- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല; ചൈനയ്ക്ക് കർശന മുന്നറിയിപ്പ് നൽകി ഇന്ത്യ; അതിർത്തി തർക്കം കീറാമുട്ടിയായി തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നു; സമാധാനം നിലനിർത്തേണ്ടത് നയതന്ത്ര ബന്ധത്തിന് അതാവശ്യം; പാങ്‌ഗോങ് സോയിൽ ഒഴികെ അതിർത്തിയിൽ മുഖാമുഖം നിൽക്കുമ്പോൾ അനുരഞ്ജനത്തിന് വിദേശകാര്യമന്ത്രിമാരുടെ ശ്രമം
ന്യൂഡൽഹി: അതിർത്തി തർക്കം കീറാമൂട്ടിയായി തുടരുന്നത് ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഇന്ത്യയും ചൈനയും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും, ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്.
തർക്കം നീട്ടിക്കൊണ്ടു പോകുന്നത് ഇരുഭാഗത്തിനും ഗുണം ചെയ്യുന്നില്ല. താജിക്കിസ്ഥാനിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂർ നീണ്ടുനിന്നു. യഥാർത്ഥ നിയന്ത്രണ രേഖയിലെ കാതലായ പ്രശ്‌നങ്ങളാണ് ഇരുവിദേശകാര്യമന്ത്രിമാരും ചർച്ച ചെയ്തത്. ഷാങ്ഹായി കോപറേഷൻ ഓർഗനൈസേഷന്റെ യോഗത്തോട് അനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ചൈനയ്ക്ക് ഇന്ത്യ മുന്നറിയിപ്പ് നൽകിയതാണ് ചർച്ചയിലെ ഹൈലൈറ്റ്. നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ല. നിയന്ത്രണരേഖയിൽ നിലനിൽക്കുന്ന വിഷയങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രിയോട് ചർച്ച നടത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടത് നയതന്ത്ര ബന്ധത്തിന് ആവശ്യമെന്നും ഇന്ത്യ വ്യക്തമാക്കി. മുതിർന്ന സൈനിക കമാൻഡർമാരുടെ യോഗം വളരെ വേഗം വിളിച്ചുകൂട്ടുന്നതിനും ധാരണയായി. ചൈനീസ് വിദേശകാര്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോയും എസ്.ജയശങ്കർ പോസ്റ്റ് ചെയ്തു.
ഈ വർഷം ഇത് മൂന്നാം വട്ടമാണ് എസ്.ജയശങ്കറും വാങ്ങും കൂടിക്കാഴ്ച നടത്തുന്നത്.നേരത്തെ ഫെബ്രുവരിയിലും, ഏപ്രിലിലും തമ്മിൽ കണ്ടിരുന്നു. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് സൈനികരെ പിൻവലിക്കുന്നതും, മോസ്‌കോ കരാർ നടപ്പാക്കുന്നതു,ആശയവിനിമയത്തിന് ഹോട്ട് ലൈൻ സ്ഥാപിക്കുന്നതും ചർച്ചയായിരുന്നു
ജയശങ്കറും വാങ്ങും കഴിഞ്ഞ വർഷം ധാരണയിൽ എത്തിയ അഞ്ചിന മോസ്‌കോ കരാർ നടപ്പാക്കേണ്ട ആവശ്യകതയാണ് ഇന്ത്യ ഊമ്മി പറയുന്നത്.പാങ്‌ഗോങ് സോയിൽ ഈ വർഷം ഫെബ്രുവരിയിൽ ഇരുപക്ഷത്തെയും, സൈനികർ പൂർണമായി പിൻവാങ്ങിയിരുന്നു. എന്നാൽ, മറ്റുസംഘർഷ സാധ്യത ഉള്ള സ്ഥലങ്ങളിൽ കാര്യമായ ചലനമൊന്നുമില്ല. നിയന്ത്രണ രേഖയിലെ സൈനിക നടപടിക്ക് കാരണം ഇന്ത്യയാണെന്ന നിലപാട് ചൈന ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഇന്ത്യയാകട്ടെ ബീജിങ് ഉഭയകക്ഷി കരാറുകൾ ലംഘിച്ചുവെന്ന് ആരോപിക്കുന്നു.
ഗാൽവന് മുമ്പ്
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം കാലങ്ങളായി തുടരുന്നതാണ്. എന്നാൽ 1962-ലെ യുദ്ധത്തിന് ശേഷം ഗാൽവനിൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക നേരത്തെയും പറഞ്ഞിരുന്നു. ഇന്ത്യയോട് മാത്രമല്ല, എല്ലാ അയൽക്കാരോടും കടുത്ത സമീപനമാണ് ചൈന സ്വീകരിക്കുന്നതെന്നും അതാണ് ചൈനയ്ക്കു ചുറ്റും പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി നേരത്തെ പറഞ്ഞത്.
ഇന്ത്യയും ചൈനയും തമ്മിൽ ഇതിന് മുമ്പ് ഏറ്റവും വലിയ തർക്കമുണ്ടായത് ദോക് ലാം സംഭവത്തിലാണ്. ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് അതിർത്തിയായ ദോക് ലാമിൽ 2017-ൽ 73 ദിവസമാണ് സംഘർഷാവസ്ഥ നിലനിന്നത്. ചൈനയുടെ റോഡ് നിർമ്മാണമാണ് പ്രശ്നത്തിന് കാരണമായത് ഇന്ത്യയുടെ സഖ്യകക്ഷിയായ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്താണ് ചൈനീസ് സൈന്യം 2017 ജൂൺ 16-ന് റോഡ് നിർമ്മാണം തുടങ്ങിയത്. ജൂൺ 18-ന് സിക്കിം അതിർത്തി കടന്ന് ഇന്ത്യൻ സൈന്യമാണ് ചൈനയുടെ റോഡ് നിർമ്മാണം തടഞ്ഞത്. ഓഗസ്റ്റ് 28-ന് ചൈന റോഡ് നിർമ്മാണം നിർത്തുന്നതായി പ്രഖ്യാപിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. ഭൂട്ടാന്റെ പ്രദേശം കൈക്കലാക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യയുടെ ഇടപെടലിലൂടെ ഇല്ലാതായത്. ഈ പ്രശ്നത്തിൽ ഭൂട്ടാനെ ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമം നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ