറും ദീപക് ചാഹറും ബൗളർമാരായുണ്ട്.

ട്വന്റി 20 ലോകകപ്പ് മുന്നിൽ കണ്ടാണ് ഇന്ത്യ വിൻഡീസ് പരമ്പരയ്ക്ക് ഒരുങ്ങിയത്. ലോകകപ്പിനായി ഒരു ടീമിനെ വാർത്തെടുക്കുന്നതിനുള്ള തുടക്കമാവും ഇത്. ഏകദിനപരമ്പര തൂത്തുവാരിയെങ്കിലും ട്വന്റി 20 ഫോർമാറ്റിൽ വിൻഡീസ് അപകടകാരികളാണെന്ന ബോധ്യം ഇന്ത്യയ്ക്കുണ്ട്. സ്വന്തം നാട്ടിൽനടന്ന പരമ്പരയിൽ 3-2-ന് ഇംഗ്ലണ്ടിനെതിരേ ത്രസിപ്പിക്കുന്ന വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് വിൻഡീസ്.

വെസ്റ്റ് ഇൻഡീസ് ടീമിൽ കെയ്‌റോൺ പൊള്ളാർഡ് ക്യാപ്റ്റനായി തിരിച്ചെത്തി. പരമ്പര തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക റാങ്കിംഗിൽ ഒന്നാമതെത്താം. ചെറിയ ബൗണ്ടറികളായതിനാൽ ചെറിയ സ്‌കോറുകൾ പ്രതിരോധിക്കുക എന്നത് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ദുുഷ്‌കരമാകുമെന്നാണ് സൂചന. ഇരു വശങ്ങളിലേക്കും 62, 68 മീറ്ററുകൾ മാത്രമാണ് ബൗണ്ടറിയുടെ നീളം. സ്‌ട്രെയിറ്റ് ബൗണ്ടറി 76 മീറ്റർ മാത്രമാണ്.