മുംബൈ: അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട20 പരമ്പര തിരുവനന്തപുരം ഉൾപ്പെടെ ആറ് വേദികൾക്ക് പകരം രണ്ട് വേദികളിൽ മാത്രമായി പരിമിതപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പടരുന്ന പശ്ചാത്തലത്തിൽ ഏകദിന, ടി20 പരമ്പര അഹമ്മദാബാദ് കൊൽക്കത്ത എന്നിവിടങ്ങളിൽ മാത്രമായി പരിമിതപ്പെടുത്താനാണ് ബിസിസിഐ ആലോചിക്കുന്നതെന്ന് ക്രിക്ക് ഇൻഫോ റിപ്പോർട്ട് ചെയ്തു.

ഫെബ്രുവരി, 12-13 തീയതികളിൽ ബംഗലൂരുവിൽ ഐപിഎൽ മെഗാ താരലേലം നടക്കുന്നതിനാൽ ഫെബ്രുവരി 12ന് നടക്കേണ്ട മൂന്നാം ഏകദിന മത്സരത്തിന്റെ തീയതിയിൽ ചെറിയ മാറ്റം വരുത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഫെബ്രുവരി ആറിന് അഹമ്മദാബാദിൽ നടക്കുന്ന ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

ഫെബ്രുവരി ഒമ്പതിന് ജയ്പൂർ, 12ന് കൊൽക്കത്ത എന്നീ വേദികളിലാണ് ഏകദിനങ്ങൾ നടക്കേണ്ടത്. ടി20 പരമ്പരയിലെ മത്സരങ്ങൾ ഫെബ്രുവരി 15ന് കട്ടക്ക്, ഫെബ്രുവരി 18ന് വിശാഖപട്ടണം, ഫെബ്രുവരി 20ന് തിരുവനന്തപുരം എന്നിവിടങ്ങളിലും നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിസിസിഐ വേദികൾ രണ്ടെണ്ണമായി കുറക്കാനൊരുങ്ങുന്നത്. കേരളത്തിൽ പ്രത്യേകിച്ച് തലസ്ഥാന ജില്ലയിൽ കോവിഡ് കേസുകൾ വീണ്ടും ക്രമാതീതതമായി ഉയരുന്നതും അവസാന ടി20 മത്സരം നടക്കേണ്ട തിരുവനന്തപുരം വേദി നഷ്ടമാകാൻ കാരണമായേക്കും.