ഹരാരെ: സിംബാബ്വെയ്ക്കെതിരെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 162 റൺസ് വിജയലക്ഷ്യം. ഹരാരെ സ്പോർട്സ് ക്ലബിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുകെട്ടി.

മൂന്ന് വിക്കറ്റ് നേടിയ ഷാർദുൽ ഠാകൂറായിരുന്നു കൂടുതൽ അപകടകാരി. റ്യാൻ ബേൾ (പുറത്താവാതെ 39), സീൻ വില്യംസ് (42) എന്നിവർക്ക് മാത്രമാണ് സിംബാബ്വെ നിരയിൽ തിളങ്ങാനായത്.

ഓപ്പണിങ് വിക്കറ്റിൽ തകുട്സ്വാനാഷി കൈറ്റാനോയും ഇന്നസെന്റ് കായ്യയും ചേർന്ന് 20 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എട്ട് ഓവർ വരെ ഇരുവരും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ചു. എന്നാൽ ഒൻപതാം ഓവർ ചെയ്ത മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. കൈറ്റാനോയെ വിക്കറ്റ് കീപ്പർ സഞ്ജു സാംസന്റെ കൈയിലെത്തിച്ച് സിറാജ് സിംബാബ്വെയുടെ ആദ്യ വിക്കറ്റ് നേടി. ഏഴുറൺസെടുത്ത കൈറ്റാനോയെ മികച്ച ക്യാച്ചിലൂടെ സഞ്ജു പുറത്താക്കി.

പിന്നീട് ശാർദൂൽ ഠാക്കൂറിന്റെ ഊഴമായിരുന്നു. ദീപക് ചാഹറിന് പകരം ടീമിലിടം നേടിയ ശാർദൂൽ മറ്റൊരു ഓപ്പണറായ ഇന്നസെന്റ് കായ്യയെ സഞ്ജുവിന്റെ കൈയിലെത്തിച്ചു. 16 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിൽ തന്നെ കഴിഞ്ഞ മത്സരത്തിൽ നന്നായി ബാറ്റുവീശിയ സിംബാബ്വെ നായകൻ റെഗിസ് ചക്കാബ്വയെയും മടക്കി ശാർദൂൽ ആതിഥേയർക്ക് തലവേദന സൃഷ്ടിച്ചു. വെറും രണ്ട് റൺസാണ് നായകന്റെ സമ്പാദ്യം. പിന്നാലെ രണ്ട് റൺസെടുത്ത വെസ്ലി മധേവെറെയേയെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ സിംബാബ്വെയുടെ ബാറ്റിങ് നിരയെ തകർത്തു.

സ്‌കോർബോർഡിൽ 31 റൺസ് മാത്രമുള്ളപ്പോൾ നാല് വിക്കറ്റ് നഷ്ടമായി. വിശ്വസ്ഥനായ സിക്കന്ദർ റാസ (16) മടങ്ങിയതോടെ ടീം അഞ്ചിന് 72 എന്ന നിലയിലായി. പിന്നീട് വില്യംസ്- ബേൾ അൽപസമയം പിടിച്ചുനിന്നെങ്കിലും ഹൂഡ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി. വില്യംസ് ധവാന്റെ കൈകളിൽ വിശ്രമിച്ചു. തുടർന്നെത്തിയവരിൽ ആർക്കും രണ്ടക്കം കാണാൻ പോലും സാധിച്ചില്ല.

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ മൂന്ന് ക്യാച്ചുകളുമായി വിക്കറ്റിന് പിന്നിൽ തിളങ്ങി. സിംബാബ്വെയുടെ രണ്ട് പേർ റണ്ണൗട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ കെ എൽ രാഹുൽ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ടാം ഏകദിനമാണിന്ന് നടക്കുന്നത്. ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ഷാർദുൽ ഠാകൂർ ടീമിലെത്തി. ആദ്യ ഏകദിനത്തിൽ മൂന്ന് വിക്കറ്റുമായി പ്ലയർ ഓഫ് ദ മാച്ചായിരുന്നു ദീപക്. അദ്ദേഹത്തിന് മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സിംബാബവെ രണ്ട് മാറ്റം വരുത്തി.