അഹമ്മദാബാദ്: മൂന്നാം ഏകദിനത്തിലും 96 റൺസിന്റെ വമ്പൻ ജയം. തുടർച്ചയായി മൂന്നാം ജയത്തോടെ വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ.ഇതോടെ മുഴുവൻ സമയ ക്യാപ്റ്റനായുള്ള ആദ്യ പരമ്പര തന്നെ തൂത്തുവാരാൻ രോഹിത് ശർമയ്ക്കായി.266 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 37.1 ഓവറിൽ 169ന് എല്ലാവരും പുറത്തായി.

മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും വിൻഡീസിനെ തകർക്കുന്നതിൽ പ്രധാനികളായി. ദീപക് ചാഹർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ, ശ്രേയസ് അയ്യർ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിങ്സാണ് കരുത്തായത്. വാലറ്റത്ത് ദീപക് ചാഹർ (38), വാഷിങ്ടൺ സുന്ദർ (33) എന്നിവർ പുറത്തെടുത്ത പ്രകടനം സ്‌കോർ 250 കടത്താന് സഹായിച്ചു. വിൻഡീസിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

266 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസിന് ഒരു ഘട്ടത്തിൽ പോലും വിജയ പ്രതീക്ഷയുണർത്താൻ സാധിച്ചില്ല. വാലറ്റത്ത് 18 പന്തിൽ നിന്ന് മൂന്ന് സിക്സും മൂന്ന് ഫോറുമടക്കം 36 റൺസെടുത്ത ഒഡീൻ സ്മിത്താണ് വിൻഡീസ് നിരയിലെ ടോപ് സ്‌കോറർ.ക്യാപ്റ്റൻ നിക്കോളാസ് പുരൻ 39 പന്തിൽ നിന്ന് 34 റൺസെടുത്തു.

ഷായ് ഹോപ്പ് (5), ബ്രെണ്ടൻ കിങ് (14), ഷമാര ബ്രൂക്ക്സ് (0), ഡാരൻ ബ്രാവോ (20), ജേസൺ ഹോൾഡർ (6) ഫാബിയാൻ അലൻ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി.അൽസാരി ജോസഫ് 56 പന്തിൽ നിന്ന് 29 റൺസെടുത്ത് അവസാന വിക്കറ്റായി മടങ്ങി. ഹെയ്ഡൻ വാൽഷ് 13 റൺസെടുത്തു.

നേരത്തെ ഒരിക്കൽ കൂടി തുടക്കം തകർന്ന ഇന്ത്യയ്ക്ക് മധ്യനിര രക്ഷയായപ്പോൾ 266 റൺസ് വിജയലക്ഷ്യമാണ് ടീം വെസ്റ്റിൻഡീസിന് മുന്നിൽ വെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ കൃത്യം 50 ഓവറിൽ 265 റൺസിന് ഓൾഔട്ടായി.ആദ്യ 10 ഓവറുകൾക്കുള്ളിൽ 42 റൺസിനിടെ ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോലി (0), ശിഖർ ധവാൻ (10) എന്നിവരെ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - ഋഷഭ് പന്ത് കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. അർധ സെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

111 പന്തിൽ നിന്ന് ഒമ്പത് ഫോറടക്കം 80 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. പന്ത് 54 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 56 റൺസെടുത്ത് പുറത്തായി. ഇവർക്ക് ശേഷം വാലറ്റത്ത് 38 പന്തിൽ നിന്ന് രണ്ടു സിക്‌സും നാല് ഫോറുമടക്കം 38 റൺസെടുത്ത ദീപക് ചാഹറും 34 പന്തിൽ നിന്ന് 33 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ 250 കടത്തിയത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 53 റൺസ് ഇന്ത്യൻ സ്‌കോറിലേക്ക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ സൂര്യകുമാർ യാദവിന് (6) ഈ മത്സരത്തിൽ മികവിലേക്കുയരാൻ സാധിച്ചില്ല. ഇന്നിങ്‌സിന്റെ അവസാന പന്തിൽ മുഹമ്മദ് സിറാജിനെ (4) പുറത്താക്കി ജേസൺ ഹോൾഡർ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു.വിൻഡീസിനായി ജേസൺ ഹോൾഡർ മൂന്നും അൽസാരി ജോസഫ്, ഹെയ്ഡൻ വാൽഷ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.