ക്രൈസ്റ്റ് ചർച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ (കഇഇ ണീാലി െണീൃഹറ ഈു 2022) അവസാന ഓവറിലെ ആവേശപ്പോരിനൊടുവിൽ ദക്ഷിണാഫ്രിക്കയോട് (ടഅണ) മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടൂർണമെന്റിൽ നിന്ന് മടക്കം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യൻ വനിതകൾ (കചഉണ) മുന്നോട്ടുവെച്ച 275 റൺസ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ നേടി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. സ്‌കോർ: ഇന്ത്യ-274/7 (50), ദക്ഷിണാഫ്രിക്ക-275/7 (50). അവസാന ഓവറിലെ അഞ്ചാം പന്തിൽ നോബോൾ പിറന്നതാണ് ഇന്ത്യൻ പ്രതീക്ഷകൾ തകിടംമറിച്ചത്.

മറുപടി ബാറ്റിംഗിൽ ഓപ്പണർ ലിസ്ലീ ലീയെ ആറ് റൺസിൽ നഷ്ടമായെങ്കിലും സഹ ഓപ്പണർ ലോറ വോൾവർട്ടിന്റെ തകർപ്പൻ അർധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം നൽകി. ലോറെ 79 പന്തിൽ നിന്ന് 11 ബൗണ്ടറികൾ സഹിതം 80 റൺസെടുത്തു. ലാറ ഗുഡോൺ 49 ഉം സുൻ ലസ് 22 ഉം മാരീസാൻ കാപ്പ് 32 ഉം റൺസെടുത്ത് പുറത്തായപ്പോൾ മിഗ്നൻ ഡു പ്രീസിന്റെ അർധ സെഞ്ചുറി പ്രോട്ടീസ് വനിതകൾക്ക് പ്രതീക്ഷയായി.

ദീപ്തി ശർമ്മയെറിഞ്ഞ അവസാന ഓവറിൽ ഏഴ് റൺസാണ് ജയിക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ ഒരു റൺ പിറന്നപ്പോൾ രണ്ടാം പന്തിൽ ത്രിഷ(7) റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളിൽ ഓരോ റൺ വീതം പിറന്നപ്പോൾ അഞ്ചാം പന്ത് നാടകീയമായി. പ്രീസ് ഹർമന്റെ ക്യാച്ചിൽ പുറത്തായെങ്കിലും അംപയർ നോബോൾ വിളിച്ചു. അടുത്ത രണ്ട് പന്തുകളിൽ സിംഗിളുകൾ നേടി പ്രോട്ടീസ് സെമിയിലെത്തി. പ്രീസ് 52 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്മൃതി മന്ഥാന, ഷെഫാലി വർമ്മ, മിതാലി രാജ്, ഹർമൻപ്രീത് കൗർ എന്നിവരുടെ ബാറ്റിങ് കരുത്തിൽ 50 ഓവറിൽ ഏഴ് വിക്കറ്റിന് 274 റൺസെടുത്തു.

ഓപ്പണർമാരായ സ്മൃതി മന്ഥാനയും ഷെഫാലി വർമ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 15 ഓവറിൽ 91 റൺസ് ചേർത്തു. 46 പന്തിൽ 53 റൺസെടുത്ത ഷെഫാലിയെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ മൂന്നാം നമ്പറുകാരി യാസ്തിക ഭാട്യ മൂന്ന് പന്തിൽ രണ്ട് റൺസുമായി മടങ്ങി. എന്നാൽ സ്മൃതിയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ മിതാലി രാജ് സ്‌കോർ 150 കടത്തി. ഈ കൂട്ടുകെട്ട് 32-ാം ഓവർ വരെ നീണ്ടുനിന്നു.

84 പന്തിൽ ആറ് ഫോറും ഒരു സിക്സറുമായി 71 റൺസുണ്ടായിരുന്നു പുറത്താകുമ്പോൾ സ്മൃതി മന്ഥാനയ്ക്ക്. മിതാലിയാവട്ടെ 84 പന്തിൽ എട്ട് ബൗണ്ടറികളോടെ 68 റൺസ് നേടി. 45-ാം ഓവറിൽ പൂജ വസ്ത്രകറിനെ(3) നഷ്ടമായത് തിരിച്ചടിയായി. അവസാന ഓവറുകളിൽ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹർമൻപ്രീത് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. ഹർമൻ 57 പന്തിൽ 48 ഉം റിച്ച 13 പന്തിൽ 8 ഉം റൺസെടുത്ത് പുറത്തായി. സ്നേഹ റാണയും(1*), ദീപ്തി ശർമ്മയും(2*) പുറത്താകാതെ നിന്നു.