അഹമ്മദാബാദ്: 9 ഓവറിൽ 3 മെയ്ഡിൻ അടക്കം 12 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയുടെ ബൗളിങ്ങ് മികവിൽ രണ്ടാം ഏകദിനത്തിൽ വിൻഡീസിനെ 44 റൺസിനു കീഴടക്കി ഇന്ത്യ. ജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. സ്‌കോർ- ഇന്ത്യ 50 ഓവറിൽ 9 വിക്കറ്റിന് 237; വിൻഡീസ്: 46 ഓവറിൽ 193നു പുറത്ത്. മുഴുവൻ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശർമയുടെ ആദ്യ പരമ്പര വിജയം.പരമ്പരയിലെ അവസാന മത്സരം വെള്ളിയാഴ്ച നടക്കും.

ബാറ്റിങ് ദുഷ്‌കരമായ വിക്കറ്റിൽ പേസർമാരുടെ ഉജ്വല ബോളിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. പ്രസിദ്ധ് കൃഷ്ണയക്ക് ഒപ്പം ശാർദൂൽ ഠാക്കൂർ 41 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോൾ മുഹമ്മദ് സിറാജ്, വാഷിങ്ടൻ സുന്ദർ, യുസ്വേന്ദ്ര ചെഹൽ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

64 പന്തിൽ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 44 റൺസെടുത്ത ഷമാറ ബ്രൂക്ക്സാണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ.238 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിൻഡീസിന് എട്ടാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 20 പന്തിൽ നിന്ന് 18 റൺസെടുത്ത ഓപ്പണർ ബ്രണ്ടൻ കിങ്ങിനെ പ്രസിദ്ധ്, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഡാരൻ ബ്രാവോയേയും (1) മടക്കിയ താരം വിൻഡീസിന് അടുത്ത പ്രഹരവുമേൽപ്പിച്ചു. മികച്ച പ്രതിരോധം പുറത്തെടുത്ത് 27 റൺസെടുത്ത ഷായ് ഹോപ്പിനെ യുസ്വേന്ദ്ര ചാഹലും മടക്കിയതോടെ വിൻഡീസ് തീർത്തും പ്രതിരോധത്തിലായി.

തുടർന്ന് ക്യാപ്റ്റൻ നിക്കോളാസ് പുരനെ (9) പ്രസിദ്ധ് മടക്കിയപ്പോൾ ജേസൻ ഹോൾഡറെ (2) ശാർദുൽ താക്കൂർ പുറത്താക്കി.എന്നാൽ ബ്രൂക്ക്സും അകീൽ ഹുസൈനും ചേർന്ന് സ്‌കോർ 117 വരെയെത്തിച്ചു.31-ാം ഓവറിൽ ബ്രൂക്ക്സിനെ മടക്കി ദീപക് ഹൂഡയാണ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പിന്നാലെ ഫാബിയാൻ അലനെ (13) സിറാജ് മടക്കി. 52 പന്തിൽ നിന്ന് 34 റൺസെടുത്ത അകീലിനെ ഒടുവിൽ 40-ാം ഓവറിൽ ശാർദുൽ താ്ക്കൂർ പുറത്താക്കി. തുടർന്ന് 20 പന്തിൽ നിന്ന് 24 റൺസെടുത്ത ഒഡീൻ സ്മിത്ത് പൊരുതി നോക്കിയെങ്കിലും വിജയം അകലെയായി. 46-ാം ഓവറിൽ കെമാർ റോച്ചിനെ (0) പുറത്താക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് 44 റൺസിന്റെ ജയം സമ്മാനിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തിരുന്നു.ഒരു ഘട്ടത്തിൽ മൂന്നിന് 43 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുൽ - സൂര്യകുമാർ യാദവ് സഖ്യമാണ് കരകയറ്റിയത്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 91 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നട്ടെല്ല്.

മൂന്നാം ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ (5) വിക്കറ്റ് നഷ്ടമായി. തുടർന്ന് രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഋഷഭ് പന്തും വിരാട് കോലിയും ചേർന്ന് സ്‌കോർ 39 വരെയെത്തിച്ചു. 12-ാം ഓവറിലെ ആദ്യ പന്തിൽ ഋഷഭ് പന്തിനെ (18) മടക്കിയ ഒഡീൻ സ്മിത്ത് ആറാം പന്തിൽ കോലിയേയും (18) പുറത്താക്കി.

തുടർന്ന് ക്രീസിൽ ഒന്നിച്ച രാഹുലും സൂര്യകുമാറും ചേർന്നാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോർ 134-ൽ നിൽക്കേ 48 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 49 റൺസെടുത്ത രാഹുൽ റണ്ണൗട്ടായത് തിരിച്ചടിയായി. വൈകാതെ 83 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 64 റൺസെടുത്ത സൂര്യകുമാറിനെ 39-ാം ഓവറിൽ ഫാബിയാൻ അലൻ മടക്കി.

തുടർന്ന് 41 പന്തിൽ നിന്ന് 24 റൺസെടുത്ത വാഷിങ്ടൺ സുന്ദറിന്റെയും 25 പന്തിൽ നിന്ന് 29 റൺസെടുത്ത ദീപക് ഹൂഡയുടെയും ഇന്നിങ്സുകളാണ് ടീമിനെ 200 കടത്തിയത്. ശാർദുൽ താക്കൂർ (8), മുഹമ്മദ് സിറാജ് (3) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. വിൻഡീസിനായി അൽസാരി ജോസഫും ഒഡീൻ സ്മിത്തും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ കെ.എൽ രാഹുൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷന് സ്ഥാനം നഷ്ടമായി. പരിക്കേറ്റ് കിറോൺ പൊള്ളാർഡിന് പകരം നിക്കോളാസ് പുരനാണ് ടീമിനെ നയിക്കുന്നത്.