ഫ്‌ളോറിഡ: അക്ഷർ പട്ടേലും കുൽദീപ് യാദവും രവി ബിഷ്ണോയിയും അടങ്ങിയ സ്പിൻ ത്രിമൂർത്തികൾ തിളങ്ങിയ അഞ്ചാം ട്വന്റി 20-യിൽ വെസ്റ്റിൻഡീസിനെ 88 റൺസിന് തകർത്ത് ഇന്ത്യ. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചയിച്ച 189 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന്റെ ഇന്നിങ്‌സ് 100 റൺസിന് അവസാനിച്ചു.

സ്‌കോർ: ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റിന് 188, വെസ്റ്റിൻഡീസ് 15.4 ഓവറിൽ 100ന് പുറത്ത്. 3 ഓവറിൽ 15 റൺ വഴങ്ങി വിൻഡീസിന്റെ ആദ്യ 3 വിക്കറ്റെടുത്ത അക്ഷർ പട്ടേലാണ് പ്ലെയർ ഓഫ് ദ് മാച്ച്. പ്ലെയർ ഓഫ് ദ് സീരിസ് അർഷ്ദീപ് സിങ്.

ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 15.4 ഓവറിൽ 100 റൺസിന് ഓൾഔട്ടായി. 35 പന്തിൽ നിന്ന് നാലു സിക്സും അഞ്ച് ഫോറുമടക്കം 56 റൺസെടുത്ത ഷിംറോൺ ഹെറ്റ്മയറിന് മാത്രമാണ് ഇന്ത്യൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായത്. ഹെറ്റ്മയറെ കൂടാതെ ഷമാർ ബ്രൂക്ക്സ് (13), ഡെവോൺ തോമസ് (10) എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്ന താരങ്ങൾ. ക്യാപ്റ്റൻ നിക്കോളാസ് പുരൻ (3), റോവ്മാൻ പവൽ (9) എന്നിവർക്കും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല.

10 വിക്കറ്റും പങ്കുവെച്ച ഇന്ത്യൻ സ്പിന്നർമാരാണ് വിൻഡീസിനെ തകർത്തത്. അക്ഷർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കുൽദീപ് നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. 2.4 ഓവർ മാത്രമെറിഞ്ഞ രവി ബിഷ്ണോയ് 16 റൺസിന് നാലു പേരെ പുറത്താക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 188 റൺസെടുത്തത്. അർധ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 40 പന്തുകൾ നേരിട്ട ശ്രേയസ് രണ്ട് സിക്സും എട്ട് ഫോറുമടക്കം 64 റൺസെടുത്തു. 25 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 38 റൺസെടുത്ത ദീപക് ഹൂഡയും ടീമിനായി തിളങ്ങി.

ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, ഭുവനേശ്വർ കുമാർ എന്നിവർക്കു വിശ്രമം അനുവദിച്ച ഇന്ത്യയെ ഹാർദിക് പാണ്ഡ്യയാണ് നയിച്ചത്. ഇഷാൻ കിഷനൊപ്പം(13 പന്തിൽ 11) ഓപ്പണറായി ഇറങ്ങിയ ശ്രേയസ് 40 പന്തിൽ 64 റൺസ് അടിച്ചെടുത്തു. 38 റൺസെടുത്ത ദീപക് ഹൂഡയും 28 റൺസ് നേടിയ ഹാർദിക്കും ഇന്ത്യൻ ഇന്നിങ്‌സിനു കരുത്തു പകർന്നു.

സിംബാവേയിലേക്കുള്ള പര്യടനമാണ് ടീം ഇന്ത്യയെ ഇനി കാത്തിരിക്കുന്നത്.ഒപ്പം ഏഷ്യാകപ്പിനുള്ള ടീമിനെയും ഇന്ന് പ്രഖ്യാപിക്കും