- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഫാൽ ഇടപാട് : മുഖ്യരേഖകൾ പരീഖറിന്റെ കിടപ്പുമുറിയിലുണ്ടെന്നു പറയുന്ന ഓഡിയോ ടേപ്പ് പുറത്ത് വിട്ട് കോൺഗ്രസ് ! കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ട് ; ഈ ഫയലുകളാണ് പരീഖറുടെ കൈവശമുള്ളതെന്നും അതെന്തിനാണ് ബിജെപി മറച്ചു വെക്കുന്നതെന്നും കോൺഗ്രസ് വക്താവ് സുർജേവാല
പനാജി: റഫാൽ ഇടപാട് വിവാദം കത്തി നിൽക്കേ ബിജെപിക്കെതിരെ പുത്തൻ വജ്രായുധവുമായി കോൺഗ്രസ്. ഇടപാടുമായി ബന്ധപ്പെട്ട് ഗോവയിലുള്ള മന്ത്രിയുടേതെന്ന് അവകാശപ്പെട്ടുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ടാണ് ബിജെപിക്കെതിരെ കോൺഗ്രസ് പടയൊരുക്കം നടത്തുന്നത്. ഗോവ മുഖ്യമന്ത്രിയും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ മനോഹർ പരീഖറിന്റെ കിടപ്പുമുറിയിൽ റഫാലുമായി ബന്ധപ്പെട്ട മുഖ്യരേഖകൾ ഉണ്ടെന്നാണ് ശബ്ദസന്ദേശത്തിലുള്ള പ്രധാന വിവരം. മന്ത്രി വിശ്വജിത്ത് റാണെയുടെ ശബ്ദമാണ് ക്ലിപ്പിലുള്ളതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപി നേതൃത്വം സംയുക്ത പാർലമെന്ററി സമിതിയുടെ അന്വേഷണത്തെ പേടിക്കുന്നതിനുള്ള കാരണമിതാണെന്നും കോൺഗ്രസ് ആരോപിക്കുന്നു.
മനോഹർ പരീക്കർ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ് റഫാൽ കരാർ ഒപ്പിടുന്നത്. പിന്നീട് ഗോവ മുഖ്യമന്ത്രിയായി ചുമതലയേറ്റ പരീക്കർ ഇപ്പോർ അസുഖ ബാധിതനായി ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ റഫാലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകൾ തന്റെ ഫ്ളാറ്റിലാണന്നും അതിനാൽ തന്നെ ആർക്കും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞാതായാണ് കോൺഗ്രസ് ആരോപണം.
ഇക്കാര്യം ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ മറ്റൊരാളോട് വെളിപ്പെടുത്തുന്നതായ ശബ്ദരേഖയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്താസമ്മേളനം നടത്തിയാണ് ഓഡിയോ ടേപ്പ് പുറത്തിവിട്ടത്. ശബ്ദരേഖയിൽ റഫാലുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തന്റെ കിടപ്പുമുറിയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതായി റാണേ കൂടെയുള്ളയാളോട് പറയുന്നു. കൂടെയുള്ള വ്യക്തി താങ്കളെന്താണ് പറയുന്നത് എന്ന് ചോദിക്കുമ്പോൾ റാണേ മന്ത്രിസഭയുമായി അടുപ്പമുള്ള ആരോട് ചോദിച്ചാലും താങ്കൾക്ക് ഇക്കാര്യം മനസ്സിലാക്കാനാകുമെന്ന് പറയുന്നു.
വിലപേശാനായി ചിലത് മുഖ്യമന്ത്രിയുടെ കയ്യിലുണ്ടെന്നുള്ളതിന്റെ തെളിവാണെന്നും റാണേ പറയുന്നു.'റഫാലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടെ കൈവശം ഉണ്ട്. കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും തിരിമറികളുണ്ടായിട്ടുണ്ട്. ഈ ഫയലുകളാണ് പരീക്കറുടെ കൈവശമുള്ളത്. അവ എന്തിനാണ് ബിജെപി മറച്ചുവെക്കുന്നത്. ഞങ്ങൾക്ക് സത്യം അറിയണം' - കോൺഗ്രസ് വക്താവ് സുർജേവാല ആരോപിച്ചു. എന്തായാലും റഫാലിലെ ഈ പുതിയ വഴിത്തിരിവ് പാർലമെന്റിനെ സംഘർഷഭരിതമാക്കുമെന്ന് ഉറപ്പാണ്. പാർലമെന്റിൽ റഫാലിൽ ഇന്ന് ചർച്ചനടക്കാനിരിക്കെയാണ് ടേപ്പ് പുറത്തുവന്നിരിക്കുന്നത്
മറുനാടന് ഡെസ്ക്