- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു; സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ച് പ്രിയ

ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം പ്രിയ പുനിയയുടെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
സോഷ്യൽ മീഡിയയിലൂടെ പ്രിയ തന്നെയാണ് അമ്മയുടെ മരണ വിവരം അറിയിച്ചത്. കൊറോണ വൈറസ് ഏറെ അപകടകാരിയാണെന്ന് കുറിച്ച പ്രിയ നിയമങ്ങൾ പാലിക്കണമെന്നും രോഗത്തിനെതിരേ മുൻകരുതലെടുക്കണമെന്നും കൂട്ടിച്ചേർത്തു.
എല്ലായ്‌പ്പോഴും കരുത്തയായിരിക്കണമെന്ന് അമ്മ പറയാറുള്ളതിന്റെ അർത്ഥം ഇന്നാണ് എനിക്ക് മനസിലായത്. ഒരു ദിവസം നിങ്ങളില്ലാത്തതിന്റെ നഷ്ടം സഹിക്കാനുള്ള കരുത്ത് ഞാൻ നേടണമെന്നായിരുന്നു അമ്മ പറഞ്ഞിരുന്നത്. എത്ര അകലെയായാലും അമ്മ എന്നും എന്റെ അരികെയുണ്ടാകും. എന്റെ മാർഗദർശിയായ അമ്മയെ ഞാനെന്നും സ്‌നേഹിക്കുന്നു. ജീവിതത്തിൽ ചില യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. പക്ഷെ താങ്കളുടെ ഓർമകൾ ഒരിക്കലും മറക്കില്ല-അമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
ഇന്ത്യൻ ടീമിൽ പ്രിയയുടെ സഹതാരമായിരുന്ന വേദ കൃഷ്ണമൂർത്തിയുടെ മാതാവും സഹോദരിയും അടുത്തകാലത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ പുരുഷ ടീം അംഗങ്ങളായിരുന്ന പിയൂഷ് ചൗളയുടെ പിതാവും ആർ പി സിംഗിന്റെ പിതാവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
2019 ൽ ഇന്ത്യക്കായി അരങ്ങേറിയ പ്രിയ പൂനിയ അഞ്ച് ഏകദിനങ്ങളിലും മൂന്ന് ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. അടുത്ത മാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും പ്രിയ പൂനിയ ഇടം നേടിയിരുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് പ്രിയ. പര്യടനത്തിനുള്ള ടീം അംഗങ്ങൾ 19-ാം തീയതി മുംബൈയിൽ എത്തേണ്ടതുണ്ട്.


