- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആവേശം അവസാന പന്തുവരെ; ഒന്നാം ഏകദിനത്തിൽ വെസ്റ്റ്ഇൻഡീസിനെ മൂന്നൂ റൺസിന് കീഴടക്കി ഇന്ത്യക്ക് വിജയത്തുടക്കം; ഇന്ത്യക്ക് തുണയായത് മുഹമ്മദ് സിറാജിന്റെ അവസാന ഓവറിലെ കൃത്യതയാർന്ന ബൗളിങ്ങ്; പരമ്പരയിൽ ഇന്ത്യ 1- 0 മുന്നിൽ

പോർട് ഓഫ് സ്പെയിൻ: അവസാന പന്ത് വരെ ആവേശം നിലനിന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ മൂന്ന് റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 309 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.സ്‌കോർ: ഇന്ത്യ 50 ഓവറിൽ 7ന് 308. വെസ്റ്റിൻഡീസ് 50 ഓവറിൽ 6ന് 305. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 10ന് മുന്നിലെത്തി.
308 റൺസ് നേടിയതിന്റെ ആശ്വാസത്തിൽ ബോളിങ്ങിനിറങ്ങിയ ഇന്ത്യയെ വിറപ്പിച്ചശേഷമാണ് വിൻഡീസ് കീഴടങ്ങിയത്.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയ്‌ക്കെതിരെ ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച വെസ്റ്റിൻഡീസ് വിജയത്തിനടുത്തുവരെയെത്തിയിരുന്നു.അവസാന ഓവറിൽ 15 റൺസായിരുന്നു ആതിഥേയരുടെ വിജയലക്ഷ്യം. എന്നാൽ കൃത്യതയോടെ പന്തെറിഞ്ഞ മുഹമ്മദ് സിറാജ് വിൻഡീസിനും വിജയത്തിനുമിടയിൽ മതിലുകെട്ടി. അവസാന ഓവറിൽ സിറാജ് വിട്ടുനൽകിയത് 11 റൺസ് മാത്രം.
ഓപ്പണർ കൈൽ മെയേഴ്‌സിന്റെ ഉജ്വല അർധ സെഞ്ചറി (75) അവർക്കു മികച്ച തുടക്കം നൽകി. മധ്യനിരയിൽ ബ്രണ്ടൻ കിങ്ങും (54) തിളങ്ങി. അവസാന 10 ഓവറിൽ ജയിക്കാൻ 90 റൺസ് വേണ്ടിയിരുന്ന വിൻഡീസിന് വിജയപ്രതീക്ഷ നൽകിയത് റൊമാരിയോ ഷെപ്പേർഡ് (39 നോട്ടൗട്ട്), അകീൽ ഹുസൈൻ (33 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങാണ്.ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ശാർദുൽ താക്കൂർ, യൂസ്വേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.
നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ ധവാനും ഗില്ലും ചേർന്നു നൽകിയത് മികച്ച തുടക്കം. ആദ്യ 7 ഓവറിൽ 50 കടന്ന ഇന്ത്യൻ ടീം സ്‌കോർ പതിനാലാം ഓവറിൽ 100 പിന്നിട്ടു. ധവാൻ തുടക്കത്തിൽ പതുങ്ങിനിന്നപ്പോൾ ആഞ്ഞടിച്ച ശുഭ്മൻ ഗിൽ 36 പന്തിൽ അർധ സെഞ്ചറി തികച്ചു. 18ാം ഓവറിൽ ഗിൽ പുറത്താകുമ്പോഴേക്കും ഒന്നാംവിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടിയിരുന്നു.
രണ്ടാം വിക്കറ്റിൽ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് ധവാൻ സ്‌കോറുയർത്തി. ഏകദിനത്തിലെ തന്റെ 18ാം സെഞ്ചറിയിലേക്കു നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ പക്ഷേ 3 റൺസ് അകലെ വീണു. 99 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 97 റൺസാണ് ധവാൻ നേടിയത്.35 ഓവറിൽ 225 റൺസ് നേടിയ ഇന്ത്യൻ സ്‌കോർ 350 കടക്കുമെന്നു കരുതിയെങ്കിലും ധവാൻ പുറത്തായതിനു പിന്നാലെ റൺറേറ്റ് താഴ്ന്നു.ഗുഡകേഷ് മോട്ടിയാണ് ധവാനെ പുറത്താക്കിയത്.അർഹിച്ച സെഞ്ചുറി ധവാന് നഷ്ടമായി. മോട്ടിയുടെ പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച ധവാനെ ഷമാർ ബ്രൂക്സ് മികച്ച ക്യാച്ചിലൂടെ പുറത്താക്കി.
ധവാന് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. സൂര്യകുമാറിനൊപ്പം ടീം സ്‌കോർ ഉയർത്താൻ ശ്രേയസ് ശ്രമിച്ചു. താരം അർധസെഞ്ചുറി നേടുകയും ചെയ്തു. എന്നാൽ അർധസെഞ്ചുറിക്ക് പിന്നാലെ ശ്രേയസ് മടങ്ങി. 57 പന്തുകളിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 54 റൺസെടുത്ത ശ്രേയസിനെ ഗുഡകേഷ് മോട്ടിയുടെ പന്തിൽ നിക്കോളാസ് പൂരൻ തകർപ്പൻ ക്യാച്ചെടുത്ത് പുറത്താക്കി. ധവാൻ പുറത്തായ ഉടൻ തന്നെ ശ്രേയസും മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
ശ്രേയസിന് പകരം മലയാളിതാരം സഞ്ജു സാംസൺ ക്രീസിലെത്തി.സൂര്യകുമാറും സഞ്ജുവും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്താനായി ശ്രമിച്ചെങ്കിലും ഈ കൂട്ടുകെട്ട് വിജയിച്ചില്ല. 13 റൺസെടുത്ത സൂര്യകുമാറിനെ അകിയൽ ഹൊസെയ്ൻ ബൗൾഡാക്കി. സൂര്യകുമാറിന്റെ ബാറ്റിൽ തട്ടി പന്ത് വിക്കറ്റ് പിഴുതു. സഞ്ജു സാംസൺ 12, ദീപക് ഹൂഡ 27, അക്‌സർ പട്ടേൽ 21 റൺസ് നേടി. പുറത്താകാതെ ശാർദുൽ താക്കൂർ 7, മുഹമ്മദ് സിറാജ് 1 റൺസും നേടി.


