കൊൽക്കത്ത: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ വിൻഡിസിന് എതിരായ ട്വന്റി20 പരമ്പരക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. രാത്രി 7 മണിക്ക് ഈഡൻ ഗാർഡനിലാണ് ട്വന്റി20 പോര്.

കെഎൽ രാഹുലിന്റെ അഭാവത്തിൽ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. ഈ വർഷത്തെ ട്വന്റി20 ലോകകപ്പ് മുൻപിൽ കണ്ട് അതിനുള്ള ഒരുക്കങ്ങൾ ഇന്ത്യ ഇവിടെ തുടങ്ങും. വിരാട് കോഹ് ലിയുടെ ഫോം ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു ഒന്ന്. ട്വന്റി20യിൽ കോഹ് ലി കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏകദിനത്തിൽ വിൻഡിസ് കൂപ്പുകുത്തിയെങ്കിലും ട്വന്റി20യിൽ അവരെ എഴുതി തള്ളാനാവില്ല. ട്വന്റി20യാണ് വിൻഡിസിന്റെ ഇഷ്ട ഫോർമാറ്റ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന ഫലത്തിന് പിന്നാലെ ഉയർത്തെഴുന്നേൽപ്പാണ് അവരും ലക്ഷ്യമിടുന്നത്.

പരിക്കേറ്റ വാഷിങ്ടൺ സുന്ദറും ട്വന്റി20ക്കില്ല. പകരം കുൽദീപ് യാദവിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്. രാഹുലിന്റെ അഭാവത്തിൽ രോഹിത്തിനൊപ്പം ആര് ഇന്നിങ്സ് ഓപ്പൺ ചെയ്യും എന്നതും ചോദ്യമാണ്. ഇഷാൻ കിഷനാണ് സാധ്യത. ഋതുരാജ് ഗയ്കവാദും അവസരം കാത്ത് നിൽപ്പുണ്ട്.

ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത്, ഇഷാൻ, കോഹ് ലി, പന്ത്, സൂര്യകുമാർ, ശ്രേയസ് അയ്യർ, ഹർഷൽ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ചഹ7ൽ, ആവേശ് ഖാൻ

വിൻഡിസ് സാധ്യത 11: കയിൽ മെയേഴ്സ്, ബ്രണ്ടൻ കിങ്, നിക്കോളാസ് പൂരൻ, പൊള്ളാർഡ്, പവൽ, ഹോൾഡർ, റൊമാരിയോ ഷെഫേർഡ്, ഫാബിയാൻ അലൻ, ഓഡീൻ സ്മിത്ത്, അക്കിൽ ഹൊസെയ്ൻ, കോട്രൽ