ജലന്ധർ: പൗരാണിക കാലത്തും വിമാനവും മിസൈൽ സാങ്കേതിക വിദ്യയും ?. പറഞ്ഞാൽ തമാശയെന്ന് തോന്നുമെങ്കിലും ആയിരക്കണക്കിന് വർഷം മുൻപും ശാസ്ത്ര സാങ്കേതിക വിദ്യ നിലനിന്നിരുന്നുവെന്നാണ് ആന്ധ്ര സർവകലാശാലാ വൈസ് ചാൻസിലർ ജി. നാഗേശ്വര റാവു പറയുന്നത്. ജലന്ധറിൽ നടന്ന ഇന്ത്യൻ സയൻസ് കോൺഗ്രസിൽ റാവു പങ്കുവയ്ച്ചത് നമ്മെ ഏറെ വിസ്മയിപ്പിക്കുന്ന കാര്യങ്ങളാണ്. മൂലകോശ ഗവേഷണം, ടെസ്റ്റ് ട്യൂബ് കോശ സങ്കലനം, മിസൈൽ വിക്ഷേപണം എന്നീ മേഖലയിൽ പുരാണ കാലയളവിലുണ്ടായിരുന്നവർക്ക് ആഴത്തിലുള്ള അറിവുണ്ടായിരുന്നെന്നും ഇതാണ് രാമായണവും മഹാഭാരതവും വ്യക്തമാക്കുന്നതെന്നും റാവു പറയുന്നു.

ടെസ്റ്റ് ട്യൂബ് ശിശുക്കളെ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ നില നിന്നതിന്റെ ഉദാഹരണമാണ് നൂറ് കൗരവർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരക്കണക്കിന് കൊല്ലങ്ങൾക്ക് മുമ്പ് നടന്ന കാര്യം ശാസ്ത്രമേഖലയിൽ ഭാരതത്തിനുണ്ടായിരുന്ന അറിവാണ് വിളിച്ചോതുന്നതെന്നും നാഗേശ്വരറാവു പറഞ്ഞു. 100 മൺഭരണികളിൽ നിന്ന് നൂറ് കുട്ടികളുണ്ടായത് ടെസ്റ്റ് ട്യൂബ് ശിശുക്കൾ ഉണ്ടാകുന്നതു പോലെയല്ലേയെന്നും റാവു ചോദിച്ചു.രാമായണത്തിലെ കഥകൾ പരിശോധിച്ചാൽ രാമന് പല തരത്തിലുള്ള അസ്ത്ര വിദ്യകളും വശമുണ്ടായിരുന്നതായി പറയുന്നുണ്ട്.

രാമായണ കാലത്തും മിസൈൽ സാങ്കേതിക വിദ്യ ഇന്ത്യക്കാർക്ക് വശമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഉന്നം പിഴക്കാത്ത രാമന്റെ അസ്ത്രങ്ങളെന്നും റാവു പറഞ്ഞു. ഇതൊക്കെ കൂടാതെ രാവണന്റെ പക്കൽ 24 തരത്തിലുള്ള വിമാനങ്ങളുണ്ടായിരുന്നുവെന്നും ലങ്കയിൽ നിരവധി വിമാനത്താവളങ്ങളുണ്ടായിരുന്നുവെന്നും റാവു കൂട്ടിച്ചേർത്തു.